പൊക്കക്കുറവിന്റെ പേരില്‍ ക്രൂരമായ ശാരീരികാധിക്ഷേപത്തിന് ഇരയായ ക്വാഡന്‍ ബെയില്‍സ്, ഗിന്നസ് പക്രുവിന്റെ പിന്‍തുണയ്ക്ക് നന്ദിയറിയിച്ചു. ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗിന്നസ് പക്രുവിനെ പോലെ നടനാകണമെന്ന ആഗ്രഹവും പങ്കുവെച്ചു. ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നും നേരില്‍ കാണണമെന്ന താല്‍പ്പര്യവും വിശദീകരിച്ചു. ഒരു നടനാകണമെന്നാണ് ക്വാഡന്റെ ആഗ്രഹമെന്നും അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റ ജീവിത കഥ അവനെ വളരെയധികം സന്തോഷിപ്പിച്ചതെന്നും അമ്മ യാരാക്ക പറഞ്ഞു.
അടുത്ത ഇന്ത്യാ സന്ദര്‍നത്തില്‍ ഗിന്നസ് പക്രുവിനെ നേരില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ക്വാഡന്‍. ഗിന്നസ് പക്രുവിന്റെ ആശംസയും പിന്‍തുണക്കുറിപ്പും എസ്ബിഎസ് ക്വാഡന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളില്‍ നിന്ന് ക്രൂരമായ അധിക്ഷേപമാണ് ക്വാഡന്‍ നേരിട്ടത്. എന്നെയൊന്ന് കൊന്ന് തരുമോയെന്ന് ഏങ്ങലടിച്ച് കരയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ വിദ്യാര്‍ത്ഥി ലോകശ്രദ്ധയിലേക്കെത്തി.
തന്നോട് സങ്കടങ്ങള്‍ തുറന്നുപറയുന്ന മകന്റെ വീഡിയോ അമ്മ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെ ലോകമെമ്പാടുനിന്നും വന്‍ പിന്‍തുണയാണ് ക്വാഡന് ലഭിച്ചത്. നടന്‍ ഗിന്നസ് പക്രുവും ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി രംഗത്തെത്തുകയായിരുന്നു. മോനേ, നിന്നെപോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോള്‍ നിന്റെ അമ്മ തോല്‍ക്കും. ഇങ്ങനെയായിരുന്നു കുറിപ്പ്. ഇതിന്‍മേലാണ് ക്വാഡന്‍ നന്ദി രേഖപ്പെടുത്തുകയും കാണാന്‍ ആഗ്രഹമറിയിക്കുകയും ചെയ്തിരിക്കുന്നത്.