POPULAR READ

ടിക് ടോക് എന്ന വന്മരം വീണപ്പോള്‍ ഇനി ഇവരെന്ത് ചെയ്യും? ഹെലന്‍ ഓഫ് സ്പാര്‍ട്ടയും ഫുക്രുവും,തൊടുപുഴ ഐശ്വര്യാറായിയും പറയുന്നു

ടിക് ടോക് നിരോധനം ചര്‍ച്ചയാകുമ്പോള്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ സുപരിചിതരായ ന്യൂജെന്‍ താരങ്ങള്‍ ഇനി എന്ത് ചെയ്യും, അവരെ ഇനി എവിടെ കാണാം എന്ന് ആരാധകര്‍ തിരക്കുന്നുണ്ട്. ടിക് ടോക്കിലെ ഒരു മിനുട്ടില്‍ ചുരുങ്ങുന്ന വീഡിയോ ദശലക്ഷം പിന്നിട്ട ഫോളോവേഴ്‌സിനെ സമ്മാനിച്ച് താരങ്ങളായവര്‍ നിരവധിയുണ്ട്. തങ്ങളെ വളര്‍ത്തിയ ക്രിയേറ്റിവ് പ്ലാറ്റ്‌ഫോം ഒറ്റദിനം കൊണ്ട് പ്ലേസ്റ്റോറില്‍ നിന്ന് നാടുനീങ്ങുമ്പോള്‍ ഇവര്‍ പറയുന്നത് എന്താണെന്ന് നോക്കാം.

വണ്‍ മില്യണിനരികെ വന്ന ബാന്‍: ഹെലന്‍ ഓഫ് സ്പാര്‍ട്ട

ടിക് ടോക്കിനെ ഞാന്‍ ശരിക്കും മിസ്സ് ചെയ്യും. എന്റെ ഫോളോവേഴ്‌സ് വണ്‍ മില്യണ്‍ ആകാന്‍ പോകുന്ന സമയത്താണ് നിരോധനം വന്നത്. അതുകൊണ്ട് അത് നിരോധിച്ചത് സീനായി എന്ന് തന്നെ പറയാം. പറയുന്നത് ഈ ആപ്പ് വഴി ഇന്ന് ഏറ്റവും കൂടുതല്‍ ഫേമസ് ആയ ഒരു മലയാളി പെണ്‍കുട്ടിയാണ്, പേര് ധന്യ.അങ്ങനെ പറഞ്ഞാല്‍ ചിലപ്പോള്‍ അധികമാര്‍ക്കും അറിയില്ല. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന് പറഞ്ഞാല്‍ സ്വിച്ചിട്ട പോലെ ആളെ പിടി കിട്ടും. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സമ്പാദിക്കാന്‍ ഈ പെണ്‍കുട്ടിക്ക് സാധിച്ചു. താന്‍ ഫേമസ് ആയതിനുള്ള ഫുള്‍ ക്രെഡിറ്റ് ടിക് ടോക്കിന് നല്‍കുന്നുവെന്ന് കാസര്‍ഗോഡ് സ്വദേശി ധന്യാ രാജേഷ്.

ആപ്പ് നിരോധിച്ചു എന്ന് കരുതി സങ്കടപ്പെട്ട് ഇരിക്കുകയാന്നുമില്ല. എന്നെ സംബന്ധിച്ച് ഇത് വെറും ടൈംപാസ് മാത്രമാണ്. പക്ഷേ മറ്റു ചിലരുണ്ട്, ഇത് ഒരു പ്ലാറ്റ്‌ഫോം ആയി കണ്ട് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍, സാധാരണക്കാര്‍. അങ്ങനെയുള്ളവര്‍ക്ക് ശരിക്കും ഒരു തിരിച്ചടി തന്നെയാണ് ടിക്ടോക്കിന്റെ നിരോധനം. രാജ്യസുരക്ഷയെ മാനിച്ചാണല്ലോ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു പൗര എന്ന നിലയില്‍ ആ തീരുമാനത്തോട് യോജിച്ചുപോകാന്‍ ആണ് എന്റെ തീരുമാനം. എന്നാല്‍ വ്യക്തിപരമായി നോക്കിയാല്‍ സങ്കടം ഉണ്ടെന്നും പറയാം.

ഫുക്രു, ടിക് ടോക്കിന്റെ സൂപ്പര്‍സ്റ്റാര്‍

കൃഷ്ണജീവ് എന്നാണ് ഈ കൊല്ലത്തുകാരന്റെ പേര്. എന്നാല്‍ ആ പേരില്‍ അയാളെ നമുക്ക് കൂടുതല്‍ പേര്‍ക്കും അറിയില്ല. പക്ഷേ ഫുക്രു എന്ന പേരുകേട്ടാല്‍ അറിയാത്തവരും ഉണ്ടാകില്ല. ടിക് ടോക്കിലെ സ്റ്റാറായി പിന്നീട് ബിഗ് ബോസ് എന്ന വലിയ റിയാലിറ്റി ഷോയില്‍ വരെയെത്തിയ ആളാണ് ഫുക്രു.

