അർജന്റീനിയൻ സ്‌ട്രൈക്കർ ലയണൽ മെസ്സിക്ക് സമൂഹ മാധ്യമങ്ങളിൽ ആശംസ പ്രവാഹം. ആറാം തവണ ബാലൺ ഡി ഓർ കരസ്ഥമാക്കിയ സൂപ്പർ താരത്തിനെ അഭിനന്ദിച്ച് കൊണ്ട് ഒട്ടേറെ കളിക്കാരാണ് അനുമോദനങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ എന്നാണ് ഇംഗ്ലണ്ടിന്റെ മുൻ താരം ഡേവിഡ് ബെക്കാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയും മെസ്സിക്ക് ആശംസയുമായി എത്തി. അതിശയകരമായ ഫുട്‌ബോള്‍ കരിയറാണ് മെസ്സിയുടേത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരവും മെസ്സിതന്നെ. അദ്ദേഹം അവാര്‍ഡ് തീര്‍ത്തും അര്‍ഹിച്ചിരുന്നെന്ന് മുൻ ഇംഗ്‌ളീഷ് താരം ഗാരി ലിനേക്കർ കുറിച്ചു.
മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മെസ്സിയെ തേടി ബാലൺ ഡി ഓർ എത്തുന്നത്. ലിവർപൂളിന്റെ പ്രതിരോധ താരം വിർജിൽ വാൻ ഡിക്കിനെയും വിങ്ങർ സാദിയോ മാനെയെയും മറികടന്നാണ് താരം പുരസ്കാരത്തിനർഹനായത്. യുവന്റസ് സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ ചടങ്ങിനെത്തിയില്ല. കഴിഞ്ഞ കൊല്ലം ക്രോയേഷ്യയുടെ ലൂക്ക മോഡ്രിച്ച് അവാർഡ് സ്വന്തമാക്കിയപ്പോഴാണ് പത്തുവര്‍ഷത്തെ മെസ്സി റോണോ ആധിപത്യത്തിന് അവസാനമായത്.
കഴിഞ്ഞ സീസണിൽ 36 ഗോളുകൾ നേടിയ മെസ്സി മികച്ച ഫോമില്‍ തുടരുകയാണ്. ബാഴ്‌സയെ പത്താം സ്‌പാനിഷ് ലീഗ് കിരീടത്തിലേക്ക് നയിച്ച അര്‍ജന്റീനിയന്‍ താരം ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോററുമായിരുന്നു. ഈ സീസണിലും ബാഴ്‌സ ക്യാപ്റ്റന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. യൂറോപ്യൻ സീസോണുകളിലാകെ ഇതുവരെ 44 മത്സരങ്ങളിൽ നിന്നും 41 തവണ മെസ്സി വല കുലുക്കി.
അമേരിക്കൻ വനിതാ താരം മേഗന്‍ റാപ്പിനോയാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നേടിയത്. മികച്ച ഗോള്‍കീപ്പറായി ലിവര്‍പൂളിന്റെ ബ്രസീലിയന്‍ പ്ലെയര്‍ അലിസണ്‍ ബെക്കറെ തിരഞ്ഞെടുത്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം