നിരന്തരമായ പരുക്കും പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നുള്ള തഴയലും മൂലം ക്രിക്കറ്റ് ആസ്വദിക്കാന്‍ കഴിയാത്ത ഒരവസ്ഥ നേരിട്ടിരുന്നുവെന്ന് ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. ടിവിയില്‍ പോലും മത്സരം കാണാനുള്ള താല്പര്യമില്ലായിരുന്നുവെന്ന് വെറ്ററന്‍ ഓഫ് സ്പിന്നര്‍ പറഞ്ഞു. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ലോകകപ്പ് ടി20 ടിമിലേക്ക് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും താരം പ്രതികരിച്ചു.
നിരന്തരമായ പരുക്കുകളും പരിമിത ഓവർ ക്രിക്കറ്റിലേക്ക് പരിഗണിക്കാതിരുന്നതും കളിയോടുള്ള എന്റെ ആസ്വാദനം കെടുത്തി. ആ കാലഘട്ടം എന്നെ വളരെയധികം ഭീതിയിലാഴ്ത്തി. ടിവിയിൽ പോലും മത്സരം കാണാൻ തോന്നിയില്ലരവിചന്ദ്രൻ അശ്വിൻ
കുറെ ആളുകളുടെ പിന്തുണയോടെ ആ ഘട്ടത്തിൽ നിന്നും താൻ മുക്തനായി. ഇന്ത്യയ്ക്കായി ലോകകപ്പ് കളിക്കാൻ ആഗ്രഹമില്ലാത്തതായി ആരുമില്ല. യുവരാജ് 2014 ടി 20 ലോകകപ്പിലും 2017 ചാമ്പ്യൻസ് ട്രോഫിയിലും തിരിച്ചു വരവ് നടത്തി. എനിക്ക് 33 വയസ്സ് മാത്രമേ ആയിട്ടുള്ളു. പരിചയസമ്പത്തുള്ളതിനാൽ ഫിറ്റ്നസ് നിലനിർത്തുകയും ബൗളിംഗ് മെച്ചപ്പെടുത്തുകയും ചെയ്താൽ ഐപിഎല്ലിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നും താരം ചൂണ്ടിക്കാട്ടി. 2017 ജൂലൈയിലാണ് അശ്വിൻ അവസാനമായി നീല കുപ്പായം അണിഞ്ഞത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥിരാംഗമാണെങ്കിലും ചാഹലിന്റെയും കുൽദീപ് യാദവിന്റെയും കടന്ന് വരവോടെ അശ്വിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. അശ്വിൻ- ജഡേജ സഖ്യത്തിന്റെ ജോലിഭാരം കുറയ്ക്കാനാണ് ചാഹലിനെയും കുൽദീപിനെയും ടീമിലേക്ക് തിരഞ്ഞെടുത്തത്. എന്നാൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ അശ്വിൻ- ജഡ്ഡു സഖ്യത്തിന്റെ സ്ഥാനം തെറിച്ചു. വിക്കറ്റ് നേടുന്നതിലുള്ള ഇരുവരുടെ പോരായ്‌മയും പുറത്താകലിന് വഴിയൊരുക്കി. 2019 ലോകകപ്പിന് മുൻപായി ജഡേജ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറിന് നീല ജഴ്സി അണിയാൻ സാധിച്ചില്ല.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം