Sports

പോഗ്ബ:പോൾ വസന്തങ്ങളിലേക്കൊരു തിരിച്ചുവരവുണ്ടാകുമോ ?

വിട്ടൊഴിയാത്ത വിവാദങ്ങളും പരിക്കുകളും കുടുംബ പ്രശ്നങ്ങളും ഒടുവിൽ ഉത്തേജനമുപയോഗിച്ചതിന്റെ പേരിൽ നാല് വർഷത്തെ വിലക്കുമായി കളത്തിന് പുറത്ത് നിൽക്കുന്ന പോഗ്ബയല്ലാത്ത ഒരു പോഗ്ബയുണ്ടായിരുന്നു. ഇറ്റലിയുടെ യുവന്റസ് ആരാധകർ പോൾ ബൂം പോഗ്ബയെന്നും പോൾ ദി ഒക്ടോപസ് എന്നും ആരാധനയോടെ വിളിച്ച മനുഷ്യൻ. ഇഗ്ളീഷ് പ്രീമിയർ ലീഗിൽ റെഡ് ഡെവിൾസിനെ മുന്നിൽ നിന്ന് നയിച്ച നായകൻ. പിച്ചുകളിൽ വേഗം കൊണ്ടും വായുവിൽ ഫ്ളക്സിബിലിറ്റി കൊണ്ടും എതിർകളിക്കാർക്ക് മേൽ അപാര മുൻതൂക്കമുള്ള ഡ്രസ്സിങ് റൂമിൽ സഹതാരങ്ങളെ പ്രചോദിപ്പിക്കുന്നതിൽ പ്രതേക കഴിവുള്ള അസാധാരണ താരമായിരുന്നു പോൾ ലബീലെ പോഗ്ബാ...

2011- ൽ തങ്ങളുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന് വന്ന ഒരു പതിനേഴ് വയസ്സുകാരൻ പയ്യനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഫ്രീ ട്രാൻസ്ഫറിലൂടെ വിട്ട് കളയുന്നു. പിന്നീട് അത് വരെയുള്ള ചരിത്രത്തിൽ യൂറോപ്യൻ ക്ലബുകൾ മുടക്കാത്ത 105 മില്യൺ യൂറോ എന്ന റെകോർഡ് തുകയ്ക്ക് അതേ താരത്തെ ഓൾഡ് ട്രാഫോൾഡിലേക്ക് തിരിച്ചു കൊണ്ടുവരുന്നു. 2021- വരെ ഒരു യൂറോപ്യൻ ക്ലബ് ഒരു താരത്തിനായി മുടക്കുന്ന ഏറ്റവും വലിയ തുകയായിരുന്നു അത്. തങ്ങൾ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നു ആ താരത്തെ വിട്ട് കളഞ്ഞതെന്നും അത് കൊണ്ട് തന്നെ അതിന് വേണ്ടി ആ വലിയ തുക ഞങ്ങൾ സഹിക്കുന്നുവെന്നുമായിരുന്നു യുണൈറ്റഡ് മാനേജ്മെന്റ് അന്ന് പറഞ്ഞത്.

പറഞ്ഞ് വരുന്നത് ആ താരത്തെ കുറിച്ചാണ്. യുണൈറ്റഡിന്റെ ചുവന്ന ജെയ്സിയിലും യുവന്റസിന്റെ വെള്ളയും കറുപ്പും കലർത്തിയിട്ട വരയൻ ജയ്സിയിലും ലോക ഫുട്ബോളിന്റെ മിഡ്ഫീൽഡിനെ വരചിട്ടവൻ, മെസ്സിക്കും ക്രിസ്റ്റാനോയ്ക്കുമൊപ്പമോ അവർക്ക് മീതെയോ ലോകഫുട്ബോളിൽ സ്ഥാനമുറപ്പിക്കുമെന്ന് കരുതിയിരുന്ന ഒരു കാലത്തെ മോസ്റ്റ് പ്രൊമിസിങ് യങ് പ്ലയർ, പോൾ ലബീലെ പോഗ്ബാ..

പോൾ പോഗ്ബാ

വിട്ടൊഴിയാത്ത വിവാദങ്ങളും പരിക്കുകളും കുടുംബ പ്രശ്നങ്ങളും ഒടുവിൽ ഉത്തേജനമുപയോഗിച്ചതിന്റെ പേരിൽ നാല് വർഷത്തെ വിലക്കുമായി കളത്തിന് പുറത്ത് നിൽക്കുന്ന പോഗ്ബയല്ലാത്ത ഒരു പോഗ്ബയുണ്ടായിരുന്നു. ഇറ്റലിയുടെ യുവന്റസ് ആരാധകർ പോൾ ബൂം പോഗ്ബയെന്നും പോൾ ദി ഒക്ടോപസ് എന്നും ആരാധനയോടെ വിളിച്ച മനുഷ്യൻ. ഇഗ്ളീഷ് പ്രീമിയർ ലീഗിൽ റെഡ് ഡെവിൾസിനെ മുന്നിൽ നിന്ന് നയിച്ച നായകൻ.

പോഗ്ബയുടെ കുട്ടികാലം

ഗിനിയൻ മാതാപിതാക്കളുടെ മകനായി ഫ്രാൻസിലെ സെയ്ൻ ഏറ്റ് മാർനെയിലാണ് പോഗ്ബ ജനിക്കുന്നത്. ഇരട്ടകളായ പോഗ്ബയുടെ രണ്ട് മൂത്ത സഹോദരൻമാരും ഫുട്‍ബോൾ താരങ്ങളായിരുന്നു. തന്റെ ആറാം വയസ്സിൽ വീടിനടുത്തുള്ള യുഎസ് റോയിസ് ക്ലബിന് വേണ്ടി കളിച്ചാണ് കരിയർ തുടങ്ങുന്നത്. ഏഴ് സീസണുകൾ അവിടെ പൂർത്തിയാക്കിയ ശേഷം ക്യാപ്റ്റനായാണ് ക്ലബ് വിടുന്നത്. ശേഷം പ്രഫഷണൽ ക്ലബായ ലാ ഹാവ്‌റെയിൽ ചേർന്നു. ക്ലബിന്റെ അണ്ടർ 16 ക്യാപ്റ്റനായിരുന്ന പോഗ്ബ പിന്നീട് 2009- ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിലേക്ക് ചേക്കേറി. യൂത്ത് അക്കാദമിയിലെ മികച്ച പ്രകടനം പോഗ്ബയെ തന്റെ വെറും പതിനേഴാം വയസ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിലെത്തിച്ചു.

പോൾ പോഗ്ബയുടെ കുട്ടിക്കാലത്തെ അച്ഛനും സഹോദരങ്ങൾക്കുമൊപ്പമുള്ള ഫോട്ടോ.

യുവന്റസ് കാലം

അലക്സ് ഫെർഗൂസന്റെ കീഴിലുള്ള മാഞ്ചസ്റ്റർ ടീമിൽ കളിച്ച് കൊണ്ടിരിക്കുമ്പോയാണ് ഫ്രാൻസിന്റെ ഈ യുവതാരത്തെ യുവന്റസ് തങ്ങളുടെ പാളയത്തിലെത്തിക്കുന്നത്. പ്രതിഭകളുടെ ധാരളിത്തമായിരുന്നു ഫെർഗൂസൻ ടീമിന്റെ പ്രശ്നം. അത് കൊണ്ട് തന്നെ തൊട്ട് മുമ്പത്തെ സീസണിൽ ആകെ മൂന്ന് മൽസരങ്ങളിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ജെയ്‌സിയിൽ പോഗ്ബയ്ക്ക് ഇറങ്ങാൻ പറ്റിയിരുന്നത്. ക്ലവർലിയും പാർക്ക് ജി സുങ്ങും റയാനുമടങ്ങുന്ന ഫെർഗൂസന്റെ ശക്തമായ മധ്യനിര ലൈനപ്പിൽ പലപ്പോഴും പതിനേഴ് വയസ്സുകാരനായ പോഗ്ബയ്ക്ക് സ്ഥാനമില്ലായിരുന്നു.

