തികവും മികവും സമന്വയിച്ച ഓള്‍റൗണ്ടറെന്ന് ഖ്യാതിനേടിയ ഇന്ത്യന്‍ താരം യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പാഡഴിച്ചിരിക്കുകയാണ്. 2000 ല്‍ ആരംഭിച്ച ക്രിക്കറ്റ് കരിയറിനാണ് വിരാമമിട്ടത്. മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അതേസമയം ഐപിഎല്‍ ഒഴികെയുള്ള ആഭ്യന്തര ട്വന്റി 20 ലീഗുകളില്‍ തുടര്‍ന്നും കളിക്കാനുള്ള ആഗ്രഹം യുവി വ്യക്തമാക്കിയിട്ടുണ്ട്. വിരമിക്കല്‍ പ്രഖ്യാപനത്തിന് മുന്നോടിയായി, യുവരാജിന്റെ ക്രിക്കറ്റ് കരിയര്‍ പ്രതിപാദിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു.
പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്‌രാജ് സിങ് യുവിയെ എങ്ങിനെയാണ് പരിശീലിപ്പിച്ച് വളര്‍ത്തിയെടുത്തതെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ക്രിക്കറ്റിനെ താന്‍ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്തിട്ടുണ്ടെന്ന് യുവരാജ് പറയുന്നത് ഇതില്‍ കാണാം.
ക്രിക്കറ്റ് എനിക്കെല്ലാം തന്നതിനാല്‍ അതിനെ ഞാന്‍ അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ മാനസികമായി കടുപ്പം അനുഭവപ്പെട്ടതിനാല്‍ ക്രിക്കറ്റിനെ വെറുത്തിട്ടുമുണ്ട്. അച്ഛന്‍ എന്നെ ക്രിക്കറ്റില്‍ തളച്ചിട്ടതിനാലാണ് ചെറുപ്പത്തില്‍ മറ്റ് കായിക ഇനങ്ങള്‍ പരീക്ഷിക്കാന്‍ താന്‍ തയ്യാറാകാതിരുന്നത്. ബാല്യകാലമെന്നത് കഠിന പരിശീലനത്തിന്റേതായിരുന്നു. അക്കാര്യത്തില്‍ പിതാവ് കര്‍ക്കശക്കാനായിരുന്നുവെന്ന് യുവരാജ് പങ്കുവെയ്ക്കുന്നുണ്ട്. 10 വയസ്സുള്ളപ്പോള്‍ 16 കാരനെ പോലെ ഓടേണ്ടിയിരുന്നു. അത്ര പ്രായമുള്ളവരെ പോലെ എനിക്ക് പരിശീലിക്കാനായില്ലെങ്കില്‍ വീട്ടില്‍ പോകാന്‍ പറയുമായിരുന്നുവെന്നും യുവി വിശദീകരിക്കുന്നു.
യുവിയെ ടെന്നീസ് കളിക്കാന്‍ വിട്ടിരുന്നെങ്കില്‍ അതിലും അവന്‍ ശോഭിക്കുമായിരുന്നുവെന്നാണ് പിതാവ് യോഗ്‌രാജ് പറയുന്നത്. അതേസമയം ഐപിഎല്ലിന്റെ 2019 എഡിഷനില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കാതിരുന്നതിലുള്ള അതൃപ്തിയും അദ്ദേഹം പങ്കുവെച്ചിരുന്നു. 4 കളികളില്‍ മാത്രമാണ് മുംബൈ ഇന്‍ഡ്യന്‍സിന് വേണ്ടി ഇറങ്ങാനായത്. കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാനായിരുന്നെങ്കില്‍ ഞാന്‍ സംതൃപ്തനാകുമായിരുന്നു. ജീവിതത്തില്‍ ആശിക്കുന്നതെല്ലാം സാധ്യമായെന്ന് വരില്ലല്ലോയെന്നാണ് യുവരാജ് വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ച് പറഞ്ഞത്. ജഴ്‌സിയണിഞ്ഞ നാല് മത്സരങ്ങളില്‍ നിന്നായി ആകെ 98 റണ്‍സ് മാത്രമാണ് യുവി നേടിയത്. അതേസമയം മുംബൈ കിരീടമുയര്‍ത്തുകയും ചെയ്തു.
ഇന്ത്യ കിരീടത്തില്‍ മുത്തമിട്ട 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടി യുവരാജ് ഓള്‍റൗണ്ട് മികവോടെ ടീമിന്റെ ചാലകശക്തിയായിരുന്നു. ഈ ലോകകപ്പില്‍ നാല് മാന്‍ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ടൂര്‍ണമെന്റിന്റെ താരമാവുകയും ചെയ്തു. 2017 ജൂണിലാണ് യുവരാജ് അവസാനമായി ടീം ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയത്. 304 ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സ് നേടിയിട്ടുണ്ട്. 14 സെഞ്ച്വറികളും 52 അര്‍ദ്ധശതകവും ഇതിലുള്‍പ്പെടും. 40 ടെസ്റ്റുകളില്‍ നിന്ന് 1900 റണ്‍സും നേടി. മൂന്ന് സെഞ്ച്വറികളക്കമാണിത്. 8 അര്‍ദ്ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 58 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്നായി 1177 റണ്‍സ് അടിച്ചിട്ടുണ്ട്. 2007 ലെ ടി20 ലോകകപ്പിലെയും 2011 ലെ ഏകദിന ലോകകപ്പിലും ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2007 ലെ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റ്യൂവര്‍ട്ട് ബ്രോഡിനെതിരെ ഒരു ഓവറില്‍ ആറ് സ്‌ക്‌സ് നേടിയതടക്കം വിസ്മയമുഹൂര്‍ത്തങ്ങള്‍ ഏറെ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട് താരം. കരിയറിന്റെ ഉന്നതികളില്‍ നില്‍ക്കെയായിരുന്നു അര്‍ബുദ ബാധ. അതിനെ അതിജീവിച്ച് കളത്തില്‍ തിരിച്ചെത്തി. തുടര്‍ന്ന് അര്‍ബുദ രോഗികള്‍ക്ക് വേണ്ടി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയുമാണ്.