ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കുറിച്ച് വിരാട് കോഹ്ലി. ഐസിസി ലോകകപ്പുകളില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്ലി കരസ്ഥമാക്കിയത്. ബംഗ്ലാദേശിനെതിരായി നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ 28 ബോളുകളില്‍ നിന്ന് 37 റണ്‍സ് നേടിയതോടെയാണ് കോഹ്ലി പുതിയ റെക്കോര്‍ഡിന് ഉടമയായത്. ഏകദിന, ട്വന്റി 20 ലോകകപ്പ് മാച്ചുകളില്‍ നിന്നാണ് ഈ നേട്ടം ഇന്ത്യന്‍ സൂപ്പര്‍താരം കരസ്ഥമാക്കിയത്.
ട്വന്റി20 ലോകകപ്പുകളില്‍ 32 മാച്ചുകളില്‍ നിന്നായി 1207 റണ്‍സ് നേടിയെന്ന റെക്കോര്‍ജും കോഹ്ലിയുടെ പേരിലാണ്. മറ്റാര്‍ക്കും ഈ നേട്ടം കൈവരിക്കാനായിട്ടില്ല. 129.78 ആണ് സ്‌ട്രൈക്ക് റേറ്റ്. പുറത്താകാതെ 89 റണ്‍സ് കുറിച്ചതാണ് താരത്തിന്റെ പേരിലുള്ള ട്വന്റി 20 ടോപ് സ്‌കോര്‍. 14 ഹാഫ് സെഞ്ചുറികളും അദ്ദേഹം കുറിച്ചിട്ടുണ്ട്. 2014ലും 2016ലും ട്വന്റി 20 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമായി മാറി. 2014ല്‍ ആറ് മാച്ചുകളില്‍ നിന്ന് 319 റണ്‍സ് സ്‌കോര്‍ ചെയ്തു. ഏകദിന മാച്ചുകളില്‍ നിന്നുള്ള സ്‌കോര്‍ കൂടി പരിഗണിച്ചാല്‍ 69 ലോകകപ്പ് മത്സരങ്ങളിലെ 67 ഇന്നിംഗ്‌സുകളില്‍ നിന്നായി 3002 റണ്‍സ് കോഹ്ലിക്ക് സ്വന്തമായുണ്ട്.
ഏകദിന ലോകകപ്പുകളില്‍ 1795 റണ്‍സാണ് കോഹ്ലി കുറിച്ചിട്ടുള്ളത്. .37 മാച്ചുകളില്‍ നിന്നാണ് ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. വണ്‍ഡേ ലോകകപ്പുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്‌കോറര്‍ എന്ന സ്ഥാനം കോഹ്ലിക്കാണ് ഉള്ളത്. 12 ഹാഫ് സെഞ്ചുറികളും 5 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 117 റണ്‍സാണ് ഏറ്റവും വലിയ സ്‌കോര്‍. കഴിഞ്ഞ ലോകകപ്പില്‍ 11 മാച്ചുകളില്‍ നിന്ന് 765 റണ്‍സ് കോഹ്ലി സ്‌കോര്‍ ചെയ്തിരുന്നു.