Sports

അനീതിയുടെ ചൂണ്ടുവിരൽ | Sachin Vs Bucknor | The Spin Ep-19 | The Cue

നീതിപുസ്തകങ്ങൾ കടലെടുക്കുന്ന നാളുകളിൽ ഭൂമിക്ക് മുകളിൽ അശാന്തിയുടെ ശ്യാമമേഘങ്ങൾ ഉരുണ്ടുകൂടിക്കിടക്കും. ആ ദിവസങ്ങളിൽ ഈ ഭൂമിയിൽ നീതിനിരാസത്തിന്റെ കൈപ്പുനീർ കുടിച്ച് മനുഷ്യർ നിസ്സഹായരാകും. അങ്ങനെയൊരു ദിവസം, അനീതി പെയ്തിറങ്ങിയ ഒരു ക്രിക്കറ്റ് മൈതാനത്ത് നിസ്സഹായനായി നിന്നത് ഇതിഹാസതാരം സച്ചിനായിരുന്നു. അയാൾക്ക് മുന്നിൽ ക്രൂര മന്ദഹാസത്തോടെ ചൂണ്ടുവിരലുയർത്തി നിന്നത് സ്റ്റീവ് ബക്ക്നർ എന്ന അമ്പയറായിരുന്നു. ബധിരമായ, അന്ധമായ, അമംഗളമായ തീർപ്പിലൂടെ അയാൾ സച്ചിനെന്ന ബാറ്ററെ അന്യായമായി നാടുകടത്തി. കലഹിക്കാൻ നിൽക്കാതെ, മരണത്തിനൊപ്പമെന്ന പോലെ സച്ചിൻ തിരിച്ച് നടക്കുമ്പോൾ എതിരാളികൾക്ക് ആഘോഷരാവായിരുന്നു. അയാളോ? അന്യായവിധിയുടെ നോവും നീറ്റലും ഒരു മുൾക്കിരീടമായി സ്വയമെടുത്തണിഞ്ഞു. അയാളുടെ ആശ മരവിച്ച നടപ്പ് കണ്ട് കണ്ടുനിൽക്കുന്ന കാണികൾ ചോദിച്ചിരിക്കും, അല്ലയോ ഞങ്ങളുടെ രാജാവേ, എത്ര വെള്ളിക്കാശിനാണ് വിധി അങ്ങയെ ഒറ്റിയത് എന്ന്.

2003 ഡിസംബറിലായിരുന്നു സ്റ്റീവ് ബക്ക്നറുടെ ആ വിരൽ നീതിബോധത്തിന്റെ സകല സീമകളെയും ഭേദിച്ച് കൊണ്ട് ആദ്യം സച്ചിന്റെ മുന്നിൽ ഉയർത്തപ്പെട്ടത്. സെവാഗിനെയും ദ്രാവിഡിനെയും നഷ്ടപ്പെട്ട് കരുത്തരായ ഓസ്‌ട്രേലിയയോട് 62 ന് 2 എന്ന നിലയിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ പകച്ചുനിൽക്കുന്ന സമയമാണത്. മരം പോലെ ഉറച്ച് നിന്ന് പ്രതിരോധിക്കേണ്ട സമയം. സച്ചിൻ ക്രീസിലെത്തി. നേരിട്ട മൂന്നാമത്തെ ബോൾ. ഗില്ലസ്പിയുടെ ആ ബോൾ, സ്റ്റമ്പിനേക്കാൾ ഉയരത്തിൽ പോകുമെന്ന് ഉറപ്പുള്ള ആ ബോൾ, സച്ചിൻ ബാറ്റുയർത്തി പാഡ് കൊണ്ട് പ്രതിരോധിച്ചു. വെറുതെയെങ്കിലും ഗില്ലസ്പി അപ്പീൽ ചെയ്തു. വെസ്റ്റ് ഇൻഡീസുകാരനായ സ്റ്റീവ് ബക്ക്‌നർക്ക് അത്രയൊക്കെ മതിയായിരുന്നു. അയാളുടെ നീതിപുസ്തകത്തിൽ സച്ചിനെ പുറത്താക്കാനുള്ള ചേരുവ വേണ്ടോളമായി. അയാൾ വിരലുയർത്തി സച്ചിനെന്ന ബാറ്റർക്ക് വധശിക്ഷ വിധിച്ചു. ആ വിരലിനറ്റത്ത് നീതിയെന്ന രണ്ടക്ഷരങ്ങൾ അപ്പോൾ ഗതികിട്ടാതെ തൂങ്ങിയാടുന്നുണ്ടായിരുന്നു.

അവിശ്വസനീയമായൊരു നോട്ടമായിരുന്നു സച്ചിനിൽ നിന്ന് ആദ്യമുണ്ടായത്. പിന്നെ പകച്ചൊരു നിൽപ്പും. കളി വിലയിരുത്തിക്കൊണ്ടിരുന്ന ടോണി ഗ്രെയ്ഗ് എന്ന കമന്റേറ്റർ വിളിച്ചുപറഞ്ഞത് ദാറ്റ് ഈസ് എ ഡ്രെഡ്ഫുൾ ഡിസിഷൻ എന്നായിരുന്നു. വല്ലാത്തൊരു തീരുമാനം എന്നായിരുന്നു. അയാളിൽ പോലും അമ്പരപ്പും ഞെട്ടലുമുണ്ടായിരുന്നു. വിധി പ്രസ്ഥാവിച്ച നീതിമാൻ പക്ഷെ ഗ്രൗണ്ടിൽ കൂസലില്ലാതെ നിന്നു. സച്ചിൻ അക്ഷോഭ്യനായി, സംപൂജ്യനായി, സർവത്ര നിരായുധനായി പവലിയനിലേക്ക് നടന്നു നീങ്ങി. കഴിവും പ്രാപ്തിയുമുള്ളൊരാൾ, ഏത് പ്രതാപിയോടും പോരാടുമെന്ന് ഉറപ്പുള്ളൊരാൾ, നങ്കൂരമിടാനും നാശം വിതയ്ക്കാനും കെൽപ്പുള്ളൊരാൾ ഇങ്ങനെ നിസ്സഹായനായിപ്പോകുമ്പോൾ, നിഷ്ക്രിയനാക്കപ്പെടുമ്പോൾ ഇതിഹാസങ്ങൾ പോലും മരവിച്ചുപോകും. ആ മരവിപ്പ് ഗ്യാലറിയെ അനുതാപപൂർവം നിശ്ശബ്ദതയിലാഴ്ത്തി.

രാജ്യം മുഴുവൻ അയാൾക്കായി നെഞ്ചുരുക്കി കാത്തിരുന്നിട്ടും അയാൾ തോറ്റുപോയി. അല്ലെങ്കിൽ തോൽപ്പിക്കപ്പെട്ടു. ഇതിഹാസതുല്യരായ മനുഷ്യർ അങ്ങനെയൊക്കെയാണ് തോൽക്കുക. ചൂഷണം ചെയ്തും ചതിച്ചുമാണ് അവരെ വീഴ്ത്താനാവുക. നേർക്കുനേർ നിന്ന് തോൽപ്പിക്കാൻ നിങ്ങൾക്കൊരിക്കലും കഴിയാത്തതൊരുത്തനെ യുദ്ധനിയമങ്ങൾ കാറ്റിൽ പറത്തി മാത്രമേ നിങ്ങൾക്ക് കൊല്ലാൻ കഴിയൂ. ഏത് കൂരമ്പ് തറച്ചുള്ള നരകവേദനയും സഹിച്ച് നിൽക്കുമ്പോഴും തന്റെ ആദർശങ്ങളെ ബലി കഴിക്കാതെ അവർ നിവർന്ന് തന്നെ നിൽക്കും.

2005ൽ ഈഡൻ ഗാർഡനിലും ബക്ക്നർ ഇതുപോലെ തന്റെ അന്യായ വിധി കൊണ്ട് ഗ്യാലറിയെ നിശ്ശബ്ദമാക്കിയിട്ടുണ്ട്. പാകിസ്താനുമായുള്ള രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലായിരുന്നു അത്. ആ ഇന്നിങ്സിലെ രണ്ടാം ഓവറിൽ ഗംഭീറിനെയും നാലാം ഓവറിൽ സെവാഗിനെയും നഷ്ടപ്പെട്ട് നിൽക്കുന്ന ഇന്ത്യയെ അന്ന് സച്ചിനും ദ്രാവിഡും ചേർന്ന് മെല്ലെ കരകയറ്റുകയായിരുന്നു. സച്ചിൻ അർദ്ധസെഞ്ചുറി പിന്നിട്ട് നിൽക്കുന്ന സമയം, കൃത്യമായി പറഞ്ഞാൽ 90 പന്തുകളിൽ നിന്ന് 52 റൺസ് നേടി നിൽക്കുന്ന സമയം. മുപ്പത്തിരണ്ടാം ഓവർ എറിയുന്നത് പാകിസ്ഥാന്റെ അബുൽ റസാക്കായിരുന്നു. ആദ്യ പന്ത് ഡിഫൻഡ് ചെയ്ത സച്ചിൻ, രണ്ടാം പന്ത് കണക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് വിചാരിച്ചതിലേറെ ഓഫ് സൈഡിലേക്ക് ഡീവിയേറ്റ് ചെയ്യുകയാണുണ്ടായത്. ബാറ്റിൽ നിന്നും അകന്ന് പോയ പന്ത് കീപ്പർ കമ്രാൻ അക്മൽ ചാടിപ്പിടിച്ച് കയ്യിലൊതുക്കി. ഇനിയാണ് നാടകമാരംഭിക്കുന്നത്.

പന്ത് കൈപ്പിടിയിലൊതുക്കിയ കമ്രാൻ അക്മലിൽ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല. ചാടിപ്പിടിച്ച് ബൈ റൺ ഒഴിവാക്കിയതിന്റെ ഒരു ചാരിതാർഥ്യം മാത്രമുണ്ട്. സ്ലിപ്പിൽ നിന്നിരുന്ന ഫീൽഡർ ബാറ്റിലുരസാത്തത്തിൽ ഒന്ന് നിരാശപ്പെടും ചെയ്തു. അബ്ദുൽ റസാക്ക് മാത്രം ഒരു ആത്മനിർവൃതിക്ക് വേണ്ടി ഒരു അപ്പീൽ നടത്തി. ദുർബലമായ ഒരു അപ്പീൽ. ടെസ്റ്റിന്റേതായ ഒരു വിരസതയിൽ നിൽക്കുന്ന പാകിസ്താന്റെ സഹതാരങ്ങളൊക്കെ നിശബ്ദരായി തന്നെ നിൽക്കുകയായിരുന്നു. പക്ഷെ, അപ്പീൽ കേൾക്കുന്നത് സ്റ്റീവ് ബക്ക്നറാണല്ലോ, നീതിയോ ന്യായമോ ധർമമോ ബുദ്ധിയോ ബോധമോ ഒന്നും അവിടെ മുഖവിലക്കെടുക്കില്ല. തോന്നുന്നതാണ് നീതി, തോന്നുന്നതാണ് വിധിക്കുക. ബക്ക്നറിന് തോന്നി, അയാൾ വിധിച്ചു. ദുർബലമായ അപ്പീലിന്റെ അന്ത്യയാമങ്ങളിൽ ബക്ക്നറുടെ വിരൽ വായുവിൽ പൊങ്ങി. സച്ചിൻ ഔട്ട്.

