Sports

അർജന്റീനക്ക് അത് രാഷ്ട്രീയ വിജയമായിരുന്നു; മഹാവൈര്യത്തിന്റെ കണക്ക് തീർത്ത 1986 ലോകകപ്പ്

അലി അക്ബർ ഷാ

ഡീഗോ മറഡോണ എന്ന ഇതിഹാസത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ലോകഫുട്ബോളിന് ഒരു ചരിത്രമില്ല. മറഡോണയെ കുറിച്ച് പറയുമ്പോള്‍ ദൈവത്തിന്റെ കയ്യും നൂറ്റാണ്ടിന്റെ ഗോളും ആരാധക മനസ്സുകളിലേക്ക് പാഞ്ഞെത്തും. രണ്ടുഗോളുകളും ഒരേ മത്സരത്തിലായിരുന്നെന്ന മനോഹാരിത ആ ഗോളുകളുടെ മാറ്റ് കൂട്ടി. 1986 ജൂണ്‍ 22 എന്ന ദിവസവും ആ ദിവസത്തില്‍ അരങ്ങേറിയ അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടവും അങ്ങനെ ലോക ഫുട്ബോളിന്റെ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ‌ എഴുതപ്പെട്ടു.

മെക്‌സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തിലെ ദൈവത്തിന്റെ ആ കൈപ്രയോഗത്തെ കുറിച്ച് പറയുന്നതിന് മുമ്പ് ആ ദിവസത്തിന്റെ അതിവൈകാരികതയെ കുറിച്ച് പറയണം. അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുണ്ടായിരുന്ന മഹാവൈര്യത്തിന്റെ കഥ പറയണം. അപ്പോഴായിരിക്കും ദൈവത്തിന്റെ കൈഗോളും നൂറ്റാണ്ടിന്റെ ഗോളും അര്‍ജന്റീനക്ക് ഒരു രാഷ്ട്രീയവിജയം കൂടിയായിരുന്നെന്ന് ബോധ്യപ്പെടുക.

ആ വൈര്യത്തിന്റെ കഥ തുടങ്ങുന്നത് ആ മത്സരത്തിനും 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 1966 ലെ ഇംഗ്ലണ്ട് വേള്‍ഡ് കപ്പ്. വെംബ്ലി സ്റ്റേഡിയത്തില്‍ അരങ്ങേറിയ അര്‍ജന്റീന - ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജര്‍മ്മന്‍ റഫറി ക്രെയിറ്റ് ലെയിന്‍ ആതിഥേയ രാജ്യമായ ഇംഗ്ലണ്ടിന് അനുകൂലമായി തീര്‍ത്തും പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നു. മാരക ഫൗളുകള്‍ അരങ്ങേറിയ മത്സരത്തില്‍ റഫറി ഇംഗ്ലണ്ടിന്റെ ഫൗളുകളോട് കണ്ണടക്കുകയും അര്‍ജന്റീനിയന്‍ ഫൗളുകളെ പാർവതീകരിക്കുകയും ചെയ്തു.

ഒരു ഘട്ടത്തില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ അന്റോണിയോ റാറ്റിനെ പുറത്താക്കുക കൂടി ചെയ്തതോടെ ആരാധകര്‍ ഈ ഏകപക്ഷീയതെക്കെതിരെ ശബ്ദമുയര്‍ത്തി. മത്സരത്തിലെ അനീതി മാറ്റിനിര്‍ത്തിയാലും മത്സര ശേഷമുണ്ടായ സംഭവം അര്‍ജന്റീനക്കാര്‍ക്ക് മറക്കാന്‍ കഴിയില്ലായിരുന്നു. ഇംഗ്ലണ്ടിന്റെ ജോര്‍ജ്ജ് കോഹെന്‍ അര്‍ജന്റീനയുടെ താരവുമായി ജേഴ്സി കൈമാറാനൊരുങ്ങുമ്പോള്‍ ഇംഗ്ലണ്ട് മാനേജര്‍ ആല്‍ഫ് റാംസി വിളിച്ച് ചോദിച്ചത്, 'ഈ മൃഗത്തിനാണോ നീ നിന്റെ ജേഴ്സി കൊടുക്കുന്നത്' എന്നായിരുന്നു.

ഈ മത്സരത്തെ കുറിച്ച് പോര്‍ച്ചുഗീസ് താരം യുസേബിയോ പറഞ്ഞത്, റഫറി ഏകപക്ഷീയമായി പെരുമാറി എന്നതിൽ ഒരു സംശയവുമില്ല എന്നായിരുന്നു. ഇറ്റാലിയന്‍ പത്രം 'യില്‍ മെസാജെറോ' എഴുതിയ തലക്കെട്ട് 'ലണ്ടന്‍ തട്ടിപ്പ്- ഇംഗ്ലണ്ടിനായി നടന്ന പരിധിവിട്ട പ്രീണനം' എന്നായിരുന്നു. റാറ്റിന്റെ പുറത്താക്കലിനെ കുറിച്ച് ആ കുറിപ്പിൽ പറഞ്ഞ വാക്കുകൾ 'എ കൊളോസല്‍ ഇന്‍ജസ്റ്റിസ് വിച്ച് ഒഫെന്‍ഡഡ് എഗൈന്‍സ്റ്റ് ദ വെരി എസന്‍സ് ഓഫ് സ്‌പോര്‍ട്ട്' എന്നായിരുന്നു.

ഈ സംഭവം അരങ്ങേറി വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സംഭവമുണ്ടായി. 1982ലായിരുന്നു അത്. അതുപക്ഷേ കളിക്കളത്തിന് പുറത്തായിരുന്നു. ആയിരത്തോളം അര്‍ജന്റീനക്കാരുടെ മരണത്തില്‍ കലാശിച്ച ഫോക്ലാന്‍ഡ് യുദ്ധം. ബ്രിട്ടീഷുകാര്‍ തങ്ങളുടെ അധീനതയിലാണെന്ന് അവകാശവാദമുന്നയിച്ചിരുന്ന ഫോള്‍ക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനക്കാര്‍ക്ക് അവരുടെ മാല്‍വിനാസ് ആയിരുന്നു . 1982 ഏപ്രില്‍ രണ്ടിന് ഫോക്ലന്‍ഡ് ദ്വീപിലെ അര്‍ജന്റീനയുടെ സൈന്യത്തെ ബ്രിട്ടീഷ് സൈന്യം ആക്രമിച്ചു. 10 ആഴ്ചകള്‍ നീണ്ട പോരാട്ടത്തിൽ അർജന്റീനക്ക് നഷ്ടമായത് ആയിരത്തോളം മനുഷ്യരുടെ ജീവനായിരുന്നു.

ആ സംഭവത്തിനും നാല് കൊല്ലങ്ങള്‍ക്ക് ശേഷമാണ് പതിമൂന്നാമത്തെ ലോകകപ്പ് ഇംഗ്ലണ്ടില്‍ വരുന്നത്. അടങ്ങാത്ത വേദനയുടെ നെരിപ്പോടും നെഞ്ചില്‍ പേറിയായിരുന്നു അര്‍ജന്റീന ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. ആ ജൂണ്‍ 22ന് അരങ്ങേറിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ വിജയത്തില്‍ കുറഞ്ഞൊന്നും അവര്‍ക്ക് അം​ഗീകരിക്കാൻ കഴിയില്ലായിരുന്നു. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം 51ആം മിനിറ്റിലാണ് ആ അറ്റകൈ പ്രയോഗം നടക്കുന്നത്. മറഡോണയും ജോര്‍ജ് വാള്‍ഡാനോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തെ ഇംഗ്‌ളീഷ് താരം സ്റ്റീവ് ഹോഡ്ജ് തടസ്സപ്പെടുത്തുകയും ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന് ഇട്ടു കൊടുക്കുകയും ചെയ്തു. എന്നാല്‍ കൃത്യതയില്‍ അല്പം പാളിച്ച സംഭവിച്ച ആ മറിച്ച് കൊടുക്കലില്‍ മറഡോണയും ഗോളി പീറ്റര്‍ ഷില്‍ട്ടണും ഒരുപോലെ എത്തിപ്പിടിക്കാവുന്നത്ര ദൂരത്തില്‍ പന്തെത്തി.

മറഡോണയെക്കാള്‍ 20 സെന്റീമീറ്റര്‍ ഉയരമുള്ള പീറ്റര്‍ ആ പന്ത് കൈപ്പിടിയില്‍ ഒതുക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. ആ നിമിഷത്തെയായിരുന്നു ദൈവം മൈതാനത്തിൽ അവതരിച്ച നിമിഷമെന്ന് ഫുട്ബോൾ ചരിത്രം വിളിച്ചത്. തീർത്തും അപ്രതീക്ഷിതമായ ഒരു അറ്റകൈ പ്രയോഗം. പന്ത് പീറ്റര്‍ ഷില്‍ട്ടനെ മറികടന്ന് വലയിലേക്ക്. ടുണീഷ്യന്‍ റഫറി ബിന്‍ നാസര്‍ ഗോള്‍ വിധിച്ചു. ഇംഗ്‌ളീഷ് താരങ്ങള്‍ ഒന്നടങ്കം റഫെറിക്ക് നേരെ ആക്രോശിച്ചെങ്കിലും മാറ്റമുണ്ടായില്ല. റഫറിയുടെ തീരുമാനം അന്തിമമായിരുന്നു. സ്റ്റേഡിയത്തിലെ ഇംഗ്ലീഷ് ആരാധകര്‍ ചെകുത്താന്റെ കയ്യെന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴേക്കും ദൈവത്തിന്റെ കൈഗോള്‍ പിറന്ന് കഴിഞ്ഞിരിക്കുന്നു.

ആ ഗോളിനെ നാണം കെട്ട ഗോളെന്ന് വിശേഷിപ്പിക്കാനും ആ കൈയെ ചെകുത്താന്റെ കയ്യെന്ന് ആക്ഷേപിക്കാനും അതടിച്ച മറഡോണയെ ചതിയനെന്നു മുദ്രകുത്താനും ലോകം ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ആ കൈപ്രയോഗത്തെപ്പോലും മഹത്വവത്കരിക്കുന്ന മുഹൂര്‍ത്തത്തിന് ആസ്റ്റക്ക് സ്റ്റേഡിയം സാക്ഷിയാകുന്നത്. ആക്രോശിച്ച് നില്‍ക്കുന്ന ഇംഗ്ലീഷ് ആരാധകരെ നിശ്ശബ്ദരാക്കിക്കൊണ്ട്, ചൂളിനിന്ന അര്‍ജന്റീന ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റിക്കൊണ്ട് അത് സംഭവിച്ചു. നാണക്കേടിന്റേതെന്ന് വിളിക്കപ്പെട്ട കൈഗോള്‍ പിറന്ന് കൃത്യം നാല് മിനിറ്റുകള്‍ക്ക് ശേഷം ആത്മാഭിമാനത്തിന്റെ ഗോള്‍, അഥവാ നൂറ്റാണ്ടിന്റെ ഗോള്‍ പിറന്നു.

