ഖത്തർ ലോകകപ്പിൽ ഇതിഹാസ താരം ലയണൽ മെസ്സിയുടെ കരിയറിന് പൂർണത നൽകാൻ കിരീടനേട്ടമെന്ന ലക്ഷ്യവുമായെത്തിയ അർജന്റീനയുടെ കണ്ണീർ വീഴ്ത്തി സൗദി അറേബ്യയുടെ അട്ടിമറി വിജയം. ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അഞ്ച് മിനിറ്റിനുള്ളിൽ തുടരെ രണ്ട് ഗോളുകൾ പായിച്ചാണ് സൗദി താരങ്ങൾ അർജന്‍റീന വല കുലുക്കിയത്. 48-ാം മിനിറ്റിൽ സാലിഹ് അൽ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാമത് അർജന്‍റീനയുടെ വല കുലുക്കി.
സൂപ്പർ താരം ലയണൽ മെസിയുടെ പെനാൽറ്റിയിലാണ് അർജന്‍റീനയുടെ കന്നി ഗോൾ പിറന്നത്. പരെഡെസിനെ ബോക്‌സിനകത്ത് വെച്ച് അല്‍ ബുലയാഹി ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്‍റീനക്ക് പെനാല്‍ട്ടി വിധിച്ചത്. ഈ പെനാൽറ്റി പാഴാക്കാതെ 10-ാം മിനിറ്റിൽ മെസി സൗദി ഗോൾവല ചലിപ്പിച്ചു.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മെസി സൗദി ഗോൾ പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്ത് തുടങ്ങി. 21-ാം മിനിറ്റിൽ അർജന്‍റീനയുടെ ഗോമസ് നടത്തിയ ഗോൾ ശ്രമം വിജയിച്ചില്ല. 27-ാം മിനിറ്റിൽ ലൗട്ടാറോ മാർട്ടിനെസിലൂടെ അർജന്‍റീന എതിരാളിയുടെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 42-ാം മിനിറ്റിൽ ഡി പോളും മാർട്ടിനെസും നടത്തിയ ശ്രമങ്ങളിലും ഗോൾ പിറന്നില്ല. എന്നാൽ, 45-ാം മിനിറ്റിൽ പരിക്കേറ്റ സൽമാൻ അൽ ഫറജിന് പകരം നവാഫ് അൽ ആബിദിനെ സൗദി കളത്തിലിറക്കി.
59-ാം മിനിറ്റിൽ അർജന്‍റീന മൂന്നു പേരെ മാറ്റിയിറക്കി. ക്രിസ്ത്യൻ റെമോറോക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസും അലജാൻഡ്രിയ ഗോമസിന് പകരം ജുലിയൻ അൽവാരസിനെയും ലിയാൻഡ്രോ പരദേസിന് പകരം എൻസോ ഫർണാണ്ടസുമാണ് പകരമിറങ്ങിയത്. 67-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ മഞ്ഞ കാർഡ് സൗദി താരം അബ്ദുല്ല അൽ മാൽകിക്ക് കിട്ടി. 69-ാം മിനിറ്റിൽ മാർട്ടിനെസ് നടത്തിയ നീക്കം ഫലം കണ്ടില്ല. 71-ാം മിനിറ്റിൽ നികോളസ് തഗ്ലിയഫികോയെ മാറ്റി മാർകോസ് അകുനയെ അർജന്‍റീന കളത്തിലിറക്കി പരീക്ഷിച്ചു. 75-ാം മിനിറ്റിലും 79-ാം മിനിറ്റിലും 82 മിനിറ്റിലും സൗദിയുടെ അലി അൽ ബുലയിക്കും സലിം അൽ ദവാസരിക്കും സൗദ് അബ്ദുൽ ഹമീദും മഞ്ഞ കാർഡ് കിട്ടി.
78-ാം മിനിറ്റിൽ സാലിഹ് അൽ ഷെഹ്രിയെ തിരിച്ചു വിളിച്ച് സുൽത്താൻ അൽഘാനത്തെ ഇറക്കി സൗദി പ്രതിരോധം ശക്തമാക്കി. 84-ാം മിനിറ്റിൽ മെസി ഹെഡ്ഡറിലൂടെ നടത്തിയ ഗോൾ ശ്രമം സൗദി ഗോളി കൈയിൽ അവസാനിച്ചു. 88-ാം മിനിറ്റിൽ സൗദി താരം നവാഫ് അൽ ആബിദിന് മഞ്ഞ കാർഡ് കിട്ടി. കളി അവസാനത്തിലേക്ക് കടന്നതോടെ 89-ാം മിനിറ്റിൽ സൗദി രണ്ട് താരങ്ങളെ മാറ്റി പരീക്ഷിച്ചു. നവാഫ് അൽ ആബിദിന് പകരം അബ്ദുല്ല അൽ അംറിയും ഫെരസ് അൽ ബ്രികന് പകരം ഹൈത്തം അസിരിയുമാണ് ഇറങ്ങിയത്.