Sports

ലോകഫുട്ബോളിന്റെ പെലെ; കാൽപന്ത് കളിയുടെ ചരിത്രത്തിലെ ഒരേയൊരു രാജാവ്

അലി അക്ബർ ഷാ

ബ്രസീലിന്റെ ദേശീയ പതാകയില്‍ മാത്രമല്ല, ഓരോ ബ്രസീലിയന്‍ ഹൃദയങ്ങളിലും ഫുട്ബോള്‍ തുന്നിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ മുന്നിലേക്ക് കാലാകാലങ്ങളില്‍ ബ്രസീല്‍ വെച്ചുനീട്ടുന്ന പ്രതിഭകളിലൂടെ ആ ഫുട്‌ബോള്‍ ആവേശം ലോകത്തിന് കൈമാറ്റം ചെയ്യപ്പെടുന്നു. ബ്രസീലിന്റെ ചക്രവാളങ്ങളില്‍ നിന്ന് ഉദിച്ചുയര്‍ന്നുവന്ന പ്രതിഭകളുടെ പട്ടിക പരിശോധിച്ചാല്‍ ആദ്യം കാണുന്നൊരു പേരുണ്ട്. മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ ടീമില്‍ അംഗമായ, റെക്കോര്‍ഡുകളുടെ ഉടയതമ്പുരാനായ, ഇന്നും ഏത് കളിക്കാരനും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തിലുള്ളൊരു പേര്. എഡിസണ്‍ അരാന്റസ് ഡോ നാസിമെന്റോ, അഥവാ പെലെ.

പെലെയുടെ ചരിത്രം ഫുടബോളിന്റെ കൂടി ചരിത്രമാണ്. പെലെ എന്ന രണ്ടക്ഷരം കൊണ്ട് നിങ്ങള്‍ക്ക് ഫുട്ബോളെന്ന ലോകകായികമാമാങ്കത്തെ അടയാളപ്പെടുത്താന്‍ കഴിയും. പെലെ പന്തുതട്ടിയിരുന്ന കാലത്ത് ജനിച്ചിട്ട് പോലുമില്ലാത്ത മനുഷ്യരില്‍ പോലും ഇന്നുമയാള്‍ ആവേശമാകുന്നു, ബൂട്ടഴിച്ചിട്ട് 4 പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ആ പേര് നിത്യസജീവമായി നിലനില്‍ക്കുന്നു. പെലെ എന്ന കാല്‍പന്തിന്റെ മറുപേര്, അതീ പ്രപഞ്ചം പോലെ വിശാലമാണ്. അതിന്റെ വ്യാപ്തി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്.

1940 ഒക്ടോബര്‍ 23ന് ബ്രസീലിലെ ബാറു എന്ന വളരെ ചെറിയ ഗ്രാമത്തിലാണ് പെലെ ജനിക്കുന്നത്. അച്ഛന്‍ ഡോണ്‍ടിഞ്ഞോ പ്രാദേശിക ക്ലബിലെ ഫുടബോള്‍ താരമായിരുന്നു. ബാറുവിലെ റൂബന്‍ അരൂഡ എന്ന തെരുവിലാണ് പെലെ പന്ത് തട്ടിത്തുടങ്ങുന്നത്. വളരെ പെട്ടെന്നു തന്നെ ആ ബാലന്‍ ആ തെരുവിലെ മികച്ച കളിക്കാരനായി മാറി.

അക്കാലത്ത് സഹകളിക്കാര്‍ അവനെ മോളക്ക് എന്നായിരുന്നു വിളിച്ചിരുന്നത്. മോളക്ക് എന്ന് വെച്ചാല്‍ കറുമ്പന്‍ എന്നാണര്‍ത്ഥം. വേഗതയില്‍ പന്ത് കൊണ്ട് കുതിക്കാനും ഇരുകാലുകള്‍ കൊണ്ട് ഷോട്ടുതിര്‍ക്കാനും കഴിയുന്ന പെലെ എന്ന പില്‍ക്കാല പ്രതിഭയിലേക്ക് മോളക്ക് അനായാസം പന്തുതട്ടി. ദാരിദ്ര്യം നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ നിന്ന് അനിയന്ത്രിതമായ വിശപ്പിനെ ഫുട്‌ബോള്‍ കൊണ്ട് ആ കൊച്ചുപ്രതിഭ അതിജീവിക്കുകയായിരുന്നു.

പലപ്പോഴും അച്ഛന്റെ കളി കാണാന്‍ പെലെയും കൂടെപ്പോകും. അച്ഛന്‍ പരാജയപ്പെടുമ്പോള്‍, കാണികള്‍ കൂകി വിളിക്കുമ്പോള്‍, അസഭ്യം പറയുമ്പോള്‍ പെലെ ദേഷ്യവും വേദനയും കൊണ്ട് പൊട്ടിത്തെറിക്കുമായിരുന്നു. അച്ഛന്‍ തന്നെയായിരുന്നു പെലെയുടെ ആദ്യ ഗുരു. ബാറു അത്‌ലറ്റിക് ക്ലബില്‍ അംഗമായ പെലെ അടിച്ചുകൂട്ടിയത് എണ്ണമറ്റ ഗോളുകളാണ്.

അങ്ങനെയാണ് വാല്‍ഡിമിര്‍ ഡി ബ്രിട്ടോ എന്ന മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം പെലെയെ കാണുന്നത്. നിങ്ങളുടെ മകന് പ്രൊഫഷണല്‍ കോച്ചിങ് നല്‍കേണ്ടതുണ്ടെന്നും സാന്റോസ് ക്ലബ്ബിന്റെ പരിശീലന ക്യാമ്പിലേക്ക് അവനെ കൊണ്ടുവരണമെന്നും ഡി ബ്രിട്ടോ പെലെയുടെ മാതാപിതാക്കളോട് പറഞ്ഞു. അങ്ങനെ 1956ല്‍ തന്റെ പതിനഞ്ചാം വയസില്‍ പെലെ എന്ന പില്‍ക്കാല ഇതിഹാസം സാന്റോസുമായി കരാറില്‍ ഒപ്പിട്ടു.

ഡി ബ്രിട്ടോയുടെ ശിക്ഷണത്തില്‍ പെലെയുടെ കളി വല്ലാതെ മെച്ചപ്പെടുകയായിരുന്നു. ഡ്രിബിളിംഗും സിസര്‍ കട്ടും പരിശീലിച്ചു. പുതിയതെന്തും പഠിച്ചെടുക്കാനുള്ള ഉത്സാഹവും അത് മൈതാനത്ത് നടപ്പിലാക്കുന്നതിന്റെ വൈദഗ്ധ്യവും പെലെയെ സാന്റോസിന്റെ പ്രധാന താരമാക്കി മാറ്റി. പന്തുമായി അതിവേഗത്തില്‍ കുതിക്കുക്കുകയും അത്രയും നേരമത് നിയന്ത്രിച്ച് നിര്‍ത്തുകയും ലക്ഷ്യം തെറ്റാതെ ഷോട്ടുതിര്‍ക്കുകയും ചെയ്യുന്ന പെലെയെ അക്കാലത്ത് പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഭാവിയിലെ സൂപ്പര്‍ സ്റ്റാര്‍ എന്നായിരുന്നു. അത്ഭുതബാലനെന്നും കറുത്തമുത്തെന്നും പത്രത്താളുകളില്‍ തലക്കെട്ടുകള്‍ പിറന്നു.

