ഇന്ത്യയുടെ ആദ്യത്തെ പകല്‍ രാത്രി ടെസ്റ്റ് മത്സരം വെള്ളിയാഴ്ച്ച ആരംഭിക്കാനിരിക്കുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെ. 'ചരിത്ര ടെസ്റ്റിനെ ഓര്‍ത്തു സ്വപ്നം കാണുന്നു', എന്ന തലക്കെട്ടോടെ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന് കീഴെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഉള്‍പ്പടെയുള്ള താരങ്ങളുടെ രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു. 'നൈസ് പോസ് ജിങ്ക്സി' എന്നായിരുന്നു കോഹ്ലിയുടെ കമന്റ്. 'സ്വപ്നത്തിനിടയില്‍ എടുത്ത ഫോട്ടോ' എന്നായിരുന്നു ഓപ്പണര്‍ ശിഖര്‍ ധവാന്റെ ക്യാപ്ഷന്‍.
ഇന്‍ഡോറില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 86 റണ്‍സ് നേടിയ രഹാനെ മികച്ച ഫോമിലാണ്. മധ്യനിരയെ താങ്ങി നിര്‍ത്തേണ്ട നിര്‍ണ്ണായക ചുമതലയാണ് രഹാനയെ കാത്തിരിക്കുന്നത്. കോഹ്ലിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ ടീം ഫ്‌ളഡ് ലൈറ്റില്‍ പരിശീലിച്ചിരുന്നു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര, ആര്‍ അശ്വിന്‍ എന്നിവര്‍ ആദ്യമായാണ് നെറ്റ്‌സില്‍ പിങ്ക് ബോള്‍ പരിശീലനം നടത്തിയത്. താരങ്ങളെല്ലാം ആവേശത്തിലാണെന്ന് ക്യാപ്റ്റന്‍ പ്രതികരിച്ചു. ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യക്ക് മൂന്ന് തവണ പിങ്ക് ബൗള്‍ പരിശീലനത്തിന് അവസരമൊരുക്കിയിരുന്നെന്ന് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു.
പകല്‍ രാത്രി ടെസ്റ്റ് മത്സരത്തിന് ഇന്ത്യന്‍ മാനേജ്മന്റ് ഇതിന് മുന്‍പ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഓസീസ് പര്യടനത്തിലെ ഒരു മത്സരം പകലും രാത്രിയുമായി നടത്താമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിര്‍ദ്ദേശം ഇന്ത്യ തള്ളി. പുതുതായി ചുമതലയേറ്റ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്‍കൈ എടുത്തതോടെയാണ് പിങ്ക് ബോള്‍ ടെസ്റ്റിന് വഴിയൊരുങ്ങിയത്. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിന് വേണ്ടി കോഹ്ലിയുമായി ദാദ നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം