ട്വന്റി20 സൂപ്പര്‍ 8 മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഗ്രൂപ്പ് എയില്‍ കറുത്ത കുതിരയായി അപ്രതീക്ഷിത കുതിപ്പ് നടത്തുകയാണ് അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ കളിയില്‍ ശക്തരായ ഓസ്‌ട്രേലിയയെ 21 റണ്‍സിന്റെ മാര്‍ജിനില്‍ തകര്‍ത്തെറിഞ്ഞ അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് ടോപ്പറായ ഇന്ത്യയ്ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും പരാജയപ്പെടുത്തിയ ഇന്ത്യ നാലു പോയിന്റുകളുമായാണ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. നാളെ ഓസ്‌ട്രേലിയയുമായി നടക്കുന്ന മത്സരത്തില്‍ വിജയം ഉറപ്പാക്കിയാല്‍ ഇന്ത്യക്ക് സെമിയിലേക്ക് നേരിട്ട് പ്രവേശിക്കാം.
അഫ്ഗാന്‍ ഓസ്‌ട്രേലിയയെ കീഴടക്കിയതോടെ ഇന്ത്യക്ക് നാളെ നടക്കുന്ന മത്സരം വിജയിച്ചേ മതിയാകൂ. അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടതിനാല്‍ സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയോട് എങ്ങനെയും വിജയിച്ചേ മതിയാകൂ. അതുകൊണ്ടുതന്നെ ഇന്ത്യ-ഓസ്‌ട്രേലിയ മാച്ച് ഗ്രൂപ്പിലെ മരണക്കളിയായി മാറും. ഓസ്‌ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനും രണ്ട് പോയിന്റുകള്‍ വീതമാണ് നിലവിലുള്ളത്. ഓസ്‌ട്രേലിയ ഇന്ത്യയെടും ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാനും തോല്‍പിച്ചാല്‍ പോയിന്റ് നിലയില്‍ മൂന്ന് ടീമുകളും ഒപ്പത്തിനൊപ്പമെത്തും.
അതോടെ നെറ്റ് റണ്‍റേറ്റ് നോക്കിയാകും സെമി ടീമുകളെ നിര്‍ണ്ണയിക്കുക. ഇന്ത്യക്ക് നിലവില്‍ 2.425 ആണ് നെറ്റ് റണ്‍ റേറ്റ്. ഓസ്‌ട്രേലിയയ്ക്ക് 0.233 ഉം അഫ്ഗാനിസ്ഥാന് -0.650വുമാണ് നെറ്റ് റണ്‍റേറ്റ്. തിങ്കളാഴ്ചയിലെ മാച്ചിന് ശേഷം ഓസ്‌ട്രേലിയയുടെ നെറ്റ് റണ്‍റേറ്റില്‍ മാറ്റമുണ്ടാകും. അഫ്ഗാനിസ്ഥാന് റണ്‍റേറ്റ് കുറവാണെങ്കിലും ഇന്ത്യ ഓസ്‌ട്രേലിയയോട് വലിയ മാര്‍ജിനില്‍ പരാജയപ്പെടുകയും ബംഗ്ലാദേശിനോട് വന്‍ മാര്‍ജിനില്‍ വിജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് സെമി സാധ്യത ഉറപ്പിക്കാനാകും.