ജനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന വൈറ്റില-കൊച്ചി മേല്‍പ്പാലം തുറന്നുകൊടുത്തുന്നെന്ന് ആരോപിച്ച് അറസ്റ്റിലായ വി ഫോര്‍ കേരള പ്രവര്‍ത്തകരെ പിന്തുണച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സംഭവത്തില്‍ വി.ഫോര്‍ കേരളാ കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിരുന്നു.
പാലം പൊളിച്ചവര്‍ പുറത്ത് , പാലം തുറന്നുവെന്ന് ആരോപിക്കപ്പെടുന്നവര്‍ അര്‍ധരാത്രി അറസ്റ്റില്‍ ,സുലാന്‍ എന്നാണ് ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഡിസംബര്‍ 31 പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സമരം നടത്തിയെങ്കിലും ചൊവ്വാഴ്ച പാലം തുറന്നത് വി ഫോര്‍ കൊച്ചി(വി ഫോര്‍ കേരള) പ്രവര്‍ത്തകരല്ലെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞിരുന്നു. അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചെത്തി നിപുണ്‍ ചെറിയാനെ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ഭാര്യയും രംഗത്ത് വന്നിരുന്നു.
ജനുവരി അഞ്ചിന് വൈകിട്ട് ഏഴ് മണിയോടെയാണ് ആലപ്പുഴ ഭാഗത്ത് നിന്നുള്ള ബാരിക്കേഡ് മാറ്റി വാഹനങ്ങള്‍ കടത്തിവിട്ടത്. മറുവശം ബാരിക്കേഡിനാല്‍ അടച്ചിരുന്നതിനാല്‍ കാര്യമറിയാതെ പാലത്തില്‍ പ്രവേശിച്ച വാഹനങ്ങള്‍ കുടുങ്ങി. പൊലീസെത്തി വാഹനങ്ങള്‍ തിരിച്ചിറക്കുകയായിരുന്നു. കാറുകളും ലോറികളും ഉള്‍പ്പെടെ പാലത്തില്‍ കുടുങ്ങിയതോടെ അരമണിക്കൂറോളം ഗതാഗതക്കുരുക്കുമുണ്ടായി. പാലത്തില്‍ അതിക്രമിച്ച് കയറിയതിന് 10 വാഹന ഉടമകള്‍ക്കെതിരെയും കേസുണ്ട്.
നിപുണ്‍ ചെറിയാനെ ഫ്‌ളാറ്റ് വളഞ്ഞ് പ്രാകൃതമായ രീതിയിലാണ് അറസ്റ്റ് ചെയ്തതെന്ന് വി ഫോര്‍ കൊച്ചി-വി ഫോര്‍ കേരളാ പ്രതിനിധികള്‍ ആരോപിച്ചു. വൈറ്റില പാലം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ വി ഫോര്‍ കേരളത്തിന്റെ ബാനറില്‍ ശക്തമായ സമ്മര്‍ദ്ദമണ നടത്തിയിരുനതെന്നും സംഘടനയുട ഫേസ്ബുക്ക പേജില്‍ വ്യക്തമാക്കുന്നു. ട്രാഫിക് കൊണ്ട് വലയുന്ന പൊതുജനങ്ങള്‍ക്ക് പാലം തല്‍ക്കാലമായി തുറന്ന് കൊടുക്കുകയും പിന്നീട് സൗകര്യം പോലെ മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്താല്‍ മതിയെന്നുമാണ് സംഘടനയുടെ ആവശ്യം.അറസ്റ്റ് സര്‍ക്കാരിന്റെ ഭീരുത്വമാണ് കാണിക്കുന്നതെന്നും വി ഫോര്‍ കേരള.
സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം നിര്‍മ്മിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശ്വാശ്വതമായ പരിഹാരമുണ്ടാകുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു.
വൈറ്റില മേല്‍പ്പാലം ജനുവരി ഒന്‍പതിന് രാവിലെ ഒന്‍പതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തൊട്ടുപിന്നാലെ പതിനൊന്നിന് കുണ്ടന്നൂര്‍ മേല്‍പ്പാലവും ഗതാഗതത്തിന് തുറക്കും. കഴിഞ്ഞ ദിവസം നടത്തിയ ഭാരപരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതലയോഗം പരിശോധനാ റിപ്പോര്‍ട്ട് വിശകലനം ചെയ്തു. തുടര്‍ന്നാണ് പാലങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
വൈറ്റില ജംക്‌ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം പണിതിരിക്കുന്നത്. നിര്‍മാണച്ചെലവ് 85 കോടി രൂപ. 2017 ഡിസംബര്‍ പതിനൊന്നിന് തുടങ്ങിയ നിര്‍മാണം വിവിധ കാരണങ്ങള്‍ മൂലം പൂര്‍ത്തീകരണം കൊവിഡ് മൂലം വൈകിയിരുന്നു.
കൊച്ചി- ധനുഷ്കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളത്തിലാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം. നിര്‍മാണച്ചെലവ് എഴുപത്തിനാലര കോടി രൂപ. 2018 മാര്‍ച്ചിലാണ് കുണ്ടന്നൂര്‍ പാലത്തിന്റെ പണി തുടങ്ങിയത്