എന്നാൽ ഇറ്റാലിയൻ ലീഗിലെത്തിയതോടെ കളി മാറി. യുവന്റസിന് വേണ്ടി തുടർച്ചയായ നാല് ലീഗ് കിരീടങ്ങൾ നേടികൊടുത്തു. കൂടാതെ രണ്ട് കോപ്പ ഇറ്റാലിയയും രണ്ട് സൂപ്പർ കോപ്പ ഇറ്റാലിനയും നേടി. 2013- ൽ മെസ്സിയും റൂണിയും അഗ്യൂറോയും നേടിയ ഗോൾഡൻ ബോയ് അവാർഡ് നേടി. 2014- ൽ യൂറോപ്പിലെ മികച്ച യുവതാരത്തിന് നൽകുന്ന ബ്രാവോ അവാർഡും നേടി. 2015- ൽ യുവേഫ ടീം ഓഫ് ദി ഇയറിലും 2016 ൽ ഫിഫ പ്ലയർ ഓഫ് ദി ഇയറിലും ഇടം നേടി. 12 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം 2015 - ൽ യുവന്റസിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചു. ഇത്രേയും ചുരുങ്ങിയ കാലയളവിൽ ഇതെല്ലാം നേടുമ്പോൾ പോഗ്ബക്ക് വയസ്സ് ഇരുപതും ഇരുപത്തൊന്നും മാത്രമായിരുന്നു.

പോഗ്ബെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവ് രാജകീയമായിരുന്നു.

വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

യുവൻ്റസിലെ പോഗ്ബയുടെ പ്രകടനങ്ങൾ 2016-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് 105 മില്യൺ യൂറോയുടെ (89.3 മില്യൺ പൗണ്ട്) അന്നത്തെ ലോക റെക്കോർഡ് ട്രാൻസ്ഫർ ഫീസിന് മടങ്ങിയെത്തുന്നതിലേക്ക് നയിച്ചു. മൗറിഞ്ഞോയായിരുന്നു അന്ന് യുണൈറ്റഡിന്റെ പരിശീലകൻ. ഈ സീസണിലാണ് യുണൈറ്റഡ് ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്റർ കോണ്ടിനെന്റൽ കപ്പ് നേടുന്നത്. എന്നാൽ 2017-18 സീസണിൽ പോഗ്ബയെ പരിക്ക് പിടി കൂടി. മോശം അച്ചടക്കത്തിന്റെ പേരിലും താരം പഴികേട്ടു. സീസണിൽ ചെൽസിക്കെതിരെയുള്ള എഫ് എ കപ്പ് ഫൈനലിൽ സമനില നേടാനുള്ള അവസരമായിരുന്ന ബോക്സിൽ നിന്നുള്ള ഫ്രീ ഹെഡർ നഷ്ട്ടപ്പെടുത്തിയതോടെ കൂടുതൽ വിമർശനങ്ങൾക്കിരയായി.

എന്നാൽ തൊട്ടടുത്ത വർഷം പോഗ്ബ ശക്തമായി തിരിച്ചു വന്നു. മൗറിഞ്ഞോ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പിന്നീട് ക്ലബ് വിട്ടു. 2018-19 സീസണിൽ PFA ടീം ഓഫ് ദ ഇയർ ആയും പോഗ്ബ തിരഞ്ഞെടുക്കപ്പെട്ടു. 2019-20 സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് ഓഫർ വന്നെങ്കിലും പോഗ്ബ നിരസിച്ചു. ആ വർഷം വോൾവർഹാംട്ടനെതിരെ പെനാൽറ്റി പാഴാക്കിയതിന് സ്വന്തം കാണികളുടെ വംശീയ അധിക്ഷേപത്തിനിരയാകേണ്ടി വന്നു. അതെ സീസണിൽ കണങ്കാലിന് പരിക്കേറ്റ്‌ പുറത്തായി. തുടർന്നുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള സീസണിൽ പരിക്ക് മൂലവും മറ്റും മികച്ച് കളിക്കാൻ പോഗ്ബക്ക് കഴിഞ്ഞില്ല. അതോടെ പോഗ്ബയുടെ മാഞ്ചസ്റ്റർ കാലം അവസാനിച്ചു.