നിരാശയോടെ, അടങ്ങാത്ത ആത്മസംഘർഷത്തോടെ, സച്ചിൻ തിരിച്ച് നടന്നു. ഇത് നെറികേടാണെന്ന് അയാൾക്ക് ഉറക്കെ വിളിച്ചുപറയണമെന്നുണ്ട്. ഉള്ളിൽ നിറഞ്ഞ് പൊട്ടുന്ന നീതിനിരാസത്തിന്റെ കുമിളകൾ അയാൾ ആവുന്നത്ര ഊതിക്കളഞ്ഞ് ശാന്തത അഭിനയിച്ച് നടന്നുകൊണ്ടിരുന്നു. ഗ്രൗണ്ടിൽ, അർഹിക്കാത്തത് ലഭിച്ചതിന്റെ ഒരു ജാള്യവുമില്ലാതെ റസാക്ക് ആഘോഷത്തോടെ ചിരിച്ചുല്ലസിക്കുന്നു. കമ്രാൻ അക്മലിലേക്ക് ഓടിച്ചെന്ന്, എന്തുകൊണ്ട് അപ്പീൽ ചെയ്തില്ലെന്ന് അയാൾ കുശുമ്പ് കുത്തുന്നു. സൂപ്പർ അമ്പയർ ബക്ക്നർ ഉത്സവപ്പറമ്പിൽ കപ്പലണ്ടി കൊറിച്ച് നടക്കുന്ന ചെറുപ്പക്കാരനെ പോലെ അങ്ങുമിങ്ങും നോക്കി അടുത്ത ഇരയ്ക്കായി കാത്തുനിൽക്കുന്നു. തന്റെ അസാധാരണ വിധി സച്ചിനെ മാത്രമല്ല, ഇന്ത്യൻ ആരാധകരെ മാത്രമല്ല, പാകിസ്താൻ താരങ്ങളെ പോലും അമ്പരപ്പിച്ചെന്ന ആഹ്ലാദം അയാളെ ഉന്മത്തനാക്കുന്നുണ്ടാവണം. ഒരു തരം മതിഭ്രമമാണത്. പവലയിനിലേക്ക് തിരിച്ച് നടക്കുന്ന സച്ചിൻ അന്ന് അക്ഷരാർത്ഥത്തിൽ നടന്ന് പുകയുന്ന ഒരു അഗ്നിപർവ്വതമായിരുന്നു. ഇനിയൊരു പ്രകോപനത്തിൽ അയാൾ ഒരുപക്ഷെ ഉഗ്രശേഷിയോടെ പൊട്ടിത്തെറിക്കുമായിരുന്നു.

ഗ്രൗണ്ടിൽ സച്ചിൽ അനീതി നേരിടുന്നത് സ്റ്റീവ് ബക്‌നറിൽ നിന്ന് മാത്രമൊന്നുമല്ല. എന്നിട്ടും ബക്ക്നർ കാണിച്ച അനീതിയെ എന്തുകൊണ്ടാണ് ആരാധകർ ഓർത്തുവെക്കുന്നത്. കാരണം, അയാൾ വിളിച്ച ഈ രണ്ട് ഔട്ടുകളും അത്രമേൽ വിസിബിൾ ആയിരുന്നു. ഒറ്റനോട്ടത്തിൽ തീർപ്പുകല്പിക്കാവുന്നത്ര എവിഡന്റും ആയിരുന്നു. ഡിസിഷൻ റിവ്യൂ സിസ്റ്റമില്ലാത്ത കാലത്ത്, അമ്പയറുടെ ഏത് തീരുമാനവും അന്തിമമായിരുന്ന കാലത്ത് ഈ അനീതികൾക്കുള്ള മറുപടി നിസ്സഹായതയോടെയുള്ള തിരിച്ചുനടത്തം മാത്രമായിരുന്നു. ബക്ക്നർ അനീതി പ്രവർത്തിച്ചത് സച്ചിനോട് മാത്രവുമല്ല. എങ്കിലും ഈ രണ്ട് ഔട്ടുകളിലൂടെ ബക്ക്‌നറെ ചരിത്രം അടയാളപ്പെടുത്തി.

വർഷങ്ങൾക്ക് ശേഷം സച്ചിനോട് അനീതി കാണിച്ചെന്ന് തുറന്ന് സമ്മതിച്ച ബക്ക്നർ പറഞ്ഞുവെച്ചത്, മനുഷ്യരല്ലേ തെറ്റുപറ്റില്ലേ എന്നാണ്. ആരാണ് തെറ്റായ തീരുമാനം അടിച്ചേൽപിച്ച് സ്വന്തം റെപ്പ്യൂട്ടേഷൻ കളയുക എന്നും ബക്ക്നർ ചോദിക്കുന്നുണ്ട്. മനുഷ്യരാണ്, തെറ്റുപറ്റാം. പക്ഷെ നിരന്തരം തെറ്റുകൾ പറ്റുന്നുണ്ടെങ്കിൽ അതിലെന്തോ കുഴപ്പമുണ്ട്. അതിലെന്തോ അസ്വാഭാവികതയുണ്ട്. നമ്മളോർക്കേണ്ടത്, രാജാവ് തോറ്റതല്ല, തോൽപ്പിച്ചാണ്. അയാൾ തേരുയർത്താൻ താഴെയിറങ്ങിയപ്പോൾ അമ്പെയ്ത് വീഴ്ത്തിയതാണ്. അയാളെ ചതിച്ച് ഇല്ലാതാക്കിയതാണ്.

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT