എംസി വിഎസ്ഒപി ബ്രാണ്ടി 60 മില്ലി വീതം സോഡയൊഴിച്ച് വറുത്ത നിലക്കടലയ്‌ക്കൊപ്പം മൂന്ന് തവണ വൈകീട്ട്. ഒരു ഡോക്ടര്‍, പുരുഷോത്തമന്‍ എന്ന 48 കാരന് എഴുതിയതെന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കുറിപ്പടിയുടെ ഉള്ളടക്കമിതായിരുന്നു. ആയുര്‍വേദ ഡോക്ടറായ എംഡി രഞ്ജിത്തിന്റെ പേരിലുള്ള കുറിപ്പടിസമൂഹ മാധ്യമങ്ങളില്‍ വൈറലായി. മദ്യം കിട്ടാതായതിനെ തുടര്‍ന്ന് ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് സംസ്ഥാനത്ത് ചിലര്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ക്കിടെയാണ് ഇത്തരമൊരു കുറിപ്പടി പുറത്തുവന്നത്. ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ കുറിപ്പടി നല്‍കുന്നുണ്ടെന്ന തെറ്റായ സന്ദേശം പുറത്തുവരാന്‍ ഇത് ഇടയായി.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ എക്‌സൈസ് വിഭാഗം അന്വേഷണമാരംഭിച്ചു. ഇതിന്റെ ഭാഗമായി ഡോക്ടറെ നോര്‍ത്ത് പറവൂരിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കാര്യമന്വേഷിച്ചു. അലമാരയിലിരുന്ന പഴയ ലെറ്റര്‍ ഹെഡ്ഡില്‍ താന്‍ തമാശയ്ക്ക് എഴുതി അടുത്ത സുഹൃത്തുക്കളുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയായിരുന്നുവെന്ന് ഡോക്ടര്‍ എക്‌സൈസുകാരോട് പറഞ്ഞു. അങ്ങനെയൊരു രോഗിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മാപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. സുഹൃത്തുക്കളിലാരോ തന്റെ അറിവില്ലാതെ ഇത് പുറത്തുവിട്ടതാണെന്നും ഡോ. രഞ്ജിത്ത് മൊഴി നല്‍കി.
വിഷയത്തില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച് എക്‌സൈസ് തീരുമാനമെടുത്തിട്ടില്ല. ശേഷം, സംഭവത്തില്‍ ഡോക്ടര്‍ വിശദീകരണക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. അത്തരത്തില്‍ ഒരു രോഗി തന്റെ അടുത്ത് വരികയോ അങ്ങനെയൊരു കുറിപ്പടി കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ തെറ്റായ അറിവ് നല്‍കുന്നതിനോ ഭീതി ജനിപ്പിക്കുന്നതിനോ എന്തെങ്കിലും മോശം പ്രത്യാഘാതം സൃഷ്ടിക്കുന്നതിനോ വേണ്ടി ചെയ്തതല്ലെന്നും തമാശമാത്രമാണ് ഉദ്ദേശിച്ചതെന്നും സംഭവത്തില്‍ ഖേദിക്കുന്നതായും ഡോ. രഞ്ജിത് വിശദീകരണത്തില്‍ പരാമര്‍ശിക്കുന്നു.