ഇന്നത്തെ ഈ ഫുക്രു ജനിച്ചത് ശരിക്കും ടിക് ടോക്കിന്റെ സഹായത്തോടുകൂടിയാണ്. എന്റെ ഇപ്പോഴത്തെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം ടിക് ടോക് എന്ന ആപ്പ് തന്നെയാണ്. അതുകൊണ്ട് ആപ്പ് ശരിക്കും മിസ്സ് ചെയ്യും. എന്ന് കരുതി അതിനെതിരെ പ്രതിഷേധിക്കാനൊന്നും ഞാനില്ല. കുറേ ഫോളോവേഴ്‌സ് എനിക്കുണ്ട്. ഞാന്‍ ചെയ്യുന്നത് കണ്ടു അവരും ചെയ്താല്‍ അത് ഭയങ്കര മോശമായി പോകും. എന്നാല്‍ രാജ്യസുരക്ഷയ്ക്ക് വേണ്ടിയുള്ള ഒരു തീരുമാനം ആയതു കൊണ്ട് നമ്മള്‍ അതിന്റെ കൂടെ നില്‍ക്കണം എന്നാണ് എന്റെ അഭിപ്രായം.

എന്നെപ്പോലെ കുറേ പേര്‍ ഈ ഒരു ആപ്പ് വഴി സിനിമയിലും മറ്റും അവസരങ്ങള്‍ തേടി ഇറങ്ങുന്നവരുണ്ട്. എനിക്ക് കിട്ടിയ പോലെ പ്രശസ്തിയും മറ്റും കിട്ടാത്തവര്‍. അങ്ങനെയുള്ളവരെ ഓര്‍ക്കുമ്പോള്‍ ചെറിയൊരു സങ്കടവുമുണ്ട്. പിന്നെ ടിക് ടോക് തിരിച്ചുവരും എന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അപ്പോള്‍ ഇതിനേക്കാള്‍ ഗംഭീരമാക്കാം.

തൊടുപുഴക്കാരി ഐശ്വര്യറായിയായപ്പോള്‍

ഈ അടുത്ത കാലത്താണ് ഒരു നാട്ടുമ്പുറംകാരി ഐശ്വര്യറായ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. വളരെ പെട്ടെന്നായിരുന്നു തൊടുപുഴ സ്വദേശിയായ അമൃതയുടെ വളര്‍ച്ച. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട് അമൃതയ്ക്ക്. ഐശ്വര്യ റായുമായി രൂപസാദൃശ്യമുള്ളതുകൊണ്ടുതന്നെ അമൃതയുടെ ടിക് ടോക് വീഡിയോകള്‍ എല്ലാം സൂപ്പര്‍ഹിറ്റാണ്. ഒരല്പം അഭിനയമോഹം ഒക്കെയുള്ള അമൃത, ടിക് ടോക് തനിക്കു നല്‍കിയ സൗഭാഗ്യങ്ങള്‍ ഇനി ഉണ്ടാകില്ലല്ലോ എന്ന വിഷമത്തിലാണ് ഇപ്പോള്‍.

ശരിക്കും ആദ്യം വാര്‍ത്ത കേട്ടപ്പോള്‍ ഭയങ്കര സങ്കടം വന്നു. കാരണം ഞാന്‍ ഇന്ന് നാല് പേരറിയുന്ന ഒരാളായത് ടിക് ടോക്കിലൂടെയാണ്. പല അവസരങ്ങളും എനിക്ക് കിട്ടിയത് ടിക് ടോകിലെ വീഡിയോകള്‍ കണ്ടിട്ടാണ്.എന്നാല്‍ രാജ്യസുരക്ഷയ്ക്കാണല്ലോ നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത്. അതുകൊണ്ട് ഈ പുതിയ തീരുമാനത്തോട് യോജിച്ചുപോകും. ഇനി നിരോധനം ഒക്കെ നീങ്ങി ടിക് ടോക് വീണ്ടും രാജ്യത്തേക്ക് തിരിച്ചു വരുകയാണെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ഞാനടക്കമുള്ള സ്ഥിരം ഫോളോവേഴ്‌സ് ആയിരിക്കും.

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ടിക് ടോക് ആക്ക് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്പ്. 100 ദശലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കള്‍ ഈ വീഡിയോ ഷെയറിംഗ് ആപ്പിന് ഇന്ത്യയിലുണ്ട്. ടിക് ടോക്കിന്റെ ലോകവിപണിയില്‍ ഏറ്റവും വലിയ പ്ലാറ്റ്‌ഫോം ഇന്ത്യയാണ്. അതില്‍ നല്ലൊരു ഭാഗം നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട്. ടിക് ടോക്കിന്റെ സര്‍വര്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതായും ഉടന്‍തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള മാര്‍ഗങ്ങള്‍ കമ്പനി തേടുന്നതായുമുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. അങ്ങനെയെങ്കില്‍ അധികം വൈകാതെ തങ്ങളുടെ സോഷ്യല്‍ ഇടത്തിലേയ്ക്ക് തിരിച്ചുപോകാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ടിക് ടോക് താരങ്ങള്‍.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT