2022 ഡിസംബർ മാസം പതിനെട്ടാം തീയതി രാത്രി ഞങ്ങളിൽ നിന്ന് ഒരിക്കലും മായ്ഞ്ഞു പോയില്ല.അനിശ്ചിതത്വം ഞങ്ങളെ ഓരോ തിരിവിലും തള്ളിയിടുമ്പോൾ നീതിമാനെ പോലെ കാലം ഞങ്ങളെ ചേർത്തു പിടിക്കുന്നതായി തോന്നി. ഹൃദയം സ്തംഭിച്ചു പോകുമോ എന്ന് ഭയന്ന് പോയിരുന്നു ഞങ്ങൾ. അതുപോലൊരു രാത്രി മുൻപോ പിൽകാലത്തോ ഉണ്ടായിട്ടില്ല. ആ രാത്രി അവസാനിച്ചതേയില്ല. ഞങ്ങൾ പുലരുവോളം കുറെ ചിരിച്ചു. നഗരത്തിലൂടെ ദീർഘദൂരം വണ്ടിയോടിച്ചു. നല്ല ഭക്ഷണം കഴിച്ചു. പിണങ്ങി നിന്നിരുന്ന സുഹൃത്തിനെ കുറെ കാലത്തിനു ശേഷം ഫോണിൽ വിളിച്ചു വെറുതെ കാലം കഴിച്ചതിനെ കുറിച്ച് പായാരം പറഞ്ഞു. കാമുകിയുടെ വീട് വരെ ബൈക്ക് ഓടിച്ചു പോയി അതിസാഹസികരായി. ജീവിതപങ്കാളിയെ നിന്നനിൽപ്പിൽ സ്നേഹിച്ചതിനാൽ അവർക്ക് അല്പം സംശയം തോന്നി, എങ്കിലും ഒരു കൊട്ട നിറയെ ഉമ്മകൾ കൊടുത്തയച്ചു.വഴിയിൽ കാണുന്നവരെയൊക്കെ ഉദാരമായി കെട്ടിപിടിച്ചു. എല്ലാവരുടെയും ചുണ്ടിൽ മധുരതരമായൊരു പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. നിങ്ങൾക്ക് ഊഹിക്കാനാവുമോ അതുപോലൊരു രാത്രി.
ഈ രാത്രി ചരിത്രമായി പോകുമ്പോൾ, ചരിത്രത്തിൽ നിന്ന് മിത്തിലേക്ക് നടത്തുന്ന പരകായ പ്രവേശത്തെ മുകളിലേത് പോലെ ആരെങ്കിലും വരാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുമായിരിക്കും. ചരിത്ര ആഖ്യായികയ്ക്ക് മുന്നിൽ ചെവി കൂർപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങൾക്ക് മുന്നിൽ ആ രാത്രിയിൽ ഞങ്ങൾ ലയണൽ അന്ദ്രേസ് മെസ്സിയുടെയും സംഘത്തിന്റെയും കളി കാണാൻ തടിച്ചു കൂടിയിരിക്കുകയായിരിന്നു എന്ന് അയാൾ ആവേശത്തോടെ പറയും. ഞങ്ങളുടെ കാലത്തെ ഏറ്റവും നല്ല കളിക്കാരന് കൊടുക്കാനാവുന്ന ഏറ്റവും സുന്ദരമായ പദങ്ങൾ മാലപോലെ കോർത്തു വെച്ചിരിക്കും.
എന്റെ അർജന്റീന ആദ്യം മിത്തായും പിന്നെ ചരിത്രമായുമാണ് അവതരിച്ചത്. ദുരന്തത്തിൽ അലയടിച്ചൊതുങ്ങുന്ന ഷേക്സ്പിയർ നാടകം പോലെ, അർജന്റീന ഫുട്ബോളിന്റെ മായാജാലത്തിൽ പെട്ടുപോയി.ദീഗോ മറഡോണ എന്ന മന്ത്രികന്റെ പ്രഭാവലയത്താൽ തോൽവിയുടെ കയ്പ്നീര് മധുരമെന്ന് കള്ളം പറഞ്ഞു.കൺക്കെട്ട് വിദ്യകളുമായി പലരും വന്നു പോയി.അനിശ്ചിതത്വം ഓരോരുത്തരെയായി വിസ്‌മൃതിയിലാഴ്ത്തി. മറഡോണമിത്തുകളുടെ ചരിത്രപരതയെ താങ്ങാനാവാതെ അവരുടെ വേദന നിറഞ്ഞ രാത്രികൾ കെട്ടുപോയി.
