ബംഗ്ലാദേശിനെതിരെ രാജ് കോട്ട് രണ്ടാം ടി 20യില്‍ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിനോടൊപ്പം പന്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. മത്സരത്തില്‍ ഋഷഭ് പന്ത് വരുത്തിയ പിഴവുകളാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പന്ത് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണ് കാണികളുടെ വിലയിരുത്തല്‍.
ചാഹല്‍ എറിഞ്ഞ മത്സരത്തിന്റെ ആറാം ഓവറില്‍ വിക്കറ്റ്കീപ്പിങ്ങിന്റെ അടിസ്ഥാനപാഠം മറന്ന് പോയ പന്ത് ഉറപ്പായിരുന്ന സ്റ്റംപിങ് വിക്കറ്റ് അവസരം കളഞ്ഞ് കുളിച്ചു. ഓവറിന്റെ മൂന്നാം പന്തില്‍ ചാഹലിനെ കയറി കളിക്കാന്‍ നോക്കിയ ലിറ്റണ്‍ ദാസിന്റെ ശ്രമം പാളി. അനായാസം ബെയ്ല്‍സ് തെറുപ്പിച്ച ഋഷഭ് പന്തും ഇന്ത്യന്‍ താരങ്ങളും ആഹ്ലാദ പ്രകടനം തുടങ്ങി. പക്ഷെ സംശയം തോന്നിയ അംപയര്‍മാര്‍ തീരുമാനം തേഡ് അംപയര്‍ക്കു വിട്ടു. റീപ്ലേ പരിശോധിച്ചപ്പോഴാണ് ഋഷഭ് പന്ത് നിയമം ലംഘിച്ചതായി വ്യക്തമായത്. ആ പന്ത് നോ ബോള്‍ വിധിക്കുകയും ചെയ്തു. അടുത്ത രണ്ടു ബോളുകളും ബൗണ്ടറി കടത്തിയാണ് ലിറ്റണ്‍ ദാസ് തന്റെ 'ലൈഫ്' ആഘോഷിച്ചത്. പിഴവിന് പരിഹാരമായി ഋഷഭ് പന്ത് തന്നെ ലിട്ടണ്‍ ദാസിനെ റണ്‍ഔട്ടിലൂടെ പുറത്താക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ നടന്ന ആദ്യ ടി 20യില്‍ ചെറിയ പിഴവുകള്‍ വരുത്തിയ പന്ത് ആരാധകരോഷം പിടിച്ചുപറ്റിയിരുന്നു. ഇന്നലത്തെ സംഭവത്തോടെ വരുന്ന ടി 20 ലോകകപ്പിന് മുന്നോടിയായി മഹേന്ദ്ര സിംഗ് ധോണിയെ വിക്കറ്റ് കീപ്പറായി നിയമിക്കണമെന്ന ആരാധകരുടെ മുറവിളി ശക്തമായിരിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കിനെയെങ്കിലും തിരിച്ചു കൊണ്ടുവരണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു. പന്തിനെതിരായുള്ള ട്രോളുകള്‍ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുറച്ച് നാളായി ബാറ്റിംഗിലും മികവ് പുലര്‍ത്താന്‍ കഴിയാത്ത പന്തിനെ ഒഴിവാക്കണമെന്നും പകരം സഞ്ജു സാംസണെ കളിപ്പിക്കണമെന്നും അഭിപ്രായം ഉയരുന്നു. ഒരു പിഴവിന്റെ ഇത്രയേറെ കോലാഹലത്തിന്റെ ആവശ്യമില്ലെന്നും പന്ത് കൂടുതല്‍ മികച്ച കളിക്കാരനാകുമെന്നും ചില ക്രിക്കറ്റ് പ്രേമികള്‍ ട്രോളുകള്‍ക്കിടെ പ്രതികരിക്കുന്നുണ്ട്.
രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് വിസ്‌ഫോടനത്തില്‍ തകര്‍ന്ന ബംഗ്ലാദേശിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ പരമ്പര 1-1 സമനിലയിലായി. അവസാന മത്സരം ഞായറാഴ്ച നാഗ്പൂരില്‍ നടക്കും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം