ഫ്ലവേഴ്സ് ചാനലിലെ ‘സ്റ്റാര്‍ മാജിക്’ എന്ന പരിപാടിയിൽ ‘ലാലപ്പന്‍’ എന്ന വാക്കുപയോഗിച്ച് മോഹൻലാലിനെ അപമാനിച്ചു എന്ന ആരോപണത്തിൽ ആരാധകരോട് ക്ഷമ ചോദിച്ച് ജോബി പാല. വിഷയത്തിൽ ഫ്ലവേഴ്സ് ടിവിയുടെ ഫേസ്ബുക് പേജിലൂടെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ജോബി. 'ജോബിക്ക് പറയാനുള്ളത്' എന്ന ക്യാപ്ഷനോടെയാണ് ചാനൽ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനല്‍ ഉടമകളായ ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ക്ഷമാപണത്തിന് പിന്നാലെയാണ് ജോബിയുടെ വീഡിയോയും പുറത്തു വന്നിരിക്കുന്നത്.
ജോബിയുടെ പ്രതികരണം:
കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക്കിലെ ഒരു എപ്പിസോഡ് ചെയ്യുകയുണ്ടായി. അതില്‍ മലയാള സിനിമയുടെ ലോകസിനിമയുടെ തന്നെ, താരരാജാവായ മോഹന്‍ലാലിന്റെ കഥാപാത്രത്തേക്കുറിച്ച് പറഞ്ഞപ്പോള്‍, മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന ആളുകളുടെ മനസിനെ വേദനിപ്പിക്കുന്ന വാക്കുണ്ടായി എന്ന് എപ്പിസോഡ് കഴിഞ്ഞതിന് ശേഷമാണ് മറ്റുള്ളവര്‍ പറഞ്ഞ് അറിഞ്ഞത്. ഒരുപാട് പേര്‍ക്ക് ദു:ഖമുണ്ടായി എന്ന് അറിഞ്ഞു. ഒത്തിരി കോളുകള്‍ എനിക്ക് വന്നു. എനിക്കും വലിയ ദു:ഖമുണ്ടായി. ഒരു സ്‌കിറ്റ് അല്ലെങ്കില്‍ കോമഡി പ്രോഗ്രാം ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കാന്‍ വേണ്ടിയാണ്. ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എല്ലാവരേയും സന്തോഷിപ്പിക്കലാണ് കലാകാരന്റെ ഉത്തരവാദിത്തമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അത് വേദനയുണ്ടാക്കുന്നതായിപ്പോയതില്‍ ഞാന്‍ ഖേദിക്കുന്നു. ക്ഷമ ചോദിക്കുന്നു. എന്നോട് ക്ഷമിക്കണമേ. ആര്‍ക്കും ഒരു വേദനയുമുണ്ടാകല്ലേ. ചെറിയ കലാകാരന് പറ്റിയ അബദ്ധമായി കാണണേ എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നന്ദി.
വിഷയത്തിൽ മുമ്പ് ചാനൽ മാപ്പ് പറഞ്ഞിരുന്നു. ‘സ്റ്റാര്‍ മാജിക്’ എന്ന പരിപാടിയില്‍ മോഹന്‍ലാലിനേക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മോഹന്‍ലാല്‍ ആരാധകരെ വേദനിപ്പിച്ചതായി അറിയുന്നു. ഞങ്ങള്‍ മോഹന്‍ലാലിന്റെ വലിയ ആരാധകരും അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കുന്നവരുമാണ്. എപ്പിസോഡിലൂടെ വികാരം വ്രണപ്പെട്ടവരോട് മാപ്പ് ചോദിക്കുന്നു. ഞങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കുന്ന ആളാണ് അദ്ദേഹം. മനപൂര്‍വ്വം അദ്ദേഹത്തെ അപമാനിക്കാന്‍ ഒരിക്കലും ശ്രമിക്കില്ലെന്നുമായിരുന്നു ചാനൽ അറിയിച്ചത്. ഫ്‌ളവേഴ്‌സ് ഫേസ്ബുക്ക് പേജിലും, സ്‌കിറ്റിലെ അണിയറക്കാരുടെ പ്രൊഫൈലിലും ആക്രമണം ശക്തമായതിന് പിന്നാലെയായിരുന്നു ഫ്‌ളവേഴ്‌സ് ചാനല്‍ ഉടമകളായ ഇന്‍സൈറ്റ് മീഡിയ സിറ്റി ക്ഷമാപണം നടത്തിയത്.