അത്യന്തികമായി മുപ്പത്തിയാറു വർഷത്തെ മിത്തുകൾക്ക് പിന്നിൽ അടിയുറച്ചു നിന്നിരുന്ന ലോകത്തെ ഏറ്റവും നിർഭാഗ്യവാന്മാരുടെ യൗവനാസക്തിയെ കൂട് തുറന്നു വിട്ടിരിക്കുന്നു മെസ്സി. കേവലം തുകൽ പന്ത് കളിക്കാർക്ക് സ്വന്തം യൗവനം സമർപ്പിച്ചവർക്കുള്ളതാണ് ഈ ലോകകപ്പ്. മെസ്സി ആയിരം രാവുകൾ കടന്ന് പൂർണനാവുമ്പോൾ പതിനായിരത്തൊന്നു രാവുകളുടെ കടം വീട്ടുകയാണ് അവർ.
78ആം മിനുട്ട് വരെ കളത്തിൽ കിലിയൻ എമ്പാപ്പേയോ ഗ്രീസ്മാനോ ജിരൂവോ ഡെമ്പീലെയോ മൈതാനത്ത് ഉണ്ടായിരുന്നില്ല. അർജന്റീനയുടെ തന്ത്രം ഏറെക്കുറെ വിജയകരമായി പര്യവസാനിക്കേണ്ടതായിരുന്നു. മധ്യ നിരയിൽ നിന്ന് മാക് അലിസ്റ്റർ സമർത്ഥമായി കളി മെനഞ്ഞു.ഗെയിം പ്ലാൻ അയാളിൽ നിന്ന് പൊട്ടിയോഴുകി പോകുന്നതായി കണ്ടു.മെസ്സി തുറസുകൾ കണ്ടെത്തി. ഡി മരിയ അൽവരാസും അത് ഏറ്റുവാങ്ങി. ചരിത്ര നിയോഗത്താൽ അൻഹൽ ഡി മരിയയുടെ പേര് ഇന്നത്തെ ദിവസത്തിൽ പണ്ടേ കൊത്തിവെച്ചതാണെന്നെ തോന്നൂ.എൻസോ ഫെർണാണ്ടസും ഡീപ്പോളും പന്തുകൾ വേഗത്തിൽ റിക്കവർ ചെയ്തു. എമ്പാപ്പേയെ റൊമേറോ പൂട്ടി വെച്ചിരുന്നു. അയാൾ പക്ഷേ കുതറി. മൂന്ന് തവണ എമി മാർട്ടിനസിന്റെ പിന്നിൽ ഗോൾ വരച്ചു.രക്ഷകന്റെ കുപ്പായം തുന്നി വെച്ചത് എമി ആയിരുന്നു.ദൈവീക പദവി നേടാൻ യോഗ്യൻ അയാൾ തന്നെ. എമ്പാപ്പേയെ കോമനെ തുമാനിയെ തടുക്കുമ്പോൾ അയാളുടെ കൈകൾക്ക് അസാധാരണമായ ദിവ്യത്വം അനുഭവപ്പെട്ടു കാണണം. ദൈവത്തിന്റെ കൈ വഞ്ചനയിൽ നിന്ന് ഇനി മിത്തുകളിലേക്ക് ചേക്കേറും.
പോകേപോകെ മഴവിൽ രാഷ്ട്രത്തിന്റെ ജേഴ്സി അണിഞ്ഞ കറുത്തവരുടെ സംഘമായി ഫ്രാൻസ് മാറി. യൂറോപ്യൻ ആഭിജാത്യം ലത്തീനമേരിക്കയ്ക്ക് മുന്നിൽ ഏത് നിമിഷവും അവസാനിക്കും എന്ന് തോന്നിയ ഘട്ടത്തിലെല്ലാം അവർ വീറോടെ മുന്നോട്ട് കുതിച്ചു. ഒന്നിന് പകരം ഒന്നായി അവർ തിരിച്ചടിച്ചു.
മിത്തുകളുടെ ഭാരത്താൽ മുങ്ങി പോകുമായിരുന്ന ദൗർഭാഗ്യവാന്മാരുടെ രാത്രിയെ ഒടുവിൽ എമി മാർട്ടിനെസ് ചുമലിലേറ്റി എന്നെന്നേക്കുമായി ഉയർത്തിയിരിക്കുന്നു. ഈ നിമിഷം മുതൽ അതിന് വിശുദ്ദ പദവിയുണ്ട്. ഏറെകാലം മറ്റെല്ലാത്തിനും മുകളിൽ ഈ രാത്രി നക്ഷത്രകണ്ണുകൾ വിടർത്തി നിൽക്കും. യൗവനാസക്തിയെന്ന പോൽ വിടാതെ പിന്തുടർന്നിരുന്ന ചരിത്രഭാണ്ഡകെട്ടുമായി ഞങ്ങൾക്കെനി വരും കാലത്തേക്ക് നടക്കാം.
നന്ദി മെസ്സി
നന്ദി സ്കോളനി
നന്ദി എമി
നന്ദി ഖത്തർ