കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടന്ന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തിയെന്ന് ഐസിസി. 11,637 കോടി രൂപയുടെ സാമ്പത്തിക ഉത്തേജനം ഇന്ത്യക്ക് ലഭിച്ചുവെന്നാണ് ഐസിസി പറയുന്നത്. ടൂറിസത്തിലൂടെയാണ് ഇന്ത്യക്ക് ഏറെ നേട്ടമുണ്ടായത്. ക്രിക്കറ്റിന്റെ സാമ്പത്തിക സ്വാധീനം എന്താണെന്ന് കാട്ടിത്തരുന്ന ഒന്നായിരുന്നു 2023 ഏകദിന ലോകകപ്പ് എന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് അലാര്‍ഡിസ് പറഞ്ഞു. മത്സരങ്ങള്‍ അരങ്ങേറിയ നഗരങ്ങള്‍ മാത്രം ഏഴായിരം കോടിയിലേറെ രൂപയുടെ നേട്ടമുണ്ടാക്കി. മാച്ചുകള്‍ കാണുന്നതിനായി ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ ഒഴുകിയെത്തിയതോടെ താമസം, യാത്ര, ഭക്ഷണ പാനീയങ്ങള്‍ എന്നിവയിലൂടെയാണ് ഇത്രയും പണം ആഭ്യന്തര വിപണിക്ക് സമാഹരിക്കാനായത്. ഇന്ത്യയെ ഒരു പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ലോകകപ്പ് കൊണ്ട് സാധിച്ചതായും ഐസിസിക്ക് വേണ്ടി നീല്‍സണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ലോകകപ്പായിരുന്നു ഇതെന്നാണ് ഐസിസിയുടെ അവകാശവാദം. ലോകകപ്പ് ക്രിക്കറ്റിന് മുന്‍പ് ലഭിച്ച ആരാധകരെപ്പോലും ലഭിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്ന ഒരു ടൂര്‍ണമെന്റായിരുന്നു കഴിഞ്ഞു പോയത്. സ്‌റ്റേഡിയങ്ങളില്‍ കാണികളുടെ എണ്ണം ശുഷ്‌കമാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പത്ത് നഗരങ്ങളിലായാണ് ടൂര്‍ണമെന്റുകള്‍ നടന്നത്. ഇവയുടെ തയ്യാറെടുപ്പുകള്‍ക്കായി ചെലവഴിച്ച തുകയും രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് മുതല്‍കൂട്ടായെന്ന് ഐസിസി പറയുന്നു. സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി ബിസിസിഐയും ഐസിസിയും വന്‍ തുക ചെലവഴിച്ചു. ഇതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. 48,000 പാര്‍ട് ടൈം ജോലികള്‍ സൃഷ്ടിക്കപ്പെട്ടു.
എല്ലാ വേദികളിലേക്കും വലിയ തോതില്‍ കാണികളെത്തി. 12.5 ലക്ഷം കാണികള്‍ എത്തിയതായാണ് കണക്ക്. ഇവരില്‍ 75 ശതമാനവും ആദ്യമായാണ് ഏകദിന മത്സരങ്ങള്‍ കണ്ടത്. കളി കാണാനെത്തിയ വിദേശികളില്‍ 55 ശതമാനവും നേരത്തേ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ളവരാണ്. 19 ശതമാനം പേര്‍ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഈ സന്ദര്‍ശനത്തില്‍ രാജ്യാന്തര സഞ്ചാരികള്‍ ഒന്നിലധികം ടൂറിസം കേന്ദ്രങ്ങള്‍ കാണാനെത്തി. അവരില്‍ വലിയൊരു ഭൂരിപക്ഷം പേരും ഇന്ത്യയെ ഒരു ടൂറിസം ഡെസ്റ്റിനേഷനായി തങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കുമെന്ന് പറഞ്ഞു. ഹഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യയുടെ പ്രകടനം എല്ലാവരെയും തൃപ്തിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയ് ഷാ തലവനായി ചുമതലയേല്‍ക്കുന്നതിന് തൊട്ടു മുന്‍പായാണ് ഇന്ത്യക്ക് ലോകകപ്പ് സാമ്പത്തിക ഉത്തേജനം നല്‍കിയെന്ന അവകാശവാദവുമായി ഐസിസി രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്.