എക്‌സില്‍ പല ഫീച്ചറുകളും ഇനി മുതല്‍ സൗജന്യമാകില്ല. എലോണ്‍ മസ്‌ക് ഏറ്റെടുത്തതിനു ശേഷം കൂടുതല്‍ ജനപ്രിയ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇനി പലതിനും പണം കൊടുക്കേണ്ടി വരുമെന്നാണ് സൂചനകള്‍. വലിയ കണ്ടന്റുകള്‍ ഷെയര്‍ ചെയ്യാനും പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം, ലൈക്ക് തുടങ്ങിയവ പെയ്ഡ് ആക്കിയതിനു ശേഷം പുതുതായി അവതരിപ്പിച്ച ലൈവ് സ്ട്രീമിംഗ് ഓപ്ഷന്‍ കൂടി സൗജന്യമാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് എക്‌സ്. ലൈവ് സ്ട്രീമിംഗ് പ്രീമിയം ഉപയോക്താക്കള്‍ക്ക് മാത്രമേ ഇനി ലഭ്യമാകുകയുള്ളുവെന്ന് വെള്ളിയാഴ്ച കമ്പനി അറിയിച്ചു. നേരിട്ടുള്ള ലൈവ് സ്ട്രീമിംഗും എന്‍കോഡര്‍ ഉപയോഗിച്ചുള്ള ലൈവും പ്രീമിയം ഉപയോക്തള്‍ക്ക് മാത്രമേ ഇനി ലഭ്യമാകുകയുള്ളു. ചില ഫീച്ചറുകള്‍ സൗജന്യമായി തുടരുമെങ്കിലും കൂടുതല്‍ ബേസിക് ഫീച്ചറുകള്‍ സ്ബ്‌സ്‌ക്രിപ്ഷന്‍ ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ എക്‌സ് തയ്യാറെടുക്കുകയാണെന്നാണ് സൂചന.
ലൈക്ക് ഓപ്ഷന്‍ പ്രൈവറ്റാക്കി ഒരാഴ്ചയ്ക്കുള്ളിലാണ് എക്‌സിന്റെ പുതിയ നീക്കം. മാറ്റങ്ങള്‍ എന്നു മുതലാണ് നിലവില്‍ വരികയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ലൈവ് സ്ട്രീമിംഗിന് പണം വാങ്ങുന്ന ഒരേയൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായി ഇതോടെ എക്‌സ് മാറും. ഫെയിസ്ബുക്ക്, യൂട്യൂബ്, ട്വിച്ച് എന്നിവയില്‍ ലൈവ് സ്ട്രീം ഫീച്ചര്‍ വര്‍ഷങ്ങളായി സൗജന്യമായാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ ബുക്ക്മാര്‍ക്കിംഗ്, റിപ്ലൈയിംഗ്, പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്യല്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉപയോഗിക്കുന്ന പുതിയ യൂസര്‍മാരില്‍ നിന്ന് ഒരു ഡോളര്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ഫീ വാങ്ങുമെന്ന് മാസങ്ങള്‍ക്കു മുന്‍പ് മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
ബേസിക്, പ്രീമിയം, പ്രീമിയം പ്ലസ് സബ്‌സ്‌ക്രിപ്ഷനുകളാണ് എക്‌സിന് നിലവിലുള്ളത്. എല്ലാ ഫീച്ചറുകളും ഉപയോഗിക്കണമെങ്കില്‍ ഓരോ താരിഫിനും പ്രതിവര്‍ഷ സബ്‌സ്‌ക്രിപ്ഷന്‍ തുക നല്‍കണം. ബേസിക് പാക്കിന് 215.87 രൂപയും പ്രീമിയത്തിന് 566.67 രൂപയും പ്രീമിയം പ്ലസിന് 1133.33 രൂപയുമാണ് നല്‍കേണ്ടത്. പണം നല്‍കാതെ ഉപയോഗിക്കുന്നവര്‍ക്ക് അക്കൗണ്ടുകള്‍ ഫോളോ ചെയ്യാനും പോസ്റ്റുകള്‍ വായിക്കാനും കഴിയുമെങ്കിലും പോസ്റ്റുകള്‍ മൂന്നു മാസത്തിനു ശേഷം മാത്രമേ ഷെയര്‍ ചെയ്യാന്‍ കഴിയൂ.