2000-ൽ കൈഫും 2008-ൽ വിരാട് കോഹ്ലിയും 2012-ൽ ഉൻമുകുത് ചന്ദും 2018-ൽ പ്രഥി ഷായും 2022-ൽ യഷ് ദൂലും നേടിയ നേട്ടം ഉദയ് സഹാരന്റെ കീഴിൽ ഇന്ത്യയുടെ ഭാവി താരങ്ങൾക്ക് സാധിക്കുമോ? കണക്കിലും കളിയിലും ഏറെ മുന്നിലുള്ള ഇന്ത്യക്ക് മുന്നിലുള്ള ഏക വെല്ലുവിളി ഓസീസ് കൗമാരത്തിന്റെ മൈറ്റി ഓസീസ് രക്തം തന്നെയാണ്.
ഒരു നവംബർ 19-ന്റെ രാത്രിയിലേക്കാണ് ഓർമ പോകുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ വിരുന്നെത്തിയ ക്രിക്കറ്റ് ലോകകപ്പ് മാമാങ്കത്തിന്റെ കിരീടപോരിൽ ടൂർണമെന്റിൽ അത് വരെയും ഒരു മത്സരം പോലും തോൽക്കാതെ അപരാജിതരായി മുന്നേറിയിരുന്ന ഇന്ത്യൻ ടീം ഓസീസിന് മുമ്പിൽ അടിയറവ് പറഞ്ഞ ആ ദിവസം. രോഹിത്തിന്റെയും സംഘത്തിന്റെയും രാജ്യത്തെ 130 കോടി ജനങ്ങളുടെയും കണ്ണുനീർ അഹമ്മദാബാദിലെ മോട്ടെരെ സ്റ്റേഡിയത്തിൽ വീണ ദിവസം.
ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ്ങ്, ബൗളിങ്ങ് പ്രകടനത്തോടെ തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടത്തിലേക്ക് കുതിച്ച്, അവസാന നിമിഷം കാലിടറി പോയ അന്നത്തെ ഇന്ത്യൻ സീനിയർ ടീമിന്റെ കുഞ്ഞനിയന്മാർ മാസങ്ങൾക്ക് ശേഷം അതേ ഓസീസിനെതിരെ അണ്ടർ 19 വേൾഡ് കപ്പിന്റെ കലാശ പോരിനിറങ്ങുന്നു.
2023 ഇന്ത്യയിൽ വെച്ച് നടന്ന ലോകകപ്പിൽ രോഹിതും സംഘവും നടത്തിയ അപരാജിത മുന്നേറ്റം പോലെ തന്നെ കളിച്ച ആറ് മൽസരങ്ങളും രാജകീയമായി തന്നെ വിജയിച്ചാണ് പഞ്ചാബുകാരനായ ഉദയ് സഹാരന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യൂത്ത് ആറാം കിരീടത്തിനെത്തുന്നത്. 2000-ൽ കൈഫും 2008-ൽ വിരാട് കോഹ്ലിയും 2012-ൽ ഉൻമുകുത് ചന്ദും 2018-ൽ പ്രഥി ഷായും 2022-ൽ യഷ് ദൂലും നേടിയ നേട്ടം ഉദയ് സഹാരന്റെ കീഴിൽ ഇന്ത്യയുടെ ഭാവി താരങ്ങൾക്ക് സാധിക്കുമോ? കണക്കിലും കളിയിലും ഏറെ മുന്നിലുള്ള ഇന്ത്യക്ക് മുന്നിലുള്ള ഏക വെല്ലുവിളി ഓസീസ് കൗമാരത്തിന്റെ മൈറ്റി ഓസീസ് രക്തം തന്നെയാണ്.
