മില്‍ഖാ സിംഗിനെക്കുറിച്ച് മിഥുന്‍ സുരേന്ദ്രന്‍ എഴുതുന്നു
ഇന്ത്യൻ ദേശീയതയുടെയും മണ്ണിന്റെയും ആത്‌മാവിനെ നെറുകെയും കുറുകെയും പിളർന്ന 1947 ലെ വിഭജനം 10 മുതൽ 20 വരെ മില്യൺ മനുഷ്യരെ ചിതറിച്ചു കളഞ്ഞു. മതത്തിന്റെ പേരിൽ എത്രയോ മനുഷ്യർ തെരുവിൽ കൊല്ലപ്പെട്ട ആ കെട്ട കാലത്ത് മനുഷ്യർ കൈയ്യിൽ കിട്ടുന്നതെല്ലാം എടുത്തു കൊണ്ട് ഒരു അഭയസ്ഥാനം തേടി പരക്കം പാഞ്ഞു. പലരും ലക്ഷ്യ സ്ഥാനത്തെത്തിയില്ല , അതിനു മുൻപെ കലാപകാരികളാൽ പിടികൂടപ്പെടുകയും അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. ഈ കാലത്ത് കുടുംബാംഗങ്ങളെല്ലാം കൺമുന്നിൽ വച്ച് കൊല ചെയ്യപ്പെട്ട് അനാഥരാക്കപ്പെട്ട ഒരു പാട് കുട്ടികൾ ഉണ്ടായിരുന്നു. അത്തരം രക്തമുറയുന്ന പലതരം കാഴ്ചകൾ അവരെ ജീവിതാവസാനം വരെ പിന്തുടർന്നിരുന്നു. കുഞ്ഞു മിൽഖയ്ക്കും ഉണ്ടായിരുന്നു അത്തരം ചില ഓർമ്മകൾ . കലാപകാരികൾ തന്റെ മാതാപിതാക്കളെയും ഒരു സഹോദരനെയും രണ്ട് സഹോദരികളെയും കൊല ചെയ്യുന്നത് നേരിൽ കാണേണ്ടി വന്ന അവസ്ഥ. ഇത് അന്നത്തെ ഇന്ത്യൻ പ്രധാനമന്തിയായിരുന്ന നെഹ്റുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് നെഹ്റു മിൽഖയെ വേട്ടയാടിയിരുന്ന അത്തരം നടക്കുന്ന ഓർമ്മകളെല്ലാം മാറ്റിവച്ച് ശാന്തമായ മനസ്സോടെ പാക്കിസ്ഥാൻ അതലറ്റ് അബ്ദുൾ ഖാലിദിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്, 1960 ൽ . ആയിടയ്ക്കാണ് അന്ന് മത്സരശേഷം ഉണ്ടായ ,പാക് ജനറലായിരുന്ന അയൂബ് ഖാന്റെ ഒരു പ്രസിദ്ധമായ പരാമർശത്തിൽ നിന്നും മിൽഖയുടെ പ്രശസ്തമായ ആ പേര് പിറക്കുന്നത് : പറക്കും സിംഗ് ( The Flying Sikh).
ലോകത്തെല്ലാമുള്ള പലതരം ട്രാക്കുകളിൽ ദീർഘ ദൂരങ്ങൾ താണ്ടിയിട്ടും തളരാതിരുന്ന മിൽഖ യുടെ ശ്വാസകോശം കഴിഞ്ഞ ദിവസം കോവിഡിന് ശേഷം ഉണ്ടായ ന്യുമോണിയ ബാധ കാരണം മൊഹാലിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ I C U വിൽ മരണത്തിന് മുന്നിൽ കീഴടങ്ങിയപ്പോൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് രാജ്യം കണ്ട എക്കാലത്തെയും മികച്ച രാജ്യാന്തര അത്‌ലറ്റിനെയാണ്.
ലോകത്തെല്ലാമുള്ള പലതരം ട്രാക്കുകളിൽ ദീർഘ ദൂരങ്ങൾ താണ്ടിയിട്ടും തളരാതിരുന്ന മിൽഖ യുടെ ശ്വാസകോശം കഴിഞ്ഞ ദിവസം കോവിഡിന് ശേഷം ഉണ്ടായ ന്യുമോണിയ ബാധ കാരണം മൊഹാലിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ I C U വിൽ മരണത്തിന് മുന്നിൽ കീഴടങ്ങിയപ്പോൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് രാജ്യം കണ്ട എക്കാലത്തെയും മികച്ച രാജ്യാന്തര അത്‌ലറ്റിനെയാണ്. ഇന്ത്യയുടെ ട്രാക്ക് ആൻഡ് ഫീൽഡ് കായിക ചരിത്രം എഴുതിയാൽ മിൽഖയെ പരാമർശിക്കാതെ ഒരു അധ്യായം പോലും എഴുതിത്തുടങ്ങാനാവില്ല.
