തനിക്കു നഷ്ടപ്പെട്ട സ്വർണമെഡൽ 37 വർഷങ്ങൾക്കു ശേഷം അതേ പ്രായക്കാരനായ ശിഷ്യനിലൂടെ തിരിച്ചുപിടിച്ച കോച്ച്
ജാവലിൻ ഒരിക്കൽ മാത്രമേ 100 മീറ്ററിനപ്പുറം പറന്നിട്ടുള്ളൂ, അതിനു പിന്നിലെ കരങ്ങൾ ഉവെ ഹോൺ എന്ന ജർമൻ താരത്തിന്റെ ആണ്. പിന്നീടിന്നുവരെ ഒരാൾക്കും, ഒരു ഒളിമ്പിക്സിനും, അതിനെ മറികടക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഹോണിനു ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
1984 ൽ അമേരിക്കയിൽ നടന്ന ഒളിമ്പിക്സ് ബഹിഷ്ക്കരിച്ച രാജ്യങ്ങളിൽ കിഴക്കൻ ജർമനിയും ഉണ്ടായിരുന്നു. ബഹിഷ്ക്കരിച്ച രാജ്യങ്ങൾ ചേർന്നു സംഘടിപ്പിച്ച ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ ജാവലിൻ എറിയാൻ പോയി 104.68 മീറ്റർ താണ്ടി ഹോൺ ലോകത്തിന്റെ കണ്ണുതള്ളിച്ചു. ആദ്യമായി ഒരു ജാവലിൻ സെഞ്ചുറി അടിച്ചു. അന്നത്തെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് എറിഞ്ഞത് 86.76 മീറ്റർ മാത്രമായിരുന്നു.
1986 ൽ ജാവലിൻ നിയമങ്ങൾ പരിഷ്കരിക്കുകയും നിലവിൽ ഉണ്ടായിരുന്ന ലോകറെക്കോർഡുകൾ മായിച്ചു കളയുകയും ചെയ്തു. അങ്ങനെ ഹോണിന്റെ 104.68 മീറ്റർ വീരചരമം പ്രാപിച്ച റെക്കോർഡായി, നാളിതുവരെ മറ്റാർക്കും മറികടക്കാനാവാതെ ഇന്നും ജീവിച്ചിരിക്കുന്ന റെക്കോർഡ്.
ആ മനുഷ്യൻ ഒളിമ്പിക്സ് സ്വർണമെഡൽ നേടിയ ദിവസം കൂടിയാണ് ഇന്നലെ. ഇന്ത്യയുടെ ആദ്യത്തെ അത്‌ലറ്റിക് മെഡലിലേക്കുള്ള ഏറിനു ശേഷം, ജാവലിൻ പോയ ഭാഗത്തേക്കു പോലും നോക്കാതെ, അത്രമേൽ നിശ്ചയത്തോടെ, വിജയത്തിലേക്കു കൈയുയർത്തി തിരിഞ്ഞുനടന്ന നീരജ് ചോപ്രയെ മൊബൈൽ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്ന ആ മനുഷ്യനാണ് ഉവെ ഹോൺ.
23 മത്തെ വയസ്സിൽ തനിക്കു നഷ്ടപ്പെട്ട സ്വർണമെഡൽ 37 വർഷങ്ങൾക്കു ശേഷം അതേ പ്രായക്കാരനായ ശിഷ്യനിലൂടെ തിരിച്ചുപിടിച്ച കോച്ച് ഉവെ ഹോൺ