ട്വന്റി 20 സൂപ്പര്‍ 8 മാച്ചില്‍ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമായി ഇന്ത്യ. സൂപ്പര്‍ 8ലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. 24 റണ്‍സിനാണ് ഓസ്‌ട്രേലിയയെ ഇന്ത്യ വരിഞ്ഞുകെട്ടിയത്. ഇനി ഓസ്‌ട്രേലിയയ്ക്ക് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ചൊവ്വാഴ്ച നടക്കുന്ന അഫ്ഗാന്‍-ബംഗ്ലാദേശ് മാച്ചില്‍ ബംഗ്ലാദേശ് വിജയിക്കണം. സൂപ്പര്‍ 8ല്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ അഫ്ഗാന്‍ ടീം മികച്ച ഫോമിലാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 205 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സിന് ഓസ്‌ട്രേലിയന്‍ പോരാട്ടം അവസാനിച്ചു. 43 ബോളില്‍ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറും അടക്കം 76 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ഇന്ത്യയെ പിടിച്ചുകെട്ടുമെന്ന പ്രതീതി ഉണര്‍ത്തിയിരുന്നു. മികച്ച സ്‌കോറിംഗിലൂടെ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഓസീസ് ടീമിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂച്ചുവിലങ്ങിട്ടു നിര്‍ത്തി. അര്‍ഷ്ദീപ് സിങ് മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയന്‍ മുന്നേറ്റത്തിന് തടയിടുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആറു റണ്ണുകളുമായി ആദ്യ ഓവറില്‍ തന്നെ വീണു. രണ്ടാം വിക്കറ്റില്‍ ട്രാവിസ് ഹെഡും ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 81 റണ്‍സ് അടിച്ചെടുത്തു. ഇതോടെ ഓസീസ് വിജയിച്ചേക്കുമെന്ന തോന്നലുണ്ടായി. കുല്‍ദീപ് യാദവിന്റെ പന്തില്‍ മാര്‍ഷിനെ അക്ഷര്‍ പട്ടേല്‍ പിടികൂടിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. ഇന്ത്യക്കു വേണ്ടി രോഹിത്ത് 92 റണ്‍സ് നേടി. 41 പന്തില്‍ നിന്ന് എട്ട് സിക്‌സും ഏഴ് ഫോറുകളും അടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്‌സ്.