ജനനം; പലായനം
1929 നവമ്പർ 20 ന് പഞ്ചാബിലുണ്ടായിരുന്ന ഗോവിന്ദപുര എന്ന സ്ഥലത്താണ് മിൽഖ സിംഗ് ജനിച്ചത്. അദ്ദേഹത്തിന്റെ എട്ടോളം സഹോദരൻമാർ വിഭജനത്തിനു മുൻപേ തന്നെ മരണപ്പട്ടു. ബാക്കിയുണ്ടായിരുന്ന മാതാപിതാക്കളും സഹോദരങ്ങളും കൺമുന്നിൽ വച്ച് കൊല ചെയ്യപ്പെട്ടു.
രണ്ട് മതമൗലികവാദികളും ചേരിതിരിഞ്ഞ് കലാപം നടത്തിയ ആ കാലത്ത് മുസ്ലീം കലാപകാരികളുടെ സിഖ് / ഹിന്ദു വേട്ടയിലാണ് മിൽഖയ്ക്ക് മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടത്.
ഇതോടെ ഡൽഹി ലക്ഷ്യമാക്കി പലായനം ചെയ്ത മിൽഖ എങ്ങനെയൊക്കെയോ കൊല്ലപ്പെടാതെ രക്ഷപെടുയായിരുന്നു. ഒരു കാലത്ത് ഒരു കൊള്ളക്കാരനായി പോലും ജീവിക്കാൻ തീരുമാനമെടുത്ത മിൽഖ പിന്നീട് ആ തീരുമാനം ഉപേക്ഷിച്ച് ഇന്ത്യൻ സൈന്യത്തിൽ ചേരുകയാണ് ചെയ്തത്.
സൈന്യത്തിൽ ചേർന്ന കാലത്താണ് അതിലെ പലതരം പരിശീലന പരിപാടികളിലും മത്സരങ്ങളിലും ഒക്കെ പങ്കെടുത്ത് മിൽഖ ആദ്യമായി അത്ലറ്റിക്സ് എന്ന മേഖലയിലേയ്ക്ക് എത്തിപ്പെടുന്നത്. പിന്നീട് സൈന്യത്തിലെ പരിശീലകർ മിൽഖയിലെ അത്ലറ്റിനെ കണ്ടെത്തുകയും അതിനെ ശരിയായ ദിശയ്ക്ക് വഴി തിരിച്ച് വിടുകയുമാണ് ഉണ്ടായത്.
മിൽഖയുൾപ്പെടെ അന്ന് 4 പേരാണ് ഒളിമ്പിക് ട്രാക്ക് റെക്കാർഡുകൾ ദേദിച്ചത്. നിർഭാഗ്യവശാൽ മറ്റു മൂന്നുപേരും മുന്നിൽ ഓടിയവരായിരുന്നു. ഈയൊരു നിർഭാഗ്യകരമായ സംഭവത്തെ പറ്റി മിൽഖ വളരെ വേദനയോടെ സംസാരിക്കുന്ന് കണ്ടിട്ടുണ്ട് . വെങ്കല മെഡൽ നേടിയ താരത്തിൽ നിന്ന് മിൽഖ യുടെ സമയ വ്യത്യാസം പത്തിലൊന്ന് സെക്കന്റ് മാത്രമായിരുന്നു.
മഹത്തായ ഒരു തോൽവിയും മറക്കാൻ ആഗ്രഹിച്ച ഒരോർമ്മയും :
1960 ലെ റോം ഒളിമ്പിക്സ് . ലോകത്തു നിന്നെല്ലാമുള്ള മികച്ച അത്‌ലറ്റുകൾ മാറ്റുരച്ച് നോക്കുന്ന ഒളിമ്പിക്സ് വേദി .
എല്ലാ കായിക താരങ്ങളുടെയും ഏറ്റവും വലിയ സ്വപ്ന മുഹൂർത്തം ഏതാണെന്ന് ചോദിച്ചാൽ അവർ പറയും അത് ഒളിമ്പിക് മെഡൽ കഴുത്തിൽ അണിഞ്ഞ ആ ദിവസമാണെന്ന് . എത്രയോ ലോകാത്തര താരങ്ങൾ അങ്ങനെ പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. മിൽഖ യുടേയും സ്വപ്നം അതായിരുന്നു.
അതിനുള്ള വേദിയായിരുന്നു റോം ഒളിമ്പിക്സ് . അതിന് തൊട്ടു മുൻപ് താൻ ട്രാക്കിൽ കാഴ്ചവച്ച സ്വപ്ന നേട്ടങ്ങളും രാജ്യാന്തര നേട്ടങ്ങളും തന്റെ മികച്ച 'അത്ലറ്റിക് പീക്ക് 'എന്ന് വിളിക്കാവുന്ന സമയവും ഒക്കെ കൊണ്ട് മിൽഖയും അത് പോലെ തന്നെ അദ്ദേഹത്തിന്റെ ആരാധകരും നമ്മുടെ രാജ്യവും ഒരുപോലെ കാത്തിരുന്ന ആ ഒളിമ്പിക് മെഡൽ ട്രാക്കിൽ വച്ച് ചെയ്ത ചില അപക്വമായ കണക്ക് കൂട്ടലുകൾ കാരണം കൈയ്യിൽ നിന്നും വഴുതിപ്പോകുന്ന ഒരു കാഴ്ചയാണ് പിന്നെ കാണാനായത്. 400 മീറ്റർ ഫൈനൽ . എല്ലാവരുടെയും കണ്ണ് മിൽഖ യിൽ . 100 മീറ്റർ , 200 മീററർ ഒക്കെ വെടിയും തീയും പോലെയാണ് സാധാരണ അവസാനിക്കാറ്. എന്നാൽ 400 മീറ്റർ ഒരേ സമയം വേഗതയുടേയും നിയന്ത്രണത്തിന്റെയും സ്റ്റാമിനയുടേയും ഒക്കെ ഒരു കളിയാണ് . മിൽഖ ആദ്യം നല്ല ഫോമിൽ ഓടി വളരെയധികം മുന്നിൽ എത്തിയെങ്കിലും അവസാന ലാപ്പിൽ അല്പം കൂടി ഊർജ്ജം സംഭരിക്കാം എന്ന പ്രതീക്ഷയിൽ മനപ്പൂർവ്വം വേഗത കുറയ്ക്കുകയും കൂടെയോടുന്നവരെ തിരിഞ്ഞ് നോക്കുകയും ഒക്കെ ചെയ്തു. ഡേവിസ്, മാൽക്കം സ്പെൻസ് , കാൾ കൗഫ് മാൻ എന്നിവരൊക്കെ ഈ സന്ദർഭത്തിൽ അദ്ദേഹത്തെ മറികടന്ന് പോയി. ഒരു പക്ഷെ ഒരു മികച്ച പ്രൊഫഷണൽ പരിശീലനത്തിന്റെ അഭാവമാകാം കാരണം. എന്തായാലും ഈ സമയത്ത് മറ്റുള്ളവർ പിന്നീട് മുന്നേറുകയും ഫോട്ടോ ഫിനിഷിൽ മിൽഖ നാലാമനായി ഓടിയെത്തുകയും ചെയ്തു. മിൽഖയുൾപ്പെടെ അന്ന് 4 പേരാണ് ഒളിമ്പിക് ട്രാക്ക് റെക്കാർഡുകൾ ദേദിച്ചത്. നിർഭാഗ്യവശാൽ മറ്റു മൂന്നുപേരും മുന്നിൽ ഓടിയവരായിരുന്നു. ഈയൊരു നിർഭാഗ്യകരമായ സംഭവത്തെ പറ്റി മിൽഖ വളരെ വേദനയോടെ സംസാരിക്കുന്ന് കണ്ടിട്ടുണ്ട് . വെങ്കല മെഡൽ നേടിയ താരത്തിൽ നിന്ന് മിൽഖ യുടെ സമയ വ്യത്യാസം പത്തിലൊന്ന് സെക്കന്റ് മാത്രമായിരുന്നു.
അദ്ദേഹത്തിന്റെ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ മേഖലകളിലെ മെഡലുകളും നേട്ടങ്ങളും വിലമതിക്കാനാകാത്തതാണ് .അതൊക്കെ എല്ലാവർക്കും അറിയാവുന്ന കഥകളാണ്.
നിലപാടുകൾ:
മിൽഖ ശക്തമായ നിലപാടുകൾ ഉണ്ടായിരുന്ന ഒരു മനുഷ്യനായിരുന്നു. താൻ നടന്ന് തീർത്ത കനൽ വഴികൾ അത്തരം ശക്തമായ നിലപാടുകൾ എടുക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി എന്ന് നമുക്ക് കരുതാം. ഇന്ത്യൻ കായിക വകുപ്പിലെ പലതരം പ്രശ്നങ്ങളെ പറ്റിയും ഒക്കെ , സർക്കാരുകളോട് പോലും മുഖംനോക്കാതെ ശക്തമായ അഭിപ്രായങ്ങൾ അദ്ദേഹം വെട്ടിത്തുറന്ന് പറയുന്നതിന് നമ്മൾ സാക്ഷിയായിട്ടുണ്ട്.
അത്തരം ഒരു സന്ദർഭമായിരുന്നു 2001 ൽ അർജ്ജുന അവാർഡ് നിരസിച്ച സന്ദർഭം. തന്നെ പോലൊരു അത്ലറ്റിന് ഇത് എന്നേ കിട്ടണ്ടതായിരുന്നുവെന്നും ഇത് തുടക്കക്കാർക്ക് കൊടുക്കേണ്ടതായിരുന്നുവെന്നും അപ്പൊ തരുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.
"I have been clubbed with sports persons who are nowhere near the level that l had achieved " എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. മിൽഖ സിംഗിനെ പറ്റി ഒരു ചലച്ചിത്രം (ഫർഹാൻ അക്തർ അഭിനയിച്ച ) അടുത്ത കാലത്ത് വലിയ ജനപ്രീതി നേടിയിരുന്നു. അത് കണ്ടിട്ട് ലോക പ്രസിദ്ധനായ അമേരിക്കൻ അത്ലറ്റ് കാൾ ലൂയിസ് അദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും അദ്ദേഹത്തിന് ഒരു ഉപഹാരം നൽകുകയും ചെയ്തു. ഒരു പക്ഷെ മികച്ച പ്രൊഫഷണൽ പരിശീലനം ലഭിച്ച അമേരിക്കൻ അത്ലറ്റ് ആയിരുന്ന കാൾ ലൂയീസിന് ഇന്ത്യ പോലൊരു രാജ്യത്ത് , കാര്യമായ ലോകോത്തര പരിശീലനമൊന്നും തുടക്കകാലത്ത് കിട്ടാതെ വളർന്ന് വന്ന് ഒളിമ്പിക് വേദിയിലെ ഫൈനൽ വരെയെത്തി നിർഭാഗ്യം കൊണ്ട് മാത്രം മെഡൽ നഷ്ടപ്പെട്ട മിൽഖാ സിംഗ് തനിക്ക് ലഭിച്ച പോലെയുള്ള സൗകര്യങ്ങൾ ലഭിച്ചിരുന്നുവെങ്കിൽ എന്തായിത്തീരുമായിരുന്നു എന്ന് നല്ല ഉറപ്പുണ്ടായിരുന്നിരിക്കണം.
ബാക്കി വച്ച ഒരു പ്രതീക്ഷ
മിൽഖ സിംഗ് , സാധാരണ ഏതൊരു മനുഷ്യനെയും പോലെ മരണത്തിന്റെ വാതിലിലൂടെ കടന്ന് പോയെങ്കിലും ,അദ്ദേഹം നടന്ന് തീർത്ത കനൽപ്പാതകളും താണ്ടിയ അവിശ്വസനീയമായ ദൂരങ്ങളും ദുരിതപൂർണ്ണമായ ഒരു ജീവിത ഭൂതകാലത്തിന്റെ ശൂന്യതയിൽ നിന്നും പാഞ്ഞ് വന്ന് വെട്ടിപ്പിടിച്ച നേട്ടങ്ങളും ഇന്ത്യൻ കായിക രംഗത്തിന് സമ്മാനിച്ച ഒരിക്കലും മാഞ്ഞ് പോകാത്ത ഓർമ്മളും എന്നും നമ്മോടൊപ്പമുണ്ടാകും; ഒപ്പം കൂടുതൽ തിളക്കത്തോടെ ലോകവേദികളിൽ രാജ്യത്തിന്റെ യശസ്സും പതാകയും ഉയർത്തിപ്പിടിച്ചപ്പോൾ ഹൃദയം നിറഞ്ഞ് ചിരിച്ച ആ ചിരിയും. എങ്കിലും അദ്ദേഹം സഫലമാകാത്ത ഒരു സ്വപ്നം അവശേഷിപ്പിച്ചാണ് കടന്ന് പോയത്. ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ഒരു ഒരിന്ത്യൻ അത്ലറ്റ് ഒളിമ്പിക് മെഡൽ നേടുന്ന ആ കാഴ്ച .