വീണ്ടും യുവന്റസിലേക്ക് മടക്കം

2022 ൽ യുണൈറ്റഡുമായുള്ള കരാർ കാലഹരണപ്പെട്ടതിനെ തുടർന്ന് പോഗ്ബ ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ചു.നാല് വർഷത്തിന്റെ കരാറിലായിരുന്നു പോഗ്ബെ വീണ്ടും യുവന്റസിലെത്തിയത്. എന്നാൽ 2022 ജൂലായിൽ വീണ്ടും പരിക്കേറ്റ് പുറത്തായി. അതോടെ 2022- ൽ റഷ്യയിൽ നടന്ന ലോകകപ്പും താരത്തിന് നഷ്ട്ടമായി. ശേഷം 2023 - ൽ പരിക്ക് ഭേദമായി തിരിച്ചു വന്നെങ്കിലും അച്ചടക്ക നടപടികളാൽ യുവന്റസ് കോച്ചായിരുന്ന മാസിമിലിയാനോ അല്ലെഗ്രി ടീമിൽ നിന്നും താരത്തെ മാറ്റി നിർത്തി. തുടർച്ചയായ പരിക്കുകളും പോഗ്ബയെ മാനസികമായി തളർത്തി. താൻ ഡിപ്രഷനിലൂടെയാണ് കടന്ന് പോകുന്നെന്ന് താരം തന്നെ വ്യക്തമാക്കി.

പോരാത്തതിന് കുടുംബപ്രശ്നങ്ങളും

2022 ആഗസ്റ്റിലാണ് പോൾ പോഗ്ബ തന്റെ മൂത്ത ഇരട്ട സഹോദരൻമാരിൽ ഒരാളായ മത്യാസ് തന്നെ അപായപ്പെടുത്താനും സ്വത്ത് കൈക്കലാക്കാനും ശ്രമിച്ചു എന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകുന്നത്. തൻ്റെ സഹോദരൻ തന്നെ ഭീഷണിപ്പെടുത്തുന്ന ഒരു ഓൺലൈൻ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിലിട്ടു. കേസിൽ ഇപ്പോൾ കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കുകയാണ്.

ഒടുവിൽ ഉത്തേജക വിലക്ക്

2023 സെപ്തംബർ 11 ന്, ഉഡിനീസിനെതിരായ മത്സരത്തെ തുടർന്ന് നടത്തിയ പരിശോധനാ ഫലങ്ങളിൽ താരത്തിന്റെ ശരീരത്തിൽ സ്വഭാവികമല്ലാത്ത ടെസ്റ്റോസ്റ്റിറോൺ മെറ്റബോളിറ്റുകൾ കണ്ടെത്തി. സംശയാസ്പദമായ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനാൽ, പോഗ്ബയെ തുടർന്ന് കളിക്കുന്നതിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. തുടർന്ന് ഒക്ടോബറിൽ നടത്തിയ സാമ്പിൾ പരിശോധനയും പരാജയപ്പെട്ടത്തോടെ കേസ് ഇറ്റാലിയൻ ഉത്തേജക വിരുദ്ധ ട്രിബൂണലിലെത്തി. ട്രിബൂണൽ 2024 ഫ്രെബുവരി അവസാനം താരത്തിന് നാല് വർഷത്തെ വിലക്കേർപ്പെടുത്തി. താൻ സ്വമേധയാ ഒരിക്കലും ഉത്തേജക മരുന്ന് ഉപയോഗിക്കില്ലെന്നും ഫുട്ബോളിനോടോ സാഹതാരങ്ങളോടോ അത്തരത്തിലുള്ള വഞ്ചന ഞാൻ ചെയ്യില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പറഞ്ഞ് താരം ഇപ്പോൾ കോർട്ട് ഓഫ് ആർബിട്രെഷനറിയിൽ അപ്പീലിന് പോയിരിക്കുകയാണ്.

താരത്തിന്റെ ഭാവി

എൻ്റെ പ്രൊഫഷണൽ കരിയറിൽ ഞാൻ കെട്ടിപ്പടുത്തതെല്ലാം എന്നിൽ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു, ഞാൻ ഒരിക്കലും ഇത് അറിഞ്ഞു കൊണ്ട് ചെയ്യില്ല. നാല് വർഷത്തെ വിലക്ക് പ്രഖ്യാപനത്തിന് ശേഷം പോഗ്ബയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. നിലവിലെ വിലക്ക് പ്രകാരം 2027 വരെ മുപ്പത് വയസ്സുകാരനായ പോഗ്ബക്ക് കളിക്കാനാവില്ല. നിലവിൽ യുവന്റസുമായി നാല് വർഷത്തെ കരാറുണ്ടെങ്കിൽ പോലും പുതിയ വിധിയുടെ സാഹചര്യത്തിൽ കരാർ റദ്ദാക്കാനുള്ള അവകാശം ക്ലബിനുണ്ട്. പോഗ്ബയുടെ മുമ്പിലുള്ള ഏക പ്രതീക്ഷ ഇപ്പോൾ കോർട്ട് ഓഫ് ആർബിട്രെഷനറിയിൽ പോയ അപ്പീലിലാണ്.

ഉത്തേജക മരുന്നുപയോഗിച്ചതായി കണ്ടെത്തി നാല് വർഷം വിലക്ക് ലഭിച്ച രണ്ട് തവണ ഗ്രാൻഡ് സ്ലാം ജേതാവായ സിമോണ ഹാലെപ്പിൻ്റെ വിലക്ക് ഈയിടെ കോർട്ട് ഓഫ് ആർബിട്രഷനറി ഒമ്പത് മാസമാക്കി ചുരുക്കിയിരുന്നു. ഹാലെപ്പ് നിരോധിത പദാർത്ഥം അബദ്ധവശാൽ കഴിച്ചതാണെന്നും മനപ്പൂർവ്വമായിരുന്നില്ല എന്ന നിഗമനത്തിലാണ് കോർട്ട് എത്തിയത് . അങ്ങനെ അബദ്ധവശാൽ ഉള്ളിൽ കടന്നതാണെന്ന് തെളിയിക്കുക എന്നതാവും പോഗ്ബക്ക് മുന്നിലുള്ള വെല്ലുവിളി . അങ്ങനെ തെളിയിച്ചാൽ പോലും ഒരു വർഷത്തിനടുത്തുള്ള വിലക്കിന് സാധ്യതയുണ്ട്.

യുവൻ്റസ് മാനേജർ മാസിമിലിയാനോ അല്ലെഗ്രി ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്, മാനുഷിക തലത്തിലും ഫുട്ബോളിലും പോഗ്ബയുടെ കാര്യം സങ്കടകരമാണ്. ഒരു അസാധാരണ താരത്തെയാണ് നമുക്ക് നഷ്ടമാകുന്നത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തെ പരിശീലിപ്പിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു, അദ്ദേഹത്തെപ്പോലുള്ള കളിക്കാരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്..

സിമോണ ഹാലെപ്പ

ഫ്രാൻസിന് വേണ്ടിയുള്ള പ്രകടനങ്ങൾ

മുന്നേറ്റ നിരയിൽ ജിറൂദിനും ഗ്രീസ്മാനും എംബാപ്പെക്കും പന്തെത്തിക്കുന്നതിലായിരുന്നു പോഗ്ബയുടെ മിടുക്ക്. മിഡ്ഫീൽഡിൽ കാന്റെയുമായുള്ള കൂട്ടുകെട്ടും മനോഹാരമായിരുന്നു. ഫ്രാൻസ് അണ്ടർ 16 ടീമിന്റെ ക്യാപ്റ്റനായാണ് ദേശീയ ടീമിൽ അരങ്ങേറുന്നത്. 2013- ൽ ഫിഫ അണ്ടർ 20 വേൾഡ് കപ്പിൽ ക്യാപ്റ്റനായി കൊണ്ട് തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. തൊട്ടടുത്ത വർഷം നടന്ന ലോകകപ്പിൽ പന്ത് തട്ടി ടൂരണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. 2016- ൽ യൂറോ കപ്പിൽ ടീമിനെ റണ്ണർ കപ്പ് ജേതാക്കളാക്കി. 2018- ൽ റഷ്യയിൽ വെച്ച് നടന്ന ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ ഗോൾ നേടുകയും ലോകകപ്പ് നേടികൊടുക്കുകയും ചെയ്തു. 2018 ഫ്രാൻസ് ലോകകപ്പ് നേടുമ്പോൾ പോഗ്ബ അതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

റഷ്യയിൽ വെച്ച് നടന്ന 2018 ലോകകപ്പിൽ കിരീടവുമായി

കളി ശൈലി

ലോക ഫുട്ബോളിൽ ഇന്ന് വരെ കാണാത്ത പ്രതേകമായ ഒരു കളി ശൈലിയിലായിരുന്നു പോഗ്ബ കളിച്ചിരുന്നത്. തന്റെ പതിമൂന്നാം വയസ്സിൽ ലീഗ് 2 ടീമായ ലെ ഹാവ്രെയുടെ യൂത്ത് ടീമിൽ ചേർന്ന പോഗ്ബ ആദ്യം മുതലേ ശ്രദ്ധിക്കപ്പെടുന്നത് ഈ കളി ശൈലിയിലൂടെയാണ്. തനിക്ക് ഇഷ്ട്ടപ്പെട്ട താരങ്ങളുടെയെല്ലാം ശൈലികൾ മൈതാനത്ത് നടപ്പിലാക്കിയ താരം മിഡ്ഫീൽഡിൽ സിദാന്റെ പിൻഗാമിയായി അറിയപ്പെട്ടു. സിദാൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ഒരു മിഡ്ഫീൽഡർ ചിലപ്പോൾ അറ്റാക്കിങ് മിഡ്ഫീൽഡറോ അല്ലെങ്കിൽ ഡിഫൻഡിങ് മിഡ്ഫീൽഡറോ ആയിരിക്കും. എന്നാൽ പോഗ്ബക്ക് ഒരേ സമയം ഇത് രണ്ടുമാകാൻ പറ്റും.

പോഗ്ബയെ വ്യത്യസ്തമാക്കിയിരുന്നതും എളുപ്പത്തിലുള്ള ഈ സ്വിച്ചിങ് ആയിരുന്നു. ഒരു ലെഫ്റ്റ് വിങ്ങറുടെ റോളും അദ്ദേഹം അനായാസം കൈകാര്യം ചെയ്തു. ഒരു ഹോൾഡിങ് മിഡ്ഫീൽഡറായോ പ്ളേമേക്കറായോ ബോക്സ് ടു ബോക്സ് റോളിലോ അയാൾ കളിക്കനുസരിച്ച് മാറികൊണ്ടിരുക്കും.

എതിർതാരങ്ങളുടെ കാലുകൾക്കിടയിൽ നിന്ന് തന്റെ നീണ്ട കാലുകൾ കൊണ്ട് പന്ത് കുരുക്കിയെടുക്കുന്നത് കൊണ്ടാണ് നീരാളി എന്നർത്ഥം വരുന്ന പോൾ ഒക്ടോപസ് എന്ന് പോഗ്ബയെ പലരും വിളിച്ചത്. ബോക്സിന് പുറത്ത് നിന്നുള്ള ഗോൾ പോസ്റ്റിലേക്കുള്ള കനത്തിലുള്ള അപ്രതീക്ഷിത ഗോൾ കിക്കുകൾ പോൾ ബൂം എന്ന് വിശേഷണം നൽകി. പിച്ചുകളിൽ വേഗം കൊണ്ടും വായുവിൽ ഫ്ളക്സിബിലിറ്റി കൊണ്ടും എതിർകളിക്കാർക്ക് മേൽ മുൻതൂക്കം നേടി. ഡ്രസ്സിങ് റൂമിൽ സഹതാരങ്ങളെ പ്രചോദിപ്പിക്കുന്നതിലും കഴിവുള്ള താരമായിരുന്നു പോഗ്ബ.

തന്റെ പതിനേഴുകളിൽ ലോക ഫുട്‍ബോളിന്റെ അടുത്ത പതിറ്റാണ്ടുകളിലെ ഏറ്റവും മികച്ച കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കുകയും 25 വയസ്സ് വരെ ആ പ്രവചനങ്ങളെ അന്വർത്ഥമാക്കുന്ന അത്ഭുത പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത് മുപ്പതുകളിലേക്കടുക്കുമ്പോൾ പരിക്കും വിവാദങ്ങളും കുടുംബ പ്രശ്നങ്ങളും ഉത്തേജക വിലക്കുമായി കളിയവസാനിപ്പിക്കേണ്ടി വരുമോ പോൾ ലബീലെ പോഗ്ബക്ക്..

പോൾ പോഗ്ബ തിരിച്ചുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം..

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT