ഇന്ത്യൻ വിജയങ്ങൾക്ക് നിർണ്ണായക പങ്ക് വഹിച്ച ഒട്ടേറെ ഇതിഹാസ താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് വേണ്ട ബഹുമാനം നൽകിയില്ലെന്ന് ഹർഭജൻ സിങിന്റെ വെളിപ്പെടുത്തൽ. യുവരാജ് സിംഗ്, വിരേന്ദർ സേവാഗ്, ഗൗതം ഗംഭീർ, വി വി എസ് ലക്ഷ്മൺ എന്നിവർക്ക് കയ്‌പേറിയ വിടവാങ്ങലാണ് ക്രിക്കറ്റ് ബോർഡ് സമ്മാനിച്ചതെന്നും ഭാജി പ്രതികരിച്ചു.
2011 ലോകകപ്പിൽ കളിച്ച ഒരുപാട് താരങ്ങളെ പിന്നീട് നടന്ന ലോകകപ്പിൽ നിന്നും ഒഴിവാക്കി. ഞാൻ, യുവി, സേവാഗ്, ഗംഭീർ എന്നിവർക്കെല്ലാം അടുത്ത ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നു. പക്ഷെ ഞങ്ങളെയെല്ലാം തള്ളി കളഞ്ഞു. ഞങ്ങളെ മാറ്റി നിർത്തിയതിന്റെ അജണ്ടക്കുള്ള കാരണമെന്താണെന്ന് എനിക്കറിയില്ല. നിങ്ങളുടെ ജോലി കഴിഞ്ഞു, ഇനി നിങ്ങൾക്ക് പോകാം എന്ന തരത്തിലായിരുന്നു ബോർഡിന്റെ പ്രവൃത്തിഹർഭജൻ സിംഗ്
യുവതാരങ്ങളിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ലോകകപ്പിന് പോകുന്നത് വിഡ്ഢിത്തമാണെന്ന് യുവി പറഞ്ഞിരുന്നു. ടീമിൽ പരിചയസമ്പത്തുള്ള താരങ്ങൾ അനിവാര്യമാണ്. സമ്മർദ നിമിഷങ്ങളിൽ കൃത്യമായ തീരുമാനമെടുക്കാൻ അവർക്ക് കഴിയും. കിരീടമുയർത്താൻ വേണ്ട നിർദ്ദേശങ്ങളും അവർക്ക് പങ്കുവയ്ക്കാനാകും. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചാമ്പ്യന്മാരെ ബഹുമാനിക്കണം. എന്നാൽ ഇന്ത്യയിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ,ഹർഭജൻ കൂട്ടിച്ചേർത്തു.
സന്ദീപ് പാട്ടീൽ നേതൃത്വം നൽകിയ സെലക്ഷൻ കമ്മിറ്റി യുവരാജ് സിംഗ്, വിരേന്ദർ സേവാഗ്, ഗൗതം ഗംഭീർ, ഹർഭജൻ സിംഗ് എന്നിവരെ 2015 ലോകകപ്പിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ത്യ കിരീടമുയർത്തിയ 2011 ലോകകപ്പിലെ നാല് താരങ്ങളെ മാത്രമാണ് നിലനിർത്തിയത്. വീരു 2015ലും ഗംഭീർ 2018ലും യുവി 2019ലും വിരമിക്കൽ പ്രഖ്യാപിച്ചു. ഹർഭജൻ ഇതുവരെ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഇവർക്ക് ഒരു വിരമിക്കൽ മത്സരം പോലും നൽകാത്തതിൽ ആരാധകരും ബോർഡിനെതിരെ രംഗത്ത് വന്നിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം