POPULAR READ

ലോകത്തെ നടുക്കിയ ഈ കേസുകള്‍ നമ്മള്‍ കുടിയേറ്റക്കാര്‍ അറിയേണ്ടതുണ്ട്

തന്റെ നാലു കുഞ്ഞുങ്ങള്‍ ഒന്നിനു പിറകെ ഒന്നായി മരണപ്പെട്ട കേസില്‍ കൊലക്കുറ്റം ചുമത്തി 2003ല്‍ ജയിലില്‍ അടക്കപ്പെട്ട് ഒടുവില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധിയെന്ന് കണ്ട് ഈയിടെ മോചിപ്പിക്കപ്പെട്ട കാതലിന്‍ ഫോള്‍ബിഗിന്റെ ദാരുണാനുഭവം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കയാണല്ലോ. സമാനമായ വിധം വിവാദമായ മറ്റൊരു സംഭവവും ഓസ്‌ട്രേലിയയില്‍ തന്നെ നടന്നിരുന്നു, നാല്‍പ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഈ രണ്ട് കേസുകളിലും നമ്മളെ പോലുള്ള കുടിയേറ്റക്കാര്‍ക്ക് ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങളുമുണ്ട്.

1980 ഓഗസ്റ്റ് 17ന് ആറും നാലും വയസുള്ള രണ്ടാണ്മക്കളും ഒന്‍പത് ആഴ്ചകള്‍ മാത്രം പ്രായമായ പെണ്‍കുഞ്ഞ് അസേറിയയുമായി നേര്‍ത്തേണ്‍ ടെറിറ്ററിയിലെ ഉളൂരുവിനടുത്ത് (Ayers Rock) ഫാമിലി ക്യാപിംഗിന് പോയതായിരുന്നു ലിന്റി ചേംബര്‍ലെയ്നും പാര്‍ട്‌നറായ മൈക്കല്‍ ചേംബര്‍ലെയ്നും. എന്നാല്‍ തുടര്‍ന്ന് നടന്ന അസാധാരണ സംഭവങ്ങള്‍ വലിയ വിവാദത്തിനും നിയമപോരാട്ടത്തിനും രാജ്യം തന്നെ രണ്ട് തട്ടില്‍ നില്‍ക്കും വിധം ചര്‍ച്ചകള്‍ക്കും വഴിവെക്കാന്‍ പോന്നവയായിരുന്നു.

കാതലിന്‍ ഫോള്‍ബിഗ്

ക്യാംപിംഗിനിടയില്‍ ഒരു ദിവസം രാത്രി അസേറിയയെ ടെന്റിനുള്ളില്‍ ബാസിനെറ്റില്‍ കിടത്തി ആണ്‍മക്കള്‍ക്ക് എന്തോ സ്‌നാക്‌സ് വാങ്ങിക്കാന്‍ പുറത്തു പോയി ഉടന്‍ തിരിച്ചുവന്ന ലിന്റി കണ്ട കാഴ്ച അവരുടെ ജീവിതത്തെ തന്നെ അട്ടിമറിച്ചു കളഞ്ഞു. ടെന്റില്‍ കിടത്തിയിരുന്ന അസേറിയയെ ഡിങ്കോ (കാട്ടുനായ) കടിച്ചെടുത്തു കൊണ്ട് ഓടുന്നത് താന്‍ കണ്ടു എന്ന് ആര്‍ത്തലച്ചു കൊണ്ട് ലിന്റി പുറത്തേക്കോടി.

നൂറുകണക്കിന് ആളുകളും പോലീസും തദ്ദേശവാസികളുമൊക്കെ കാടും സമീപപ്രദേശങ്ങളും അരിച്ചു പെറുക്കിയെങ്കിലും അവര്‍ക്ക് കുഞ്ഞിനെയോ എന്തെങ്കിലും അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. ദിവസങ്ങള്‍ക്കപ്പുറം അസേറിയയുടെ രക്തത്തില്‍ കുതിര്‍ന്ന ഗ്രോ സ്യൂട്ടടക്കം നാപ്പിയും മറ്റും കണ്ടെത്തിയെങ്കിലും കുഞ്ഞ് ധരിച്ചിരുന്നു എന്ന് ലിന്റി ബ്രാന്റിന്റെ പേര് വിവരമടക്കം പറഞ്ഞ ജാക്കറ്റ് (പ്രത്യേകം നോട്ട് ചെയ്യുക) അപ്പോഴും കിട്ടിയില്ല.

ആക്രമണകാരിയായ ഡിങ്കോയാണ് അസേറിയയുടെ തിരോധാനത്തിന് പിന്നിലെന്ന കൊറോണറുടെ (Coroner) നിഗമനത്തെ പക്ഷേ നോര്‍ത്തേണ്‍ ടെറിറ്ററി സുപ്രീം കോടതി അംഗീകരിച്ചില്ല. തുടരന്വേഷണത്തിനൊടുവില്‍ നടന്ന കുറ്റവിചാരണയില്‍ കഴുത്തിന്റെ ഭാഗമാകെ രക്തത്തിലലിഞ്ഞ ഗ്രോസ്യൂട്ടടക്കം പരിഗണിച്ച്, ലിന്റി തന്റെ കുഞ്ഞിനെ കഴുത്തറത്ത് കൊന്ന് ശരീരം എവിടെയോ മറവ് ചെയ്തതാണെന്ന തീര്‍പ്പിലെത്തിയ കോടതി അപ്പോഴേക്കും പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന അവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

Trial of the Century എന്നാണ് കോടതി തന്നെ ഈ വിചാരണയെ നിരീക്ഷിച്ചത്. ലിന്റിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയും തെളിവായി കണക്കിലെടുത്തിരുന്നു. എന്നാല്‍ അത് കാറിന്റെ അറ്റകുറ്റപ്പണിക്കിടയില്‍ തന്റെ കൈമുറിവില്‍ നിന്നുള്ളതാവാമെന്ന മൈക്കെലിന്റെ വാദങ്ങളൊന്നും വിലപ്പോയതുമില്ല. മാധ്യമ റിപോര്‍ട്ടിംഗിലെ സെന്‍സേഷണല്‍ ഫാഷനില്‍ അപ്പാടെ മുങ്ങിപ്പോയ ഈ കേസ് കോടതി വ്യവഹാരങ്ങളില്‍ മാധ്യമ ദുസ്വാധീനത്തിന്റെ ഒരു പ്രധാന ഉദാഹരണമായി പിന്നീട് അറിയപ്പെട്ടു. ലിന്റി ചേംബര്‍ലെയ്ന്‍ ക്രൂരകൊലപാതകിയായ ഒരമ്മയാണെന്നും അതല്ല അവര്‍ക്കെതിരായ തെളിവുകള്‍ അപര്യാപ്തമാണെന്നും ശക്തമായി വാദിക്കുന്ന രണ്ട് ചേരികളായി രാജ്യത്തെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വിഭജിക്കപ്പെട്ടു.

സംഭവം നടന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രദേശത്ത് കാണാതായ മറ്റൊരാള്‍ക്ക് വേണ്ടിയുള്ള തിരിച്ചിലിനിടയില്‍ ലിന്റിയുടെ മഹാഭാഗ്യമെന്നോണം അസേറിയയുടെ ജാക്കറ്റ് കണ്ടെത്തപ്പെട്ടു! ജാക്കറ്റ് തിരിച്ചറിഞ്ഞ ലിന്റിയുടെ മുന്‍വാദങ്ങള്‍ അംഗീകരിച്ച കോടതി അവരെ ജയില്‍ മോചിതയാക്കുകയും വീണ്ടും പല ഇന്‍ക്വസ്റ്റുകള്‍ക്കും നടപടിക്രമങ്ങള്‍ക്കുമൊടുവില്‍ കുറ്റവിമുക്തയാക്കുകയും ചെയ്തു. ഒടുവില്‍ നഷ്ടപരിഹാരമായി 1.3 മില്യണ്‍ ഡോളര്‍ കിട്ടിയെങ്കിലും തന്റെ നിരപരാധിത്വം പൂര്‍ണമായി തെളിയിക്കാന്‍ മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ അവര്‍ക്ക് പോരാടേണ്ടി വന്നു.

അപ്പോഴേക്കും മൂന്ന് വര്‍ഷത്തിലധികം കാലം ജയില്‍ശിക്ഷയും ഒരായുസ്സിനേക്കാള്‍ നീണ്ട മാനസികപീഡനങ്ങളും നേരിട്ടു കഴിഞ്ഞിരുന്നു ലിന്റി. ജയിലില്‍ ആയതിനാല്‍, ഇടയില്‍ തനിക്ക് ജനിച്ച കഞ്ഞിനെ അവര്‍ക്ക് ഫോസ്റ്റര്‍ കെയറിലേക്ക് കൈമാറേണ്ടിയും വന്നു.

കാതലിന്റെ കേസിലും ലിന്റിയുടെ കേസായാലും തെറ്റായ വിധിക്ക് കാരണം തെളിവുനിര്‍ണ്ണയത്തില്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ക്കുള്ള പരിമിതിയാണെന്ന വാദമുണ്ട്. എന്നാല്‍ സയന്‍സ് ഓട്ടം നിര്‍ത്തിയ ബസല്ല എന്ന പ്രാഥമികവസ്തുത ഇവിടെ വിസ്മരിക്കപ്പെടുകയാണ്. അതാത് കാലം ലഭ്യമായ വസ്തുതകളാണ് സയന്‍സ് ഉപയോഗപ്പെടുത്തുന്നത്. അതാവട്ടെ നിരന്തരം പുനര്‍നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു. കാതലീന്റെ മക്കളുടെ മരണകാരണമായ ജനിതക തകരാറുകളും ലിന്റിയുടെ കാറിലേത് കുഞ്ഞിന്റെ രക്തമായിരുന്നില്ല രക്തത്തിന് സമാനമായ രാസമിശ്രിതമായിരുന്നെന്നും സംശയലേശമെന്യേ തിരിച്ചറിയാനുള്ള പര്യാപ്തത സയന്‍സ് കൈവരിച്ചത് പിന്നീടായിരിക്കാം എന്ന് മാത്രം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രമല്ല, മാധ്യമ വാര്‍ത്താ സ്വാധീനവലയത്തിലും സമ്മര്‍ദ്ദത്തിലും പെട്ടുപോകുന്ന കോടതികള്‍ സമ്പൂര്‍ണ്ണ തെളിവുകളുടെ അഭാവത്തിലും ഒറ്റ തീര്‍പ്പിലേക്ക് എത്തുന്നതിന്റെ ന്യായാന്യായങ്ങളും ശരിതെറ്റുകളാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. അതേസമയം ലഭ്യമായ തെളിവുകളെ ഒരു തരത്തിലും അവഗണിക്കാതിരിക്കുന്നത് ഈ നിയമസംവിധാനത്തിന്റെ സവിശേഷതയായി തന്നെ കാണേണ്ടതുമുണ്ട്.

ഇനി കുടിയേറ്റക്കാരുടെ കാര്യത്തിലേക്ക് വരാം. നമ്മള്‍ കുടിയേറ്റക്കാര്‍ പലരും ചെറിയ ട്രാഫിക് നിയമലംഘനത്തില്‍ പെട്ടാല്‍ പോലും, എന്തിന്, പൊലീസ് വാഹനത്തിന്റെ സ്‌ട്രോബ് ലൈറ്റ് കണ്ടാല്‍ വരെ പാനിക് ആവുന്നവരാണ്. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ നാവില്‍ നിന്ന് വരുന്ന അബദ്ധങ്ങളാലോ വിവരണങ്ങളിലെ വ്യക്തതക്കുറവോ ഒക്കെ കാരണം കുഴപ്പത്തില്‍ ചെന്ന് ചാടാറുമുണ്ട്. പറയേണ്ടത് വ്യക്തവും കൃത്യവുമായി ഭയപ്പെടാതെ ആത്മവിശ്വാസത്തോടെ പറയാന്‍ നമ്മള്‍ പഠിക്കുക തന്നെ വേണം. ആ ഒരു സ്വഭാവഗുണം ഒരുവേള നഷ്ടപ്പെട്ടേക്കാവുന്ന ജീവിതം തന്നെ തിരിച്ചു തന്നേക്കാം.

മറ്റൊന്ന്, പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെ ഉല്ലാസയാത്രകള്‍ക്കും മറ്റും ഇറങ്ങിപ്പുറപ്പെടുന്ന ശീലമാണ്. ഈയിടെയാണ് വെള്ളച്ചാട്ടം കാണാന്‍ പോയി കുളിക്കാന്‍ ഇറങ്ങിയ അയല്‍പക്കത്തെ ഒരു വീട്ടിലെ അച്ഛനും രക്ഷിക്കാന്‍ ചാടിയ ഇരുപത്തൊന്നുകാരനായ മകനും അതിദാരുണമായി മുങ്ങി മരിച്ചത്. മുങ്ങിമരണത്തിന് സാധ്യതയുള്ള സ്ഥലമാണെന്ന വിവരം കേവലമൊരു ഗൂഗിള്‍ സെര്‍ച്ചില്‍ കിട്ടുമായിരുന്നു. ട്രിപ്പിനും ക്യാംപിംഗിനും മറ്റും പോകുമ്പോള്‍ നാട്ടിലേത് പോലെ 'ചോയിച്ച് ചോയിച്ച്' പോകാനൊന്നും വഴിയില്‍ ആരും കാണില്ലല്ലോ. പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകളും അപകടസാധ്യതകളും വന്യമൃഗസാന്നിധ്യവുമൊന്നും മുന്‍കൂട്ടി മനസിലാക്കാതെ യാത്രക്കിറങ്ങുന്ന പതിവ് അന്യരാജ്യത്ത് ജീവിക്കുന്നവര്‍ ഒഴിവാക്കണം. ഇതൊക്കെ തന്നെയാണ് ഇത്തരം കേസുകള്‍ നല്‍കുന്ന വിലയേറിയ ചില പാഠങ്ങളും!

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT