തന്റെ സിക്‌സര്‍ മുഖത്തുപതിച്ച ആരാധികയ്ക്ക് ഒപ്പുവച്ച തൊപ്പി സമ്മാനിച്ച് രോഹിത് ശര്‍മ. ഗ്യാലറിയില്‍ തൊട്ടുമുന്നിലുള്ളയാള്‍ ക്യാച്ചെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ പന്ത് മീനയുടെ മുഖത്ത് കൊള്ളുകയായിരുന്നു. യുവതിക്ക് നേരിയ തോതില്‍ മുഖത്ത് പരിക്കേറ്റു. ഇതറിഞ്ഞ രോഹിത് മത്സരശേഷം മീനയെ കാണുകയും തന്റെ ഒപ്പിട്ട തൊപ്പിനല്‍കുകയുമായിരുന്നു. ആരാധികയോടൊപ്പമുള്ള രോഹിത്തിന്റെ ചിത്രം ബിസിസിഐ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടു.
ഇതോടെ ചിത്രം ഷെയര്‍ ചെയ്ത്,രോഹിത്തിന്റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 92 പന്തില്‍ 104 റണ്‍സെടുത്ത രോഹിത് അഞ്ച് സിക്‌സറുകള്‍ പറത്തിയിരുന്നു. ഇതിലൊന്നാണ് ബിര്‍മ്മിങ്ഹാമിലെ ഗ്യാലറിയിലിരുന്ന ആരാധികയുടെ മുഖത്ത് കൊണ്ടത്. രോഹിത് 7 ബൗണ്ടറികളും നേടിയിരുന്നു. 28 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ലോകകപ്പില്‍ നാല് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി.
2003 ലെ ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് മറികടന്നത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിന് ഒപ്പവുമെത്തി. 4 തുടര്‍ച്ചയായ സെഞ്ച്വറികള്‍ നേടിയാണ് 2015 ല്‍ സംഗക്കാര റെക്കോര്‍ഡിട്ടത്. രോഹിത്തിന്റെ 26ാം സെഞ്ച്വറിയായിരുന്നു ഇത്. കെഎല്‍ രാഹുലുമായി ചേര്‍ന്ന് ഓപ്പണിങ്ങില്‍ 180 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.