1957ല്‍ ക്ലബ്ബിന്റെ ഒന്നാം ടീമില്‍ അംഗമായി 10 മാസങ്ങള്‍ക്കുള്ളില്‍ ആണ് പെലെയ്ക്ക് ബ്രസീലിന്റെ ദേശീയ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. തൊട്ടടുത്ത വര്‍്ഷം, അതായത് 1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പിലും പെലെ കളിച്ചു. ആദ്യമത്സരത്തില്‍ പെലെക്ക് കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ സോവിയറ്റ് യൂണിയനെതിരായ ഒരു മാച്ചില്‍ കളിച്ചു. അടുത്ത മത്സരത്തില്‍ വെയ്ല്‍സിനെതിരെ 66-ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കുമ്പോള്‍ പെലെക്ക് പ്രായം 17 വയസും 239 ദിവസവും മാത്രമായിരുന്നു.

1930 ല്‍ മെക്സിക്കോ താരം മാനുവല്‍ റൊസാസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഗോളടിക്കാരനെന്ന റെക്കോര്‍ഡാണ് അന്ന് അവിടെ പെലെ തിരുത്തി കുറിച്ചത്. ഇന്നോളം അതാരും മായ്ച്ചുകളഞ്ഞിട്ടുമില്ല. സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ ഹാട്രിക്കും ഫൈനലില്‍ ആതിഥേയരായ സ്വീഡനെതിരെ രണ്ട് ഗോളുകളും പെലെ അടിച്ചു. അങ്ങനെ തന്റെ ആദ്യ ലോകകപ്പില്‍ ആറ് ഗോളുകള്‍ അടിച്ച് കൂട്ടാനും, സ്വപ്‌നത്തിന്റെ കൊടുമുടിയേറി ആ രാജകിരീടം സ്വന്തം രാജ്യത്തിനായി ആദ്യമായി നേടിക്കൊടുക്കാനും പെലെക്ക് കഴിഞ്ഞു. ലോകകപ്പില്‍ ഹാട്രിക് നേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ലോകകപ്പില്‍ കളിച്ച പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും അതേ വര്‍ഷം തന്നെ പെലെ സ്വന്തം പേരില്‍ കുറിച്ചിട്ടു.

ആ ലോകകപ്പ് നേട്ടത്തോടെയാണ് ബ്രസീല്‍ ഒരു ഇതിഹാസടീമായി മാറുന്നത്. 1962ലെ തൊട്ടടുത്ത ലോകകപ്പിലും പെലെയുടെ ബ്രസീല്‍ ആ കപ്പില്‍ മുത്തമിട്ടു. 1970ല്‍ തന്റെ 29ആം വയസ്സില്‍ അവസാന ലോകകപ്പ് കളിച്ച തന്റെ രാജ്യത്തേക്ക് മൂന്നാമത്തെ കിരീടവും കൊണ്ടാണ് പെലെ എന്ന ഇതിഹാസം മടങ്ങിയത്. ഇതുവരെ ആരാലും മറികടക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അപൂര്‍വ റെക്കോര്‍ഡും കൂടിയാണത്. മൂന്ന് ലോകകപ്പ് കിരീടം നേടിയ ടീമില്‍ അംഗമായ ഏക താരം.

നൂറ്റാണ്ടിന്റെ താരമായി ഫിഫ തെരഞ്ഞെടുത്ത പെലെ ആയിരത്തിലേറെ ഗോളുകളാണ് അടിച്ച് കൂട്ടിയത്. 1970ലെ ലോകകപ്പിന് ശേഷം അധികമത്സരങ്ങളിലൊന്നും പെലെ ഇറങ്ങിയില്ല. 1971 ഓടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വിരാമമിട്ട പെലെ തന്റെ ക്ലബ്ബായ സാന്റോസില്‍ തുടര്‍ന്നെങ്കിലും 1974ഓടെ അതും അവസാനിപ്പിച്ചു. പിന്നീട് 1975ല്‍ ന്യൂയോര്‍ക്ക് കോസ്മോസില്‍ രണ്ട് വര്‍ഷം പെലെ കളിക്കുന്നുണ്ട്. അത് സാമ്പത്തികമായ ഞെരുക്കങ്ങള്‍ കൊണ്ടായിരുന്നെന്ന് പിന്നീട് പെലെ തന്നെ പറഞ്ഞിരുന്നു.

1959ല്‍ റുവേസെവാരിയയില്‍ ജൂവന്‍ടൂഡിനെതിരെ നേടിയ ഗോളാണ് തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഗോള്‍ എന്ന് പെലെ പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ഗോള്‍ ലോകം കണ്ടിട്ടില്ല. പത്രത്താളിലെ എഴുത്തിലൂടെയും റേഡിയോ കമ്മന്ററിയിലൂടെയും മാത്രമാണ് ലോകമത് അനുഭവിച്ചത്. ആ ഗോള്‍ ഒരു രേഖാചിത്രമായി സാന്റോസ് ക്ലബ്ബില്‍ വരച്ചു സൂക്ഷിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യ അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത ഒരു കാലത്ത് മൈതാനത്ത് മായാജാലം കാണിച്ച അയാള്‍ ഏത് തലമുറയിലെ മനുഷ്യര്‍ക്കും എപ്പോഴും പ്രചോദനമാണ്. ഫുട്ബോളിന്റെ ലോക അംബാസഡര്‍ ആരെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം കൂടിയാണ് പെലെ.

1977 ഒക്ടോബര്‍ ഒന്നിനാണ് പെലെ തന്റെ ഫെയര്‍വെല്‍ മാച്ചിനിറങ്ങുന്നത്. ന്യൂയോര്‍ക്ക് ജയന്റ്‌സ് സ്റ്റേഡിയത്തിലെ ആ അവസാന മത്സരം കൗതുകത്തിന്റെ കൂടി വേദിയായി മാറി. പെലെയുടെ ആദ്യ ക്ലബ്ബായ സാന്റോസും രണ്ടാം ക്ലബ്ബായ ന്യൂര്‍ക്ക് കോസ്മോസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. പെലെ ആര്‍ക്കുവേണ്ടി കളിക്കും എന്ന് ആരാധകര്‍ ആശ്ചര്യപ്പെട്ട് നിന്നു. പക്ഷെ പെലെക്ക് കൃത്യമായ പ്ലാനുണ്ടായിരുന്നു. കോസ്‌മോസിനുവേണ്ടി ആദ്യപകുതിയിലും സാന്റോസിനായി രണ്ടാം പകുതിയിലും പെലെ കളത്തിലിറങ്ങി.

അന്നാ കളി കാണാന്‍, എഴുപതിനായിരത്തോളം ആളുകളാണ് ഗ്യാലറിയില്‍ തടിച്ചുകൂടിയത്. ഇതിഹാസ ബോക്‌സര്‍ മുഹമ്മദാലിയും പെലെയുടെ ഫെയര്‍വെല്‍ മത്സരം കാണാന്‍ അന്ന് ഗ്യാലറിയിലുണ്ടായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയതും സ്റ്റേഡിയത്തിന് മുകളിലെ ആകാശം ഇരുണ്ടുപോയി. കളിക്കാരെയും കാണികളെയും നനയിച്ചുകൊണ്ട് പെരുമഴ പെയ്തിറങ്ങി. ഫുടബോളിന്റെ എക്കാലത്തെയും ഇതിഹാസം എന്നെന്നേക്കുമായി ബൂട്ടഴിച്ചിരിക്കുന്നു. അയാള്‍ വികാരാധീനനായി കരയുന്നു, കൂടെ ലോകവും കരയുന്നു. ലോകഫുട്‌ബോളിന്റെ പ്രിയങ്കരനായ പെലെ കളംവിടുമ്പോള്‍ പ്രകൃതി മാത്രം മാറിനില്‍ക്കുന്നത് എങ്ങനെയാണ്.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT