POPULAR READ

'ശമ്പളം 10,000 രൂപയെന്ന് പറഞ്ഞപ്പോള്‍ ലാല്‍ ഒന്ന് ചരിഞ്ഞ് ചിരിച്ചിരുന്നു', മോഹന്‍ലാല്‍ 'താര'മാകുന്ന അഹിംസ

മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ നിരവധി അനുഭവക്കുറിപ്പുകളും, എഴുത്തുകളും സാമൂഹ്യമാധ്യമങ്ങളിലും നിറയെ ഉണ്ടായിരുന്നു. ചലച്ചിത്ര നിരൂപകനും മാതൃഭൂമി ദിനപത്രം അസിസ്റ്റന്റ് എഡിറ്ററുമായ പ്രേംചന്ദ് എഴുതിയ അനുഭവക്കുറിപ്പ് സൂപ്പര്‍താരമാകുന്നതിന് മുമ്പ് മോഹന്‍ലാലിനെ ആദ്യമായി താരപരിവേഷം അണിയിച്ച അഹിംസ എന്ന സിനിമയെക്കുറിച്ചാണ്. മലയാളത്തിലെ തിരക്കഥാകൃത്തുക്കളില്‍ അതികായനായ ടി.ദാമോദരന്റെ രചനയില്‍ ഐവി ശശി സംവിധാനം ചെയ്ത അഹിംസ പി.വി ഗംഗാധരനാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിനെ കാണാനായിരുന്നു ടി ദാമോദരന്റെ അവസാനത്തെ യാത്രയെന്നും പ്രേംചന്ദ് ഓര്‍മ്മിക്കുന്നു. ടി.ദാമോദരന്‍ മാഷിന്റെ മരണത്തിന് പിന്നാലെ മോഹന്‍ലാല്‍ വിളിച്ച് ' എന്നോട് യാത്ര പറയാന്‍ വന്നത് പോലെ വന്ന് മാഷ് മടങ്ങി എന്നത് ഒരു നിമിത്തം പോലെയോ അനുഗ്രഹം പോലെയോ എന്നും നെഞ്ചിലുണ്ടാകും' എന്ന് പറഞ്ഞ കാര്യവും പ്രേംചന്ദ് ഓര്‍ത്തെടുക്കുന്നു. ടി.ദാമോദരന്റെ രചനയില്‍ പ്രിയദര്‍ശന്‍ ആലോചിച്ചിരുന്ന പ്രൊജക്ട് ആണ് കുഞ്ഞാലിമരക്കാരുടെ ജീവചരിത്രം. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍ , അഭിമന്യു , അദ്വൈതം , കാലാപാനി എന്നീ സിനിമകള്‍ ടി ദാമോദരന്റെ തിരക്കഥയിലാണ്.

'യാത്ര പറയാന്‍ വന്നത് പോലെ വന്ന് മാഷ് മടങ്ങി എന്നത് ഒരു നിമിത്തം പോലെയോ അനുഗ്രഹം പോലെയോ'

ഗൃഹലക്ഷ്മി ഫിലിംസിന്റെ ഐ.വി.ശശി-ടി.ദാമോദരന്‍ ചിത്രമായ അഹിംസയായിരുന്നു ഒരു താരം എന്ന നിലക്ക് കോള്‍ഷീട്ടില്‍ ഒപ്പിട്ട് തിയതികള്‍ വാങ്ങി, റെമ്യൂണറേഷന്‍ ഫിക്‌സ് ചെയ്ത് മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യ സിനിമ. സംവിധായകന്‍ ഐ.വി.ശശി , തിരക്കഥാകൃത്ത് ദാമോദന്‍ മാഷ് , നിര്‍മ്മാതാവ് പി.വി.ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്ന് ശമ്പളം നിശ്ചയിച്ചു: അത് 10,000 രൂപയാണ് എന്ന് പറഞ്ഞപ്പോള്‍ ലാല്‍ ഒന്ന് ചരിഞ്ഞ് ചിരിച്ചിരുന്നു എന്ന് മാഷ് പിന്നീട് ഓര്‍മ്മിപ്പിച്ചപ്പോള്‍ ലാല്‍ നിശബ്ദമായി ചിരിക്കുന്നത് പിന്നീടൊരിക്കല്‍ നേരില്‍ കണ്ടിട്ടുണ്ട് . മാഷ് സംസാരിക്കുമ്പോള്‍ ലാല്‍ കേട്ടിരിക്കുന്നതില്‍ ഒരു സ്‌റ്റൈല്‍ ഉണ്ടായിരുന്നു. അത് പി.വി.ജി. ഇന്നലെ അയച്ചു തന്ന അഹിംസയുടെ 1981/86 ചിത്രത്തിലുമുണ്ട് , 2012 ന് മാര്‍ച്ച് 27 ന് എടുത്ത ദാമോദരന്‍ മാഷിന്റെ അവസാനത്തെ ചിത്രത്തിലുമുണ്ട്. ലാലിന്റെ കാണാനായിരുന്നു ദാമോദരന്‍ മാഷിന്റെ അവസാനത്തെ യാത്ര. മാര്‍ച്ച് 27 ന് എറണാകുളത്തെത്തി ലാലിനെ കണ്ട് അന്ന് തന്നെ രാത്രി കോഴിക്കോട്ട് തിരിച്ചെത്തി . മാഷ് നേതൃത്വം കൊടുത്ത് വന്നിരുന്ന ബേപ്പൂര്‍ സ്‌പോട്‌സ് അക്കാദമിക്ക് വേണ്ടി ശിഷ്യന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു ആ യാത്ര. തൊട്ടടുത്ത ദിവസം കുളിച്ച് പുറപ്പെട്ട് ഒരു കല്യാണത്തിന് പോകാന്‍ ഒരുങ്ങി നിന്ന് മരണത്തോടൊപ്പം പോയി. പിറ്റേന്ന് മോഹന്‍ലാല്‍ വിളിച്ചു : 'എന്നോട് യാത്ര പറയാന്‍ വന്നത് പോലെ വന്ന് മാഷ് മടങ്ങി എന്നത് ഒരു നിമിത്തം പോലെയോ അനുഗ്രഹം പോലെയോ എന്നും നെഞ്ചിലുണ്ടാകും' എന്ന് .

1981 ലെ അഹിസ ഒരു തുടക്കമായിരുന്നു. അതില്‍ മമ്മൂട്ടിയും മോഹന്‍ലാലും വെള്ളിത്തിരയില്‍ ഒരുമിച്ചു. ആദ്യം പുറത്തിറങ്ങിയത് ഊതിക്കാച്ചിയ പൊന്ന് ആയിരുന്നു :1981 ഡിസംബര്‍ 11 ന് . അഹിംസ ഡിസംബര്‍ 31 നും. 1983 ല്‍ ഗൃഹലക്ഷ്മി തന്നെ ഭരതന്‍ - ടി. ദാമോദരന്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ കാറ്റത്തെ കിളിക്കൂട് എന്ന കോഴിക്കോടന്‍ സിനിമ ചെയ്തു. അത് 1991 ല്‍ അദ്വൈതം വരെ നീണ്ടു . പിന്നെയും 1994 ല്‍ കാലാപാനി ഉണ്ടായി. ഐ. വി .ശശിക്കൊപ്പം നാണയം, ഇനിയെങ്കിലും, അങ്ങാടിക്കപ്പുറത്ത്, വാര്‍ത്ത, അടിമകള്‍ ഉടമകള്‍ , അര്‍ഹത അനിലിനൊപ്പം അടിവേരുകള്‍, മണിരത്‌നത്തിന്റെ ഏക മലയാള സിനിമ , ഉണരൂ പ്രിയദര്‍ശനൊപ്പം ആര്യന്‍ , അഭിമന്യു , അദ്വൈതം , കാലാപാനി ....പിന്നെയും നടന്നതും നടക്കാത്തതുമായ എത്രയോ സ്വപ്നങ്ങള്‍.

അതില്‍ അഭിമന്യുവും കാലാപാനിയും അതത് വര്‍ഷങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാര പട്ടികയില്‍ ഉണ്ട് . അത് അവസാനം അപൂര്‍ണ്ണമായ കുഞ്ഞാലി മരയ്ക്കാര്‍ എന്ന സ്വപ്നം വരെ എത്തി . ആ സ്വപ്നം പ്രിയദര്‍ശന്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അത് മാഷിന്റെയും ആ കൂട്ടുകെട്ടിന്റെ മാത്രമല്ല ഒരായുഷ്‌ക്കാലം നീണ്ട സൗഹൃദത്തിന്റെ ഓര്‍മ്മക്കായുള്ള ഏറ്റവും വലിയ ട്രിബൂട്ട് ആയി മാറും എന്നാണ് പ്രത്യാശ.

20 പരിപാടികള്‍ക്ക് ഒരേ സമയം ആതിഥേയത്വം, ദുബായ് എക്സിബിഷന്‍ സെന്‍റർ ഒരുങ്ങുന്നു

കോമഡി ഉണ്ട്, ഹൊറർ ഉണ്ട്, ഫാന്റസി ഉണ്ട്; ഹലോ മമ്മി നാളെ മുതൽ തിയറ്ററുകളിൽ

ഹലോ മമ്മി വരുന്നത് പേടിപ്പിക്കാനല്ല, ചിരിപ്പിക്കാൻ വൈശാഖ് എലൻസ് അഭിമുഖം

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

SCROLL FOR NEXT