55ആം മിനിറ്റാലിയിരുന്നു അത്. സ്വന്തം ഹാഫില്‍ വെച്ച് ഹെക്ടര്‍ എന്‍ഡിക്കേയില്‍ നിന്ന് പന്ത് ഏറ്റുവാങ്ങിയ മറഡോണ ഇംഗ്ലീഷ് താരങ്ങള്‍ ഓരോരുത്തരെയായി വീഴ്ത്തി പന്തുമായി കുതിച്ചു. ആദ്യം പീറ്റര്‍ ബിയേഡസ്ലിയെ, പിന്നെ പീറ്റര്‍ റെയ്ഡിനെ, അതിനുശേഷം ടെറി ബുച്ചറിനെ, അടുത്തത് ടെറി ഫെന്‍വിക്കിനെ. പന്തുമായി അര്‍ജന്റീനയുടെ കപ്പിത്താന്‍ കുതിച്ചുപാഞ്ഞു. ഏറ്റവുമൊടുവില്‍ ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടന്‍ മാത്രം മുന്നില്‍. അയാള്‍ക്കും അടിയറവ് പറയുകയല്ലാതെ മറ്റുവഴികളില്ലായിരുന്നു.

ബോക്‌സിന്റെ ഇടത് ഭാഗത്തുനിന്ന് കുതിച്ച പന്ത് വലയിലേക്ക്. നൂറ്റാണ്ടിന്റെ ഗോള്‍ പിറന്നിരിക്കുന്നു. 60 വാരകള്‍ക്ക് അകലെ നിന്ന് തുടങ്ങിയ മുന്നേറ്റം 10 സെക്കന്റുകള്‍ക്കകം ഇംഗ്ലീഷ് വലയില്‍ ചെന്നവസാനിച്ചപ്പോള്‍, ​ഗ്യാലറിയിലെ അർജന്റീന ആരാധകരും ഇം​ഗ്ലണ്ട് ആരാധകരും ഒരുപോലെ തരിച്ചിരുന്നു പോയി. അവിശ്വസനീയമായൊരു കാഴ്ച. എക്കാലവും ഓർമിക്കപ്പെടാന്‍ പോകുന്നൊരു മുഹൂര്‍ത്തം. അതിനാണ് തങ്ങൾ സാക്ഷികളായിരിക്കുന്നതെന്ന് അവിടെ കൂടിയ ഓരോ മനുഷ്യരും നെടുവീർപ്പിട്ടു. മിനിട്ടുകള്‍ക്ക് മുമ്പ് ചെകുത്താനെന്ന് ആക്രോശിച്ചവരെ കൊണ്ട് പോലും മറഡോണയെന്ന മഹാ മാന്ത്രികൻ കയ്യടിപ്പിച്ച നിമിഷം.

81ആം മിനിറ്റില്‍ ഗാരി ലിനേക്കര്‍ ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തെങ്കിലും 2-1 ന്റെ വിജയത്തോടെ അര്‍ജന്റീന സെമിയിലേക്ക് കടന്നു. അങ്ങനെ പതിറ്റാണ്ടുകളായി നീറിപ്പുകഞ്ഞ നെരിപ്പോടിലേക്ക് മറഡോണയുടെ കൈകാലുകള്‍ ആശ്വാസത്തിന്റെ തെളിനീര്‍ പകര്‍ന്നു.

ഞങ്ങള്‍ യുദ്ധം ജയിച്ചിരിക്കുന്നു എന്ന് മത്സരശേഷം മറഡോണ പറയുമ്പോള്‍ ഫോള്‍ക്ലാന്‍ഡ് യുദ്ധത്തിന്റെ ചോരപ്പാടുള്ള ഓര്‍മ്മകള്‍ ആ ആ മനസ്സില്‍ തിങ്ങി നിറഞ്ഞിട്ടുണ്ടാവാം. അന്നത്തെ, 51ആം മിനിറ്റിലെ ആ കൈപ്രയോഗത്തെ ദൈവത്തിന്റെ കയ്യെന്ന് വിശേഷിപ്പിച്ചത് മറഡോണ തന്നെയാണ്. ലോകമത് ഏറ്റെടുക്കുകയായിരുന്നു. കാൽപന്തിന്റെ കളത്തിൽ എന്നെങ്കിലും ദൈവം അവതരിക്കുന്നുണ്ടെങ്കിൽ അത് മറഡോണയിലൂടെയാകുമെന്ന് ലോകത്തിന് അത്രമേല്‍ ഉറപ്പായിരുന്നു.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT