വിജയിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരാറുള്ള ഓസ്‌ട്രേലിയന്‍ വിക്കറ്റില്‍ വീണ്ടുമൊരു ടെസ്റ്റ് വിജയം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയയ്ക്ക് എന്നും ആധിപത്യമുണ്ടായിരുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ഓപ്പണിംഗ് മാച്ച് രണ്ടാമിന്നിംഗ്‌സില്‍ 295 റണ്‍സിന്റെ വമ്പന്‍ മാര്‍ജിനില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ ക്യാപ്റ്റന്റെ സ്ഥാനത്ത് ജസ്പ്രീത് ബുംറയാണ് നില്‍ക്കുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട ബുംറ 41 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ തന്റെ രണ്ടാമത്തെ മാത്രം മത്സരത്തിനാണ് പെര്‍ത്തില്‍ ഇറങ്ങിയത്. ആദ്യ ഇന്നിംഗ്‌സ് തകര്‍ന്നടിഞ്ഞെങ്കിലും ബൗളിംഗിലും പിന്നീട് രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിലും അടക്കം തിരികെയെത്തിയ ഇന്ത്യന്‍ ടീം തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ് പുറത്തെടുത്തത്.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന്റെ പരിക്ക് ഓസീസിനോടുള്ള വിജയത്തില്‍ ഇന്ത്യ ഇല്ലാതാക്കി. ഈ വിജയം ബുംറയുടേതാണെന്ന് തീര്‍ച്ചയായും പറയാം. ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും ഈ വിജയത്തിലൂടെ കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിജയത്തിന്റെ ഏറ്റവും വലിയ മാര്‍ജിന്‍ 1978ല്‍ സിഡ്‌നിയില്‍ വെച്ച് നടന്ന ഒരു മത്സരത്തിലായിരുന്നു. 222 റണ്‍സിനാണ് അന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. 12 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബുംറ ഇന്ത്യന്‍ വിജയത്തില്‍ വലിയൊരു പങ്ക് വഹിക്കുകയും ചെയ്തു. ബുംറ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ബാറ്റിംഗില്‍ യശസ്വി യാദവ്, വിരാട് കോഹ്ലി, കെ.എല്‍.രാഹുല്‍ എന്നിവര്‍ രണ്ടാമിന്നിംഗ്‌സിലെ കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചപ്പോള്‍ ബൗളിംഗില്‍ ബുംറയും മുഹമ്മദ് സിറാജും വാഷിംഗ്ടണ്‍ സുന്ദറും കുന്തമുനകളായി. രണ്ടാമിന്നിംഗ്‌സില്‍ സിറാജ് മൂന്നു വിക്കറ്റെടുത്ത് ബുംറയ്‌ക്കൊപ്പം നിന്നപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടു വിക്കറ്റെടുത്തു. ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങിയ ഹര്‍ഷിത് റാണയും നിതീഷ് റെഡ്ഡിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 41 ടെസ്റ്റുകളുടെ അനുഭവപരിചയവുമായി ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ ബുംറയുടെ കഴിവും കളിക്കാരിലുള്ള വിശ്വാസവുമാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിസ്ഥാനം. വിരാട് കോഹ്ലിയെന്ന മുന്‍ ക്യാപ്റ്റന്‍ തന്റെ 16 മാസങ്ങള്‍ക്ക് ശേഷം സെഞ്ചുറി നേടിയ മത്സരം കൂടിയാണ് കഴിഞ്ഞു പോയത്.
ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യ ദിവസം തന്നെ 150 റണ്‍സിന് ഓള്‍ ഔട്ടായ ടീം പിന്നീട് മത്സരത്തില്‍ തിരികെ വരുന്നതും വിജയിക്കുന്നതും ക്രിക്കറ്റില്‍ അത്ര സാധാരണമല്ല. പക്ഷേ, ഇന്ത്യക്ക് അത് സാധിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സിന് പുറത്തായ ഇന്ത്യ പക്ഷേ, ബൗളിംഗില്‍ ഓസീസിനെ ഞെട്ടിച്ചു. 104 റണ്‍സിന് ആതിഥേയരെ പുറത്താക്കിക്കൊണ്ട് ഇന്ത്യന്‍ ബൗളിംഗ് നിര തങ്ങളുടെ ഡ്യൂട്ടി കൃത്യമായി നിറവേറി. ബൗളര്‍മാരെ നിയോഗിക്കുന്നതില്‍ ബുംറ കാട്ടിയ ഇന്റലിജന്‍സാണ് ഇതിന് പിന്നിലെന്ന് പറയാം. മുഹമ്മദ് സിറാജ് എന്ന ബൗളറെ കെട്ടഴിച്ചു വിട്ടത് ഫലപ്രദമായി. മാച്ചില്‍ ആകെ 5 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. അരങ്ങേറ്റക്കാരനായ ഹര്‍ഷിത് റാണ നാല് വിക്കറ്റുകള്‍ സ്വന്തം പേരിലാക്കിയപ്പോള്‍ നിതീഷ് റെഡ്ഡി ആദ്യ ഇന്നിംഗ്‌സില്‍ 41 റണ്‍സും രണ്ടാമിന്നിംഗ്‌സില്‍ പുറത്താകാതെ 37 റണ്‍സും നേടുകയും ഒരു വിക്കറ്റെടുക്കുകയും ചെയ്തു. 29 റണ്‍സും രണ്ടു വിക്കറ്റുമാണ് വാഷിംഗ്ടണ്‍ സുന്ദറിന്റെ സമ്പാദ്യം.
ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി എന്നിവര്‍ ഒഴിവാക്കപ്പെട്ടതും ആദ്യ മത്സരത്തില്‍ നിന്ന് രോഹിത് ശര്‍മ സ്വയം ഒഴിഞ്ഞതുമാണ് ബുംറയെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിച്ചത്. ആ അവസരം വളരെ വിദഗ്ദ്ധമായി ഉപയോഗിക്കാന്‍ ബുംറയ്ക്ക് കഴിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ 487 റണ്‍സ് അടിച്ചുകൂട്ടി ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ 534 റണ്‍സ് എന്ന വന്‍മല ടാര്‍ഗറ്റായി നല്‍കാനും ബുംറയ്ക്ക് കഴിഞ്ഞു. വിരാട് കോഹ്ലിയുടെയും യശസ്വി ജയ്‌സ്വാളിന്റെയും സെഞ്ചുറികളും കെ.എല്‍.രാഹുലിന്റെ മിച്ച ബാറ്റിംഗും ഇന്ത്യക്ക് മുതല്‍ക്കൂട്ടായി. 89 റണ്‍സ് നേടി ട്രാവിസ് ഹെഡ് നടത്തിയ ചെറുത്തുനില്‍പ്പ് മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് കാര്യമായി പറയാനുള്ളത്.