നോക്ക്ഔട്ട് മത്സരങ്ങളെയും നിർണായക ഘട്ടങ്ങളെയും അതിജീവിക്കാനുള്ള മാനസികമായ ആധിപത്വവും മുൻതൂക്കവും പരമ്പരാഗതമായി കൈമാറി വരുന്നവരാണവർ. അത് കങ്കാരുക്കളുടെ ഇളം തലമുറയിലും ഒട്ടും കുറവല്ലാതെയുണ്ടാകും. സെമിഫൈനലിൽ പാകിസ്ഥാനെതിരെ അവസാന ഓവറിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കെ അവർ നേടിയ ഫൈനൽ ബെർത്ത് അതിന്റെ ഒരു പ്രൂഫാണ്. അതിനെ മാത്രം മറികടന്നാൽ അണ്ടർ 19 ലോകകപ്പിന്റെ പതിനാലാം പതിപ്പ് ആറാം കിരീടമായി ടീം ഇന്ത്യക്ക് സ്വന്തമാക്കാം.
റോഡ് ടു ഫൈനൽ- ഇന്ത്യ
സൂപ്പർ സിക്സിലെ രണ്ടു മത്സരങ്ങളടക്കം മൊത്തം ആറു മത്സരങ്ങളിലും അഞ്ചു തവണ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 250 റൺസിന് മുകളിൽ സ്കോർ ചെയ്തു. ബംഗ്ലാദേശിനെതിരെയുള്ള ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ 84 റൺസിന്റെ വിജയം നേടിയ ഇന്ത്യ പിന്നീടുള്ള അയർലാൻഡിനെതിരെയും യു.എസ്.എ ക്കെതിരെയുമുള്ള മൽസരങ്ങളിൽ 201 റൺസിന്റെ രണ്ട് കൂറ്റൻ വിജയങ്ങൾ നേടി. സൂപ്പർ സിക്സിലെ മത്സരത്തിൽ ന്യൂസിലാൻഡിനെ 214 റൺസിനും നേപ്പാളിനെ 132 റൺസിനും തകർത്തു. ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള സെമി ഫൈനൽ പോരാട്ടത്തിലാണ് ടൂർണമെന്റിലെ മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഇന്ത്യ ചെറിയ രീതിയിലെങ്കിലും വെല്ലുവിളി നേരിട്ടത്.
ടോസ് നേടി ബാറ്റിങിനയച്ച ഇന്ത്യക്ക് മുന്നിൽ ലുവൻഡ്രെ പ്രിട്ടോറിയസിന്റെയും (76 റൺസ്), റിച്ചാർഡ് സെലറ്റ്‌സ്‌വാനെയുടെയും ( 64 റൺസ്) ബലത്തിൽ ദക്ഷിണാഫ്രിക്ക 245 സ്കോർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചു. 32 ന് 4 എന്ന അപകട ഘട്ടത്തിലെത്തിയ ഇന്ത്യയെ ക്യാപ്റ്റൻ ഉദയ് സഹാരനും സച്ചിൻ ദാസും ചേർന്ന് രക്ഷപ്പെടുത്തിയെടുത്തു. ഏഴ് ബോളുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ട ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തു.
റോഡ് ടു ഫൈനൽ- ഓസീസ്
അപരാജിതരായി തന്നെയാണ് ഓസ്ട്രേലിയയും അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിനെത്തുന്നത്. ആദ്യ കളിയിൽ നമീബിയയോട് നാല് വിക്കറ്റിന്റെ വിജയം. ശേഷം സിംബാവേയോട് 225 റൺസിന്റെ കൂറ്റൻ വിജയം. തൊട്ടടുത്ത മത്സരത്തിൽ ശ്രീലങ്കയെയും ആറു വിക്കറ്റിന് പരാജയപ്പെടുത്തി.സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ഡി.എൽ.എസ് നിയമ പ്രകാരം ഇംഗ്ലണ്ടിനെതിരെ 110 റൺസിന്റെ വിജയം നേടിയ ഓസീസിന് വെസ്റ്റ് ഇൻഡീസുമായുള്ള സൂപ്പർ സിക്സിലെ രണ്ടാം മത്സരം മഴ മൂലം നഷ്ടമായി.
