Sports

പി ആര്‍ ശ്രീജേഷ്; ഇന്ത്യന്‍ ഹോക്കിക്ക് മലയാളത്തിന്റെ സംഭാവന

''പാരിസില്‍ അവസാന പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനവും ഇനി മുന്നോട്ട് പ്രതീക്ഷയുമാണു തോന്നുന്നത്. കുടുംബത്തിനും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും നന്ദിയുണ്ട്. എന്നെ വിശ്വസിച്ചതിനു നന്ദി. ഈ അധ്യായം അവസാനിപ്പിക്കുന്നു, പുതിയത് ആരംഭിക്കുകയായി.' ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വരികളാണിത്. കേരളം പോലെ ഹോക്കിക്ക് അത്ര സ്വാധീനമില്ലാത്ത നാട്ടില്‍ നിന്നെത്തി ഇത്രയും കാലം ദേശീയ ടീമിനായി കളിക്കാന്‍ കഴിഞ്ഞ മറ്റൊരു കളിക്കാരനുമില്ല. 2006 മുതല്‍ ഇന്ത്യക്കായി 328 മത്സരങ്ങളില്‍ ശ്രീജേഷ് ഗോള്‍കീപ്പറായി കളിക്കളത്തിലിറങ്ങി. പാരിസ് ഒളിമ്പിക്‌സോടെ ശ്രീജേഷ് കളമൊഴിയുമ്പോള്‍, ഉരുക്കുകോട്ട പോലെ ഇന്ത്യന്‍ ഗോള്‍വല കാത്ത്, നിര്‍ണ്ണായക മത്സരങ്ങളില്‍ ടീമിന്റെ നായകത്വം വഹിച്ച് ഇന്ത്യയുടെ യശസ്സിനെ വാനോമോളമുയര്‍ത്തിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് പിന്‍വാങ്ങുന്നത്.

സ്‌പോര്‍ട്‌സ് സ്വപ്നം കണ്ട് നടന്ന പന്ത്രണ്ടുകാരനായ പി ആര്‍ ശ്രീജേഷ് തിരുവനന്തപുരത്തെ ജിവി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ നിന്നാണ് ആരംഭിക്കുന്നത്. ലോങ്ജമ്പും വോളിബോളും ഇഷ്ട ഇനമായിരുന്ന ശ്രീജേഷിന് ഹോക്കി ടീം ഗോള്‍കീപ്പറായി പരിശീലനം നേടാന്‍ കോച്ച് ജയകുമാര്‍ നിര്‍ദേശം നല്‍കുന്നു. ഇതോടെയാണ് ശ്രീജിഷിന്റെ കരിയര്‍ തെളിയുന്നത്. സ്‌കൂള്‍ ടീമിനായി ആദ്യം കളിക്കളത്തില്‍, പിന്നീട് നെഹ്റു കപ്പില്‍. ശ്രീജേഷിലെ പ്രതിഭ തിരിച്ചറിഞ്ഞ പരിശീലകര്‍ കൃത്യമായ കരിയര്‍ റൂട്ട് നിര്‍ണയിച്ച് നല്‍കി. 2004ല്‍ ഓസ്ട്രേലിയയ്ക്കെതിരെ പെര്‍ത്തില്‍ നടന്ന മത്സരത്തിലാണ് ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ദേശീയ ടീമിലെത്തുന്നത്. 2006ല്‍ കൊളംബോയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ സീനിയര്‍ ദേശീയ ടീമില്‍ അരങ്ങേറ്റം. 2008 ജൂനിയര്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വിജയത്തെത്തുടര്‍ന്ന്, ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. ചൈനയിലെ ഓര്‍ഡോസ് സിറ്റിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയ 2013 ലെ ഏഷ്യാ കപ്പില്‍ പി ആര്‍ ശ്രീജേഷിന് രണ്ടാമത്തെ 'ബെസ്റ്റ് ഗോള്‍കീപ്പര്‍ ഓഫ് ദ ടൂര്‍ണമെന്റ്' അവാര്‍ഡ് ലഭിച്ചു.

ലണ്ടനില്‍ നടന്ന 2012 സമ്മര്‍ ഒളിമ്പിക്‌സിലും പിന്നീട് 2014 ലോകകപ്പിലും ഇന്ത്യക്കായി കളിച്ചു. 2014ല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പാകിസ്ഥാനെതിരെ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടുത്തിട്ട് രക്ഷകനായി, ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തില്‍ ശ്രീജേഷും തിളങ്ങി. 2016 ജൂലൈയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റു. 2016ല്‍ ലണ്ടനില്‍ നടന്ന 2016 പുരുഷ ഹോക്കി ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി മെഡല്‍ നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു.2016ല്‍ റിയോയില്‍ നടന്ന ഒളിമ്പിക്‌സില്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിനെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചു. 2021ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തി 41 വര്‍ഷത്തിന് ശേഷം ഇന്ത്യ വെങ്കലം നേടിയതില്‍ ശ്രീജേഷ് നിര്‍ണായക പങ്ക് വഹിച്ചു. 2014, 2018 ചാമ്പ്യന്‍സ് ട്രോഫികളില്‍ മികച്ച ഗോളിയായി തെരഞ്ഞെടുത്തു. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ ടീം, 2023ലെ ഏഷ്യന്‍ ചാമ്പ്യന്‍ ട്രോഫി ടീം, 2022ലെ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഗോള്‍ഡ് മെഡല്‍ ടീം എന്നിവയുടെ ഭാഗമായിരുന്നു ശ്രീജേഷ്. വിവിധ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ 16 അന്താരാഷ്ട്ര മെഡലുകള്‍ അദ്ദേഹം നേടി.

ഹോക്കി ഇന്ത്യ ലീഗിന്റെ ഉദ്ഘാടന സീസണിലെ ലേലത്തില്‍ ശ്രീജേഷിനെ 38,000 യുഎസ് ഡോളറിന് മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കി. അവരുടെ ടീമായ മുംബൈ മജീഷ്യന്‍സിനായി അദ്ദേഹം രണ്ട് സീസണുകള്‍ കളിച്ചു. 2014ല്‍, 69,000 യുഎസ് ഡോളറിന് ഉത്തര്‍പ്രദേശ് വിസാര്‍ഡ്‌സ് അദ്ദേഹത്തെ ടീമിന്റെ ഭാഗമാക്കി. 2021ല്‍ രാജ്യം കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍ രത്‌ന നല്‍കി ആദരിച്ചു. ' വേള്‍ഡ് അത്ലെറ്റ് ഓഫ് ദ ഇയര്‍ 2021' ആയും ശ്രീജേഷ് തെരഞ്ഞെടുക്കപ്പെട്ടു.

കൃഷിക്കാരനായിരുന്ന അച്ഛന്‍ പി വി രവീന്ദ്രനും അമ്മ ഉഷയും എന്നും മകന്റെ ആഗ്രഹങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. വീട്ടിലെ പശുവിനെ വിറ്റാണ് മകന് ഗോള്‍ കീപ്പിങ് കിറ്റ് വാങ്ങിക്കൊടുത്തത്. തന്റെ വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന ശക്തി അച്ഛനും അമ്മയും ആണെന്ന് ശ്രീജേഷ് പറയാറുണ്ട്. മുന്‍ ലോംഗ് ജംപ് താരവും ആയുര്‍വേദ ഡോക്ടറുമായ അനീഷ്യയാണ് ശ്രീജേഷിന്റെ പത്‌നി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT