Sports

കോപ്പയില്‍ നാളെ പന്തുരുളും; ആദ്യ പോരാട്ടം അര്‍ജന്റീനയും കാനഡയും തമ്മില്‍

ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാന്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് നാളെ കിക്കോഫ്. അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയെ നേരിടും. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലെ 14 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 14ന് ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. 2016ന് ശേഷം രണ്ടാമത്തെ തവണയാണ് കോപ്പയ്ക്ക് അമേരിക്ക വേദിയാകുന്നത്. 2022ലെ ഫിഫ ലോകകപ്പ് നേടിയ ലയണല്‍ മെസ്സിയുടെയും ലയണല്‍ സ്‌കലോനിയുടെയും അര്‍ജന്റീന കോപ്പയില്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ മയാമിയില്‍ കളിക്കുന്ന മെസ്സിക്ക് അമേരിക്കയില്‍ ആരാധകര്‍ ഏറെയാണ്. കോപ്പയിലെ നിലവിലെ ചാമ്പ്യനും ലോകചാമ്പ്യന്‍മാരുമായ അര്‍ജന്റീനയ്ക്ക് അതുകൊണ്ടുതന്നെ ഇതൊരു ഹോം ടൂര്‍ണമെന്റാകും. ഇതുവരെ 15 തവണ കോപ്പ നേടിയിട്ടുള്ള അര്‍ജന്റീനന്‍ ടീം നിലവില്‍ അപാര ഫോമിലാണ്. അവസാനം കളിച്ച 14 മാച്ചുകളില്‍ 13ഉം വിജയിച്ചിട്ടാണ് അവര്‍ കോപ്പയ്ക്കായി എത്തുന്നത്. സ്‌കലോനിയുടെ ശിഷ്യത്വത്തില്‍ മെസ്സി എന്ന വമ്പന് പുറമേ, ജൂലിയന്‍ അല്‍വാരസ്, അലക്‌സിസ് മെക്കാലിസ്റ്റര്‍ നിക്കോളാസ് ഗോണ്‍സാലസ് തുടങ്ങിയവരും കളം നിറയും.

അര്‍ജന്റീനയും ബ്രസീലും അടക്കം 16 ടീമുകളാണ് കോപ്പ അമേരിക്കയില്‍ കളിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ടീമുകള്‍ മാത്രമല്ല മത്സരിക്കാനെത്തുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക ആന്‍ഡ് കരീബിയന്‍ അസോസിയേഷന്‍ ഫുട്‌ബോളില്‍ (കോണ്‍കകാഫ്) നിന്ന് ആറു ടീമുകളും കോപ്പയില്‍ ഭാഗ്യപരീക്ഷണത്തിന് എത്തുന്നു. യുഎസ്, മെക്‌സിക്കോ, ജമൈക്ക, കാനഡ, കോസ്റ്റാറിക്ക, പനാമ എന്നീ രാജ്യങ്ങളുടെ ടീമുകളാണ് ഇവ. മുന്‍പ് ജപ്പാനും ഖത്തറുമൊക്കെ കോപ്പ കളിച്ചിട്ടുണ്ടെങ്കിലും 2021ല്‍ നടന്ന കഴിഞ്ഞ എഡിഷനില്‍ 10 ലാറ്റിന്‍ അമേരിക്കന്‍ ടീമുകള്‍ മാത്രമേ പങ്കെടുത്തുള്ളു.

2026ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തയ്യാറെടുപ്പായാണ് ഇത്തവണ കോപ്പയെ വിശേഷിപ്പിക്കുന്നത്. 36കാരനായ മെസ്സി കഴിഞ്ഞ കോപ്പ, ലോകകപ്പ് എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ വിന്നര്‍ മെഡല്‍ എന്ന ലക്ഷ്യവുമായാണ് എത്തുന്നത്. അതേസമയം ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍ ബാലന്‍ ഡ്യോര്‍ സ്വപ്‌നവുമായാണ് കളിക്കാനിറങ്ങുക. അര്‍ജന്റീന കഴിഞ്ഞാല്‍ കോപ്പ ഉയര്‍ത്താന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമും ബ്രസീല്‍ തന്നെയാണ്. 2019ലെ കോപ്പ നേടിയ ബ്രസീല്‍ പത്ത് തവണ കിരീടം ചൂടിയിട്ടുണ്ട്.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT