പൂന്തുറയില്‍ കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗണും ലംഘിച്ച് നാട്ടുകാര്‍ തെരുവിലിറങ്ങിയത് ഭയപ്പെടുത്തുന്നുവെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ! എന്ന് സംവിധായകന്‍ ആഷിഖ് അബു.
കൊവിഡ് സൂപ്പര്‍ സ്‌പ്രെഡുള്ള തിരുവനന്തപുരം പൂന്തുറയില്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രദേശത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം തടഞ്ഞു. പൂന്തുറയ്ക്കെതിരെ സര്‍ക്കാരും പൊലീസും വ്യാജ ആരോപണങ്ങളുയര്‍ത്തുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പൂന്തുറയില്‍ റാപിഡ് ടെസ്റ്റില്‍ പോസിറ്റിവായ 38 പേരെ കാരക്കോണത്തെ പ്രാഥമിക പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രദേശത്ത് പ്രതിഷേധമുണ്ടായത്. 38 പേരെ രണ്ട് ടോയ്‌ലറ്റ് മാത്രമുള്ള ഹാളിലാണ് അഡ്മിറ്റ് ചെയ്തതെന്നും ഡോക്ടര്‍ എത്താന്‍ വൈകിയെന്നുമുള്ള വിവരം വോയ്‌സ് ക്ലിപ്പ് വഴി കാരക്കോണത്ത് നിന്ന് നാട്ടുകാരിലെത്തിയതാണ് പ്രതിഷേധത്തിന് തുടക്കമിട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 92 പേരില്‍ 77 പേരും പൂന്തുറയിലാണ്. കൊവിഡ് ബാധിതരില്‍ ഒരു വയസ്സുകാരി മുതല്‍ 70 കാരന്‍ വരെയുണ്ട്. പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ കെ ശ്രീകുമാറുമെല്ലാം വ്യക്തമാക്കിയിരുന്നു. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇവിടെ ഡോര്‍ ടു ഡോര്‍ രീതിയില്‍ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കമാന്‍ഡോകളടക്കം 500 പൊലീസുകാരെയും നിയോഗിച്ചു. മത്സ്യബന്ധന ബോട്ടുകളുടെ തമിഴ്നാട് മേഖലയിലേക്കുള്ള പോക്കുവരവുകള്‍ നിരോധിച്ചിട്ടുമുണ്ട്.
ആരോഗ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്
പൂന്തൂറയില്‍ ജൂലൈ ആറിന് ശേഷം1196 ടെസ്റ്റ് നടത്തിയതില്‍ 243 പോസിറ്റിവ് കേസുകളാണ് കിട്ടിയത്. സൂപ്പര്‍സ്‌പ്രെഡിന്റെ ഭാഗമായാണ് ഇത്. പൂന്തുറ മേഖലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സമയത്ത് അത് ലംഘിച്ച് നിരവധി സഹോദരങ്ങള്‍ തെരുവിലിറങ്ങി. അത് ആരുടെ പ്രേരണ കൊണ്ടായാലും അത് അപകടകരമാണ്. പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ എടുത്താല്‍ മുപ്പതിനായിരത്തിന് മുകളിലുണ്ട്. അതില്‍ പ്രായമായവര്‍ 5611 പേരുണ്ട്. 5 വയസില്‍ താഴെയുള്ള രണ്ടായിരത്തിലേറെ കുട്ടികളുണ്ട്. അവരെല്ലാം കൊവിഡ് വ്യാപനത്തിന്റെ ഘട്ടത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവരാണ്.
പൂന്തുറയില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ഹെല്‍പ്പ് ഡെസ്‌കുകള്‍ ഉണ്ട്. ടെസ്റ്റിംഗ് സംവിധാനം ഉണ്ട്. ആരോഗ്യമേഖലയിലെ വളണ്ടിയര്‍മാരും ആ മേഖലയില്‍ നിന്നുള്ള സന്നദ്ധ സേവകരും അവിടെ സജീവമാണ്. ഇതിനിടയിലാണ് പൂന്തുറയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്. ആരാണ് പ്രേരിപ്പിച്ചതെന്ന് അറിയില്ല. ആന്റിജന്‍ ടെസ്റ്റിനെതിരെ അവിടെ പ്രചരണം നടക്കുന്നുണ്ട്. പിസി ആര്‍ ടെസ്റ്റാണ് യാഥാര്‍ത്ഥ്യം, ആന്റിജന്‍ ടെസ്റ്റ് ശരിയല്ലെന്നായിരുന്നു പ്രചരണം. ആന്റിജയന്‍ ടെസ്റ്റ് പിസിആര്‍ ടെസ്റ്റ് തന്നെയാണ്. ആന്റിജന്‍ ടെസ്റ്റ് വഴി കിട്ടുന്ന റിസല്‍ട്ട് വിശ്വസിക്കാവുന്ന റിസല്‍ട്ടാണ്.