കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ലാന്‍ഡിംഗിന് തടസമായത് കനത്ത മഴ. രണ്ടാം ലാന്‍ഡിംഗ് ശ്രമത്തിലാണ് അപകടമെന്നും ഡിജിസിഎ. കരിപ്പൂര്‍ ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ കൃത്യതയോടെയും വൈദഗ്ധ്യത്തോടെയുമാണ് ലാന്‍ഡിംഗ് നടത്താറുള്ളത്. എല്ലാ ഘട്ടത്തിലും ശ്രമകരമായി ലാന്‍ഡ് ചെയ്യേണ്ട സാഹചര്യവുമുണ്ട്. അപകടത്തില്‍പ്പെട്ട വിമാനം രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി ഗ്ലോബല്‍ ഫ്‌ലൈറ്റ് ട്രാക്കര്‍ വെബ്‌സൈറ്റും സൂചന നല്‍കിയിരുന്നു. ആദ്യലാന്‍ഡിംഗ് വിജയിക്കാതെ പോയപ്പോള്‍ രണ്ടാം ശ്രമം നടത്തി. ഈ ഘട്ടത്തില്‍ വിമാനത്തിന്റെ ടയറുകള്‍ ലോക്ക് ആയെന്നും ഡിജിസിഎ വിശദീകരിക്കുന്നു.
വിമാനത്തിന് തീപിടിക്കാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി 35 അടി താഴ്ചയിലേക്ക് വിമാനം വീഴുകയും നെടുകെ പിളരുകയുമായിരുന്നു.
പൈലറ്റിന്റെ വൈദഗ്ധ്യവും ഇടപെടലുമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്ന് വ്യോമയാന വിദഗ്ധന്‍ അര്‍ജുന്‍ വെള്ളാട്ടില്‍ പറയുന്നു. എച്ച് എ എല്ലില്‍ ടെസ്റ്റ് പൈലറ്റ് ആയി വിമാനങ്ങള്‍ പരീക്ഷണപ്പറക്കലിന് ഉപയോഗിക്കുന്ന പൈലറ്റ് ആയിരുന്നു ഡിവി സാഠേ എന്നതും ദുരന്തതീവ്രത കുറയാന്‍ കാരണമായെന്നും അര്‍ജുന്‍ വെള്ളാട്ടില്‍ പറയുന്നു. അപകടത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ഡിവി സാഠേയും സഹ പൈലറ്റും മരണപ്പെട്ടിരുന്നു.