രാജ്യത്തെയൊന്നാകെ പിടിച്ചുലച്ച നിര്‍ഭയ കേസില്‍ പ്രതികള്‍ക്കുള്ള മരണവാറണ്ട് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചു. മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നീ നാലു പ്രതികളെയാണ് ഈ മാസം 22ന് തൂക്കിലേറ്റുക. ഇവര്‍ക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചിരുന്നു. 2012 ഡിസംബര്‍ 16നായിരുന്നു സമാനതകളില്ലാത്ത ക്രൂരതയ്ക്ക് രാജ്യതലസ്ഥാനം സാക്ഷിയായത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ദക്ഷിണ ഡല്‍ഹിയില്‍ നിന്നും ദ്വാരകയിലേക്ക് പോകാനായി ബസില്‍ കയറിയ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയാകുന്നു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ബസിലുണ്ടായിരുന്നവര്‍ മര്‍ദിച്ചവശനാക്കുകയും ചെയ്തു. മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ ആക്രമണത്തിനാണ് പെണ്‍കുട്ടി ഇരയായത്. തുടര്‍ന്ന് ബസില്‍ നിന്നും വലിച്ചെറിയപ്പെട്ട അവളെ പിന്നീട് രാജ്യം നിര്‍ഭയ എന്ന പേരിലാണ് വിളിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യം കണ്ടത് സമാനതകളില്ലാത്ത പ്രതിഷേധം
ഇന്ത്യ കണ്ടത് ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളായിരുന്നു. പെണ്‍കുട്ടിയുടെ ജീവന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും പോലീസ് ആസ്ഥാനത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവന്‍ ലക്ഷ്യമാക്കി മാര്‍ച്ച് സംഘടിപ്പിച്ചു. ഇതിനിടെ വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിസംബര്‍ 29ന് നിര്‍ഭയ മരണത്തിന് കീഴടങ്ങി.
വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ അമ്മ
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. ആറു പേരായിരുന്നു സംഭവത്തില്‍ കുറ്റക്കാര്‍. ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ മുഖ്യപ്രതി രാം സിങ് വിചാരണ നടപടികള്‍ക്കിടെ തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. നാലു പ്രതികളെ തൂക്കിക്കൊല്ലാന്‍ 2013 സെപ്റ്റംബര്‍ 13നാണ് അതിവേഗ കോടതി വിധിച്ചത്. 2015ല്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ പ്രായപൂര്‍ത്തിയാകാത്തയാളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. 2014 മാര്‍ച്ച് 13ന് ഹൈക്കോടതിയും 2017 മെയ് 5ന് സുപ്രീംകോടതിയും പ്രതികളുടെ വധശിക്ഷ ശരിവെച്ചു. ഇതിനിടെ പല തവണ പ്രതികള്‍ വധശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചുവെങ്കിലും ഈ ആവശ്യങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം