POPULAR READ

‘അപ്രതീക്ഷിത പാര്‍ശ്വഫലം’; കൊവിഡില്‍ ഇറ്റലി നിശ്ചലമായപ്പോള്‍ വെനീസിലെ കനാലുകള്‍ കാത്തുവെച്ചത് അപൂര്‍വ്വ കാഴ്ച 

THE CUE

കൊവിഡ് ഭീതിയില്‍ ഇറ്റലി നിശ്ചലമായപ്പോള്‍ പ്രകൃതി മറ്റുചില അത്ഭുതങ്ങളാണ് ഒരുക്കിയത്. ഒരു മഹാമാരിയുടെ അനന്തരഫലങ്ങള്‍ ചിലപ്പോള്‍ ഇങ്ങനെയും ആകാം എന്ന് കൂടി തെളിയിക്കുകയാണ് ഇറ്റലിയില്‍ നിന്നും പുറത്തുവരുന്ന ചില ചിത്രങ്ങള്‍. ഇറ്റലിയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വെനീസ്. വെനീസിലെ കനാലുകളിലൂടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ ദിവസവും കടന്നു പോകുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബോട്ടുകളുടെ തിക്കും തിരക്കും കനാലുകളില്‍ ഇല്ല, ഒച്ചപ്പാടുകള്‍ ഇല്ല. ഫലമോ പതിറ്റാണ്ടുകള്‍ക്ക് ശേഷം കനാലുകളില്‍ തെളിഞ്ഞ വെള്ളമായി. ഇതോടെ അരയന്നങ്ങളും ഡോള്‍ഫിനുകളും ഇവിടേക്കെത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തെളിഞ്ഞ ജലത്തില്‍ മീനുകള്‍ നീന്തി തുടിക്കുന്നത് വളരെ വ്യക്തമായി കാണാനും സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ ചിത്രങ്ങള്‍. വെനീസിയ പുലിറ്റ അഥവാ ക്ലീന്‍ വെനീസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലായിരുന്നു ആദ്യം ഈ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തത്. പിന്നീട് നിരവധി പേര്‍ ഇത് ഏറ്റെടുത്തു.

ട്വിറ്ററില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഒരാള്‍ പറഞ്ഞത്, പാന്‍ഡെമിക്കിന്റെ അപ്രതീക്ഷിത പാര്‍ശ്വഫലമാണ് ഇതെന്നാണ്. മനുഷ്യരുടെ അഭാവത്തില്‍ ഭൂമി എങ്ങനെ ശ്വസിക്കുന്നു', മനുഷ്യര്‍ എല്ലായ്‌പ്പോഴും പ്രകൃതിക്ക് അപകടം സൃഷ്ടിക്കുന്നു, പകരം പ്രകൃതി മറ്റൊരു പാഠം പകര്‍ന്നു നല്‍കുന്നു, തുടങ്ങി നിരവധിപേര്‍ ചിത്രങ്ങള്‍ക്ക് പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടില്ലെന്നും കനാലിലെ ബോട്ടുഗതാഗതം കുറഞ്ഞതാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണം എന്നുമാണ് വെനീസ് മേയറുടെ പ്രതികരണം. ബോട്ട് ഗതാഗതം പതിവിലും കുറവായതിനാല്‍ വായു മലിനീകരണം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങള്‍ ഇല്ലാതെ കാലിയായ റോഡുകള്‍. ആളൊഴിഞ്ഞ തെരുവോരങ്ങള്‍, ഇറ്റലിയിലെ മറ്റ് പ്രധാന നഗരങ്ങളൊക്കെ തന്നെയും പൂര്‍ണമായും അടച്ചുപൂട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞദിവസം പുക മറയില്ലാത്ത തെളിഞ്ഞ നീലാകാശം ബീജിങ്ങ് നഗരത്തില്‍ ദൃശ്യമായ വാര്‍ത്തയും പുറത്തു വന്നിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ചൈന പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഫലമായി ഫാക്ടറികളും വ്യവസായങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചതാണ് വലിയ തോതിലുള്ള വായുമലിനീകരണം ഇല്ലാതാക്കിയത്.

നാസയില്‍ നിന്നുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ അന്തരീക്ഷത്തിലെ ഹാനികരമായ ഹരിതഗൃഹ വാതക പുറന്തളളല്‍ ഗണ്യമായി കുറച്ചതായി കാണിക്കുന്നുണ്ട്. എന്നാല്‍ ലോകമെമ്പാടുമുള്ള ഈ മെച്ചപ്പെട്ട വായുവിന്റെ ഗുണനിലവാരം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും, വ്യവസായങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നും, ചിലപ്പോള്‍ ഇതുവരെ നേരിട്ട നഷ്ടങ്ങള്‍ നികത്താന്‍ പോന്ന രീതിയിലുള്ള അധിക പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ മലിനീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT