ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യന്‍ വനിതകള്‍ മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മിന്നുന്ന ഫോം പുറത്തെടുത്ത സ്മൃതി മന്ഥാന 83 ബോളുകളില്‍ നിന്ന് 11 ബൗണ്ടറികളടക്കം 90 റണ്‍സ് കുറിച്ചു. മ്ലാബയുടെ പന്തില്‍ അയബോംഗ ഖാക ക്യാച്ച് ചെയ്ത് പുറത്താക്കിയില്ലായിരുന്നെങ്കില്‍ അപൂര്‍വമായൊരു റെക്കോര്‍ഡിനും തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയും സ്മൃതി നേടുമായിരുന്നു.
മൂന്ന് മാച്ചുകളടങ്ങിയ പരമ്പരയില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ചുറികള്‍ നേടിയ സ്മൃതി ഏഴ് സെഞ്ചുറികള്‍ എന്ന മിതാലി രാജിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരുന്നു. പത്ത് റണ്‍സ് കൂടി ലഭിച്ചിരുന്നെങ്കില്‍ 8-ാം സെഞ്ചുറി കൂടി നേടി പുതിയ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിക്കാന്‍ സ്മൃതിക്കാവുമായിരുന്നു. ആദ്യ രണ്ട് മാച്ചുകള്‍ വിജയിച്ച ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. മൂന്നാം മാച്ചില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 216 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു മുന്നില്‍ ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് 57 പന്തില്‍ നിന്ന് 61 റണ്‍സ് നേടി ടോപ് സ്‌കോററായി.
വിജയലക്ഷ്യം 56 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം കരസ്ഥമാക്കി. ഹര്‍മന്‍പ്രീത് കൗര്‍ 42 റണ്‍സും പ്രിയ പുനിയ 28 റണ്‍സും ഷെഫാലി വര്‍മ 25 റണ്‍സും നേടി പുറത്തായി. ജമീമ റോഡ്രിഗസ് (19), റിച്ച ഘോഷ് (6) എന്നിവരാണ് പുറത്താകാതെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. ബൗളിംഗിലെ ഇന്ത്യന്‍ കരുത്താണ് 215 റണ്‍സെന്ന സ്‌കോറില്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കിയത്. അരുന്ധതി റെഡ്ഡിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശ്രേയങ്ക പാട്ടീലും പൂജ വസ്ത്രകാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 343 റണ്‍സും ഒരു വിക്കറ്റും നേടിയ സ്മൃതി മന്ഥാനയാണ് ടൂര്‍ണമെന്റിലെ താരം.