എറിഞ്ഞിട്ട് സ്റ്റംപ് തെറിപ്പിക്കുന്നതിലും അടിച്ചുയര്‍ത്തി സിക്സര്‍ പറത്തുന്നതിലുമാണ് ക്രിക്കറ്റിന്റെ സൗന്ദര്യമത്രയും. പന്താണ് ക്രിക്കറ്റിന്റെ ജീവന്‍. പലതരമുണ്ട് ക്രിക്കറ്റ്ബോളുകള്‍. ഓസ്ട്രേലിയ അവതരിപ്പിച്ച കൂക്കബുറയും ഇന്ത്യ അവതരിപ്പിച്ച എസ്ജിയും ഇംഗ്ലണ്ട് അവതരിപ്പിച്ച ഡ്യൂക്സുമാണ് മുഖ്യ ഇനങ്ങള്‍. എന്നാല്‍ കൂക്കബുറയോ, എസ്ജിയോ അല്ല, പ്രതീക്ഷിക്കപ്പെട്ടപോലെ ഡ്യൂക്സ്ബോളാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ കളം കീഴടക്കാക്കാനെത്തുന്നത്. ഇംഗ്ലണ്ടില്‍ തന്നെ നിര്‍മ്മിക്കുന്നതുകൊണ്ടാണ് ഡ്യൂക്സ് ബോളിന് പ്രാമുഖ്യം ലഭിക്കുന്നത്. കാരണം ഇംഗ്ലണ്ടിലെ കാലാവസ്ഥയ്ക്കും പിച്ചുകള്‍ക്കും അനുസരിച്ച് തയ്യാറാക്കിയതാണ് ഡ്യൂക്സ്. ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന ടെസ്റ്റ് മുതല്‍ ട്വന്റി ട്വന്റി വരെയുള്ള മത്സരങ്ങളില്‍ ഡ്യൂക്സ് ബോളാണ് ഉപയോഗിക്കുന്നത്. കൂടാതെ ആതിഥേയ രാജ്യത്തിന് ഇഷ്ടമുള്ള പന്ത് തെരഞ്ഞെടുക്കാമെന്ന ആനുകൂല്യവുമുണ്ട്. അതിനാല്‍ കൂക്കബുറയും എസ്ജിയും ഇംഗ്ലണ്ടില്‍ അപ്രസക്തമാകും.
ഡ്യൂക്സിന്റെ സവിശേഷതകള്‍
156 മുതല്‍ 163 ഗ്രാം വരെയാണ് പന്തിന്റെ ഭാരം. ഇരുണ്ട ചുവപ്പാണ് ബോളിന്റെ നിറം. മികച്ച കാര്യക്ഷമതയും ഗുണമേന്‍മയും ഇവ പ്രദാനം ചെയ്യുന്നു. തേയ്മാനം കുറവാണെന്നതും ബോളിന്റെ തിളക്കം നഷ്ടപ്പെടാതെ നിലനില്‍ക്കുമെന്നതും പ്രത്യേകതയാണ്. ടെസ്റ്റ് മത്സരത്തില്‍ 80 ഓവറുകള്‍ക്ക് ശേഷമേ പന്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നുള്ളൂ. അതായത് മറ്റുള്ളവയെ അപേക്ഷിച്ച് ബോളിന് പഴക്കം ചെല്ലുന്തോറും അത്രമേല്‍ കാര്യക്ഷമത കുറയുന്നില്ല. ഭംഗിയും ആകൃതിയും അതേ പോലെ നിലനില്‍ക്കും. കോര്‍ക്ക്,ലാറ്റക്‌സ്,ലെതര്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മാണം. കോര്‍ക്കിന് മുകളില്‍ ലാറ്റക്‌സ് റബ്ബറും പുറം തോടായി ലെതറും പതിച്ച് തുന്നല്‍ സഹിതമാണ് ബോള്‍ തയ്യാറാക്കുക. ഇംഗ്ലണ്ടിലെ മഴയെ അതിജീവിക്കാന്‍ ലെതര്‍ ഗ്രീസ് കട്ടിയില്‍ ഉപയോഗിക്കുന്നുണ്ട്. അതാണ് ഇരുണ്ട ചുവപ്പുനിറത്തിന് കാരണം. പുറംഭാഗം മറ്റുള്ളവയേക്കാള്‍ മൃദുലമാണ്. ഇതുകൊണ്ടാണ് തിളക്കം ഏറെ നേരം നില്‍ക്കുന്നത്.
തുന്നലടക്കം കൈകളാല്‍ പന്ത് നിര്‍മ്മിക്കുന്നുവെന്നതാണ് പ്രധാന സവിശേഷത. 55-60 ഓവര്‍ വരെ തുന്നല്‍ ഇളകാതെ നില്‍ക്കും. സീമര്‍മാര്‍ക്ക് ഏറെ അനുയോജ്യപ്രദമാണ് ഡ്യൂക്സ്. തുടക്കം തന്നെ സ്വിംഗ് നല്‍കില്ലെങ്കിലും മത്സരം പുരോഗമിക്കെ പരമ്പരാഗത സ്വിംഗിലേക്ക് പന്ത് വഴിമാറും. പന്ത് ബൗണ്‍സ് ചെയ്യുന്ന കാര്യത്തില്‍ കാലാവസ്ഥയോ പിച്ചിന്റെ പ്രത്യേകതകളോ വിഷയമാകുന്നില്ല. അതായത് സാധാരണ ബൗണ്‍സ് പന്ത് ഉറുപ്പുനല്‍കുന്നുണ്ട്. സ്പിന്നര്‍മാരെയും പന്ത് തുണയ്ക്കും. എന്നാല്‍ പന്തിന്റെ പ്രയോഗത്തില്‍ ചില സ്പിന്നര്‍മാര്‍ എതിരഭിപ്രായം പറയാറുണ്ട്.ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ ഉപകാരപ്പെടുകയെന്നാണ് ഇവരുടെ വാദം. ബോള്‍ നേരിടുന്ന ബാറ്റ്സ്മാന്‍മാര്‍ക്കും പന്ത് സൗകര്യപ്രദമാണ്.
ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളില്‍ ഡ്യൂക്സ് ബോള്‍ പരീക്ഷിക്കണമെന്ന അഭിപ്രായക്കാരനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ നിര്‍മ്മിത എസ്ജി ബോളുകള്‍ പഴക്കം ചെല്ലുന്തോറും ഭാവമാറ്റം സംഭവിക്കുന്നുവെന്ന് അശ്വിനും വിരാട് കോഹ്ലിയും വ്യക്തമാക്കിയിരുന്നു. തുന്നല്‍ നേരത്തേ ഇളകിപ്പോകുന്നതായും താരങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്ജിയെ അപേക്ഷിച്ച് ഗുണമേന്‍മ ഡ്യൂക്സിന് കൂടുതലുള്ളതിനാല്‍ അതുപയോഗിക്കണമെന്നാണ് ആവശ്യം. അതിനാല്‍ തന്നെ ഇംഗ്ലണ്ടില്‍ ഡ്യൂക്സ് ബോളുപയോഗിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശങ്കയില്ല. ഇംഗ്ലണ്ടിന് പുറമെ വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ ഡ്യൂക്സ് ബോളാണ് ഉപയോഗിക്കുന്നത്.