POPULAR READ

കൈരളി തലപ്പത്ത് അഴിച്ചുപണി, എക്‌സിക്യുട്ടീവ് എഡിറ്ററെ മാറ്റി; ന്യൂസ് 18 വിട്ട ശരതിന് ചുമതല

സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തില്‍ സിപിഐഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് ചാനലില്‍ അഴിച്ചുപണി. എഡിറ്റോറിയല്‍ തലപ്പത്താണ് മാറ്റം. ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് എം രാജീവ് രാജി വച്ചു. ന്യൂസ് 18 ചാനല്‍ വിട്ട് കൈരളിയിലെത്തുന്ന ശരത് ചന്ദ്രന്‍ ആണ് പുതിയ എക്‌സിക്യുട്ടീവ് എഡിറ്റര്‍. റിലയന്‍സിന്റെ നെറ്റ്‌വര്‍ക്ക് 18ന്റെ കീഴിലുള്ള ന്യൂസ് 18 കേരളത്തിലെ അസോസിയേറ്റ് എഡിറ്ററായിരുന്നു ശരത് ചന്ദ്രന്‍ ചാനലില്‍ നിന്ന് കഴിഞ്ഞ മാസം രാജിവച്ചിരുന്നു. ശരത് ചന്ദ്രന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ എക്‌സിക്യുട്ടീവ് എഡിറ്ററായി ചുമതലയേറ്റെടുക്കും. നേരത്തെ കൈരളിയില്‍ അവതാരകനായിരുന്നു ശരത്.

സ്പ്രിങ്ക്‌ളര്‍, സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും കേന്ദ്രീകരിച്ച് ചാനല്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത് പ്രതിരോധിക്കാന്‍ കൈരളി ന്യൂസിനെയും ദേശാഭിമാനിയെയും സാമൂഹ്യമാധ്യമങ്ങളെയും കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് സിപിഐഎം സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ കൈരളി ചാനല്‍ മാനേജിംഗ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് പ്രൈം ടൈം ചര്‍ച്ചകളുടെ അവതരണം ഏറ്റെടുത്തു. കൈരളി വിനോദ ചാനലില്‍ ജെബി ജംഗ്ഷന്‍ എന്ന എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമും, ഇലക്ഷന്‍-ബജറ്റ് വേളകളില്‍ കൈരളി ന്യൂസ് (പിപ്പിള്‍) വാര്‍ത്താ ചര്‍ച്ചകളും മാത്രമാണ് ജോണ്‍ ബ്രിട്ടാസ് മുമ്പ് അവതരിപ്പിച്ചിരുന്നത്.

ജോണ്‍ ബ്രിട്ടാസ് പ്രൈം ടൈം അവതാരകനായി എത്തിയതോടെ ബാര്‍ക് റേറ്റിംഗിലും കൈരളി നില മെച്ചപ്പെടുത്തിയിരുന്നു. നേരത്തെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് പിന്നിലായിരുന്ന കൈരളി ന്യൂസ് ജോണ്‍ ബ്രിട്ടാസ് അവതാരകനായതിന് പിന്നാലെ ന്യൂസ് 18, മീഡിയാ വണ്‍ ചാനലുകളെ പിന്നിലാക്കി ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ വളര്‍ച്ചാ നിരക്കില്‍ അഞ്ചാമത് എത്തിയിരുന്നു. ജോണ്‍ ബ്രിട്ടാസിനൊപ്പം ശരത് ചന്ദ്രനും പ്രൈം ടൈം ഡിബേറ്റില്‍ ഓഗസ്റ്റ് മുതല്‍ സജീവമാകുമെന്നറിയുന്നു.

മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ സിപിഐഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെയുള്ള ആരോപണങ്ങള്‍ കേന്ദ്രീകരിച്ച് ഏകപക്ഷീയമായി വാര്‍ത്തകളും സംവാദങ്ങളും നടത്തുകയാണെന്നും പാര്‍ട്ടി തലത്തില്‍ ഇതിന് പ്രതിരോധമുണ്ടാകണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നിരുന്നു. ഫേസ്ബുക്കും യൂട്യൂബും ഉള്‍പ്പെടെ നവമാധ്യമങ്ങളെ പ്രചരണത്തിനും പ്രതിരോധത്തിനുമായി കാര്യമായി ഉപയോഗിക്കണമെന്നും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കൈരളി ന്യൂസും മുഖപത്രം ദേശാഭിമാനിയും പൊതുസ്വീകാര്യത വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൈരളി ചാനലിലെ മാറ്റം എന്നറിയുന്നു. എന്‍ പി ചന്ദ്രശേഖരന്‍ ന്യൂസ് ഡയറക്ടറായി തുടരും

2019ലാണ് കൈരളിയുടെ വാര്‍ത്താ ചാനലായിരുന്ന പിപ്പിള്‍ കൈരളി ന്യൂസ് എന്ന പേര് മാറ്റിയത്. കൊച്ചിയില്‍ മലയാളംകമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തിലായിരുന്നു പേര് മാറ്റം. തുടര്‍ച്ചയായി മുന്‍നിര ജേണലിസ്റ്റുകള്‍ ഉള്‍പ്പെടെ ചാനല്‍ വിട്ടുപോയതും വാര്‍ത്താപംക്തികള്‍ക്ക് പ്രാധാന്യം കുറഞ്ഞതുമെല്ലാം ന്യൂസ് ചാനലുകള്‍ക്കിടയില്‍ കൈരളി ന്യൂസ് പിന്തള്ളപ്പെടാന്‍ കാരണമായിരുന്നു. 2011ല്‍ ജോണ്‍ ബ്രിട്ടാസ് കൈരളി എംഡി സ്ഥാനം രാജിവച്ച് ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് ആയി ചുമതലയേറ്റതും ചാനലിന് തിരിച്ചടിയായി. പിന്നീട് ഇഎം അഷ്‌റഫ് ആയിരുന്നു എക്‌സിക്യുട്ടീവ് എഡിറ്റര്‍. 2013ല്‍ മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായി ബ്രിട്ടാസ് കൈരളിയില്‍ തിരിച്ചെത്തി. പിന്നീടാണ് വാര്‍ത്താ ചാനലിന്റെ തലപ്പത്ത് എം രാജീവിനെ എക്‌സിക്യുട്ടീവ് എഡിറ്ററായി നിയമിച്ചത്.

സിപിഐഎം പ്രതിരോധത്തിലാകുന്ന ഘട്ടത്തില്‍ കൈരളി ചാനലിന് ഒന്നും ചെയ്യാനാകുന്നില്ലെന്ന നിരന്തര വിമര്‍ശനം ഉയരുന്നതും, അണികള്‍ പോലും കൈരളി ചാനലിനെതിരെ ട്രോളുകളും പരിഹാസവുമായി വരുന്ന സാഹചര്യമുണ്ടായിരുന്നു. മുതിര്‍ന്ന ജേണലിസ്റ്റുകളായ എബ്രഹാം മാത്യു, ആര്‍ സുഭാഷ് എന്നിവരുടെ രാജി ചാനലിന് ക്ഷീണമുണ്ടാക്കിയിരുന്നു.

എന്‍ പി ചേക്കുട്ടി, കെ രാജഗോപാല്‍, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവരായിരുന്നു വിവിധ കാലങ്ങളിലായി കൈരളിയുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ചുമതലകളിലുണ്ടായിരുന്നത്. തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കൈരളി ന്യൂസിന്റെ നില മെച്ചപ്പെടുത്തണമെന്ന് പാര്‍ട്ടിക്കകത്തും ആവശ്യം ശക്തമായിരുന്നു.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT