ടി 20 ലോകകപ്പിനു ശേഷവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുമെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ. രണ്ട് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ലങ്കന്‍ പേസ് ബോളര്‍ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ടി 20 ലോകകപ്പ് വരെ നായക സ്ഥാനത്ത് തുടരാനാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. പക്ഷെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇടയ്ക്കിടെ നായകന്മാരെ നീക്കാറുള്ളത് കൊണ്ട് തന്റെ സ്ഥാനത്തിന്റെ കാര്യത്തില്‍ അത്ര നിശ്ചയമില്ലെന്നും മലിംഗ പ്രതികരിച്ചു.
കഴിവുറ്റ ഒരു ബോളറുടെ അഭാവം ലങ്കന്‍ നിരയിലുണ്ട്. സ്ഥിരത എന്നത് വളരെ പ്രധാനമാണ്. എന്റെ നിര്‍ദേശങ്ങള്‍ യുവ ബൗളര്‍മാര്‍ക്ക് ഒരു സഹായമാണെങ്കില്‍ ടീമില്‍ കുറച്ചു നാള്‍ കൂടി തുടരുന്നതില്‍ സന്തോഷമേയുള്ളൂ. ലസിത് മലിംഗ
മുന്‍പ് 2020 ടി20 ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കളമൊഴിയുമെന്ന് മലിംഗ പ്രഖ്യാപിച്ചിരുന്നു. 2014ല്‍ ശ്രീലങ്ക ടി 20 കിരീടം നേടുമ്പോള്‍ മലിംഗയായിരുന്നു ക്യാപ്റ്റന്‍. അന്താരാഷ്ട്ര ടി 20യില്‍ 100 വിക്കറ്റ് സ്വന്തമാക്കിയ ഏക ബോളറാണ് മലിംഗ. ലോക ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും നൂറിലധികം വിക്കറ്റ് നേടിയ ഒരേയൊരു താരവും 'യോര്‍ക്കര്‍ കിങ്ങാണ്'. പഴയ ശൗര്യമില്ലെങ്കിലും തന്റെ യോര്‍ക്കറുകളും സ്ലോ ബോളുകളും കൊണ്ട് താരം ബാറ്റ്‌സ്മാന്‍മാരെ കബളിപ്പിക്കുന്നുണ്ട്. ന്യൂസിലാന്‍ഡിനെതിരെ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പരമ്പരയില്‍ തുടര്‍ച്ചയായ 4 പന്തുകളില്‍ 4 വിക്കറ്റ് നേടി തന്റെ മികവിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുനയാണ് ഈ 36കാരന്‍.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം