മാന്‍ ഓഫ് ദ ഹൗസ്, ഒരു നായയുടെ കല്ലറയിലെ കുറിപ്പാണ്. പ്രിയപ്പെട്ട പപ്പിക്കുട്ടിയുടെ ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ അപ്പയും അമ്മയും ചിഞ്ചുമോളും, എന്ന് മറ്റൊന്നില്‍. ടില്‍ വി മീറ്റ് എഗെയ്ന്‍, ട്രസ്റ്റ് യു ആര്‍ വിത് ഗോഡ്, എന്ന് വേറൊരിടത്ത്. ലോങ് ലിവ് ദ കിങ് എന്ന് മറ്റൊരു കുഴിമാടത്തില്‍. അരുമകള്‍ക്കായുള്ള സെമിത്തേരിയിലെ കല്ലറകളില്‍ കണ്ണീരില്‍ ചാലിച്ചെഴുതിയതാണിവ. കുടുംബാഗമായി പോറ്റിയ അരുമകളുടെ വിയോഗങ്ങളില്‍ ഹൃദയം തകര്‍ന്ന് കുറിച്ചവ.
ബംഗളൂരുവിലെ ഉത്തരഹള്ളി- കെങ്കേരി മെയിന്‍ റോഡിലെ തുറാഹള്ളി വനത്തോട് ചേര്‍ന്നാണ് ഈ സെമിത്തേരി. നായ്ക്കള്‍ മാത്രമല്ല മുയല്‍, കോഴി, പ്രാവ്, പക്ഷികള്‍, മത്സ്യം എന്നിവയെയും ഇവിടെ മറവ് ചെയ്തിട്ടുണ്ട്. മേനക ഗാന്ധി ചെയര്‍പേഴ്‌സണായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ്, ട്രസ്റ്റാണ് അരുമകളുടെ സ്മരണ നിലനിര്‍ത്താന്‍ സെമിത്തേരി ഒരുക്കിയിരിക്കുന്നത്. മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യമെങ്ങും വേരുകളുള്ള സംഘടനയാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍സ്. ബംഗളൂരുവാണ് ആസ്ഥാനം.
ആറേക്കര്‍ വിസ്തൃതിയിലാണ് സെമിത്തേരി. 1996 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നേരത്തേ സ്ഥിരമായി കല്ലറ വിട്ടുനല്‍കുന്ന സംവിധാനമുണ്ടായിരുന്നു. സ്ഥലപരിമിതിയുള്ളതിനാല്‍ 2013 ല്‍ അതിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇപ്പോള്‍ മൂന്ന് വര്‍ഷ കാലയളവിലേക്കാണ് നല്‍കുന്നത്. സംസ്‌കരണ ചെലവടക്കം പതിനായിരം രൂപയാണ് നിരക്ക്. അഞ്ചുവര്‍ഷത്തേക്ക് ഇരുപത്തയ്യായിരവുമാണ് അടയ്‌ക്കേണ്ടത്.
സാധാരണ രീതിയിലുള്ള സംസ്‌കാരത്തിന് 3500 മുതല്‍ 5000 രൂപവരെ നല്‍കണം. മൃഗങ്ങളുടെ ജന്‍മദിനത്തിലും ചരമവാര്‍ഷിക ദിനത്തിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഇവിടെ നടക്കാറുണ്ട്. ഓര്‍മ്മപ്പൂക്കളുമായി ആ ദിവസങ്ങളില്‍ ഉടമകളെത്തും. അന്നേദിവസം ട്രസ്റ്റ് സംരക്ഷിക്കുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നവരുമുണ്ട്. ബംഗളൂരു നഗരസഭ വളര്‍ത്തുമൃഗങ്ങള്‍ക്കായി സുമനഹള്ളിയില്‍ വൈദ്യുതി ശ്മശാനം ഒരുക്കിയിട്ടുണ്ട്. ചെറിയ മൃഗങ്ങള്‍ക്ക് 300 രൂപയും വലിയവയ്ക്ക് 1000 രൂപയുമാണ് നിരക്ക്.
മക്കളെപ്പോലെ ചേര്‍ത്തണച്ച അരുമകള്‍ക്ക് അത്രമേല്‍ ഉചിതമായ അന്ത്യയാത്രയൊരുക്കണമെന്ന താല്‍പ്പര്യത്തിലാണ് ഉടമകള്‍ അവയ്ക്ക് സെമിത്തേരിയില്‍ കല്ലറയൊരുക്കുന്നത്.