പാകിസ്ഥാനെതിരെ നടന്ന സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ അറഫാത്ത് മിൻഹാസിന്റെയും അസാന്റെയും അർദ്ധ ശതകത്തിന്റെ മാത്രം ബലത്തിൽ 179 റൺസെടുത്തു. പാക് നിരയിലെ ബാക്കിയുള്ളവരെല്ലാം ഓസീസിന്റെ വലം കയ്യൻ പേസർ ടോം സ്ട്രാക്കറുടെ മുന്നിൽ അടിയറവ് പറഞ്ഞു. അവസാന ഓവറിൽ അഞ്ചു പന്ത് ബാക്കി നിൽക്കെ ഹാരി ഡിക്സൻറെയും (56) ഒലി പീക്കിന്റെയും (49) മികവിൽ ഓസ്‌ട്രേലിയ ലക്ഷ്യം മറി കടന്നു. 9.5 ഓവറിഞ്ഞു വെറും 24 റൺസ് വിട്ടുകൊടുത്തു 6 വിക്കറ്റെടുത്ത ടോം സ്ട്രാക്കാറായിരുന്നു കളിയിലെ താരം
കണക്കിലെ കളികൾ
ഈ ലോകകപ്പിന്റെയും അണ്ടർ 19 ലോകകപ്പ് ചരിത്രത്തിന്റെയും കണക്കുകൾ നോക്കിയാൽ ഇന്ത്യക്കാണ് മുൻതൂക്കം. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ രണ്ട് ഫൈനലുകളിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 2012-ലും 2018- ലും. രണ്ടിലും ജേതാക്കളായത് ഇന്ത്യയാണ്.
ടൂർണമെന്റ് ടോപ് സ്‌കോറർമാറിലെ ആദ്യ മൂന്ന് സ്ഥാനക്കാരും ഇന്ത്യക്കാരാണ്. ഉദയ് സഹാരൻ ( 389 ), മുഷീർ ഖാൻ ( 336 ), സച്ചിൻ ദാസ് ( 294 ) എന്നിവരാണ് റൺ വേട്ടയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ. ഓസീസ് നിരയിൽ നിന്ന് ഹാരി ഡിക്സണും ഹഗ് വെയ്ബ്ജെനും ആദ്യ പത്ത് സ്ഥാനങ്ങൾക്കുള്ളിലുണ്ട്.
ബൗളിങ്ങിൽ ജൂനിയർ ജഡേജയെന്നറിയപ്പെടുന്ന ഇടം കയ്യൻ സ്പിന്നറായ സൗമി പാണ്ട്യയാണ് ഇന്ത്യയുടെ കരുത്ത്. ടൂർണമെന്റിൽ കളിച്ച ആറു മത്സരങ്ങളിൽ നാല് മത്സരങ്ങളിലും മൂന്ന് വിക്കറ്റുകൾക്ക് മുകളിൽ നേടി. പേസിൽ ലിംബാനിയും തിവാരിയുമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഓസീസ് നിരയിൽ വലം കയ്യൻ മീഡിയം പേസർമാരായ സ്ട്രാക്കറും വിഡ്‌ലറുമാണ് മികച്ച രീതിയിൽ പന്തെറിയുന്നത്.
സൗത്ത് ആഫ്രിക്കയിലെ ബെനോനിയിലെ വില്ലോമൂർ പാർക്ക് സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച ഉച്ച തിരിഞ്ഞാണ് ഇന്ത്യ- ഓസീസ് അണ്ടർ 19 ഫൈനൽ പോരാട്ടം. തങ്ങളുടെ വല്യേട്ടന്മാരെ സ്വന്തം നാട്ടിൽ ലോകകപ്പ് കലാശ പോരിൽ തോൽപ്പിച്ചതിന് പകരമായി ഇന്ത്യയുടെ കുട്ടികൂട്ടങ്ങൾക്ക് കങ്കാരുക്കളുടെ കൗമാരപടയോട് വിജയിക്കാൻ കഴിയുമോ? അതോ മൈറ്റി ഓസീസ് വീണ്ടും അവതരിക്കുമോ ? കാത്തിരുന്നു കാണാം...