അനുകരിക്കാന്‍ പോയാല്‍ ഇന്നോവ തോട്ടില്‍ കിടക്കുമെന്ന മുന്നറിയിപ്പോടെ മാത്രം ഷെയര്‍ ചെയ്യാനാകുന്ന വൈറല്‍ വീഡിയോ ആയിരുന്നു മാഹിക്കാരനായ പി ജെ ബിജുവിന്റേത്. ഒരു തോടിന് കുറുകെയുള്ള പാലത്തിന് മുകളില്‍ കിറുകൃത്യതയില്‍ പാര്‍ക്ക് ചെയ്ത ഇന്നോവ സാഹസികമായി പുറത്തേക്കെടുത്ത് ഓടിച്ച് പോകുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടത്. ഇന്നോവ ഓടിച്ച ആളെ കണ്ടാല്‍ ദക്ഷിണ വച്ച് ഡ്രൈവിംഗ് ഒന്നേല്‍ തുടങ്ങണമെന്ന കമന്റുകളുമായും നിരവധി പേരെത്തി. ഭാര്യ തമാശക്ക് പകര്‍ത്തിയ വീഡിയോ ആഗോള വൈറലായി മലയാളികള്‍ ആഘോഷിക്കുമെന്ന് ബിജു ഏതായാലും പ്രതീക്ഷിച്ചിരുന്നില്ല.
'സുഹൃത്തിന്റെ കാറാണത്. സര്‍വീസിന് കൊടുക്കാന്‍ തന്നതാണ്. വീടിന് സമീപം പണി നടക്കുന്നത് കൊണ്ട് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടിയില്ല. പിന്നെ ആകെ ഒഴിഞ്ഞ സ്ഥലമെന്ന് പറയാന്‍ തോടിന് കുറുകേ കടക്കാന്‍ വച്ചിരിക്കുന്ന സ്ലാബാണ്. വര്‍ഷങ്ങളായി വാഹനങ്ങളോടിക്കുന്ന ആളായതിനാല് അവിടെ പാര്‍ക്ക് ചെയ്തു. എന്റെ ചെറിയ കാറും ഞാന്‍ ഇവിടെയാണ് ചിലപ്പോള്‍ ഇടുന്നത്. ആ സ്ഥലത്ത് ഇന്നോവ സുഖമായി പാര്‍ക്ക് ചെയ്യാം എന്നത് എന്റെ ഒരു വിശ്വാസമായിരുന്നു. പാര്‍ക്ക് ചെയ്ത ശേഷമുള്ള കാറിന്റെ ചിത്രം ഭാര്യ ഫോണില്‍ എടുത്തിരുന്നു. പിറ്റേന്ന് ഞാന്‍ വാഹനം എടുത്തുകൊണ്ട് പോകുന്നതും ഭാര്യ ഫോണില്‍ പകര്‍ത്തി. ഭാര്യയുടെ സഹോദരിയാണ് ഈ വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. അങ്ങനെയാണ് വൈറലായത്'. മനോരമാ ന്യൂസിലാണ് ബിജുവിന്റെ പ്രതികരണം.
ഷോ കാണിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും ബിജു പറയുന്നു. കണ്ണൂര്‍-എറണാകുളം റൂട്ടില്‍ സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ബിജു ഇപ്പോള്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഏതായാലും ബിജുവിന്റെ സാഹസികത അനുകരിക്കാന്‍ നില്‍ക്കേണ്ടെന്ന് ചുരുക്കം