അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നിന്ന് ഹവായിലേക്കുള്ള വിമാനത്തില്‍ യാത്രചെയ്ത ആളുടെ ബാഗില്‍ പാമ്പ്. അത്രയധികം വലുപ്പമില്ലാത്ത പാമ്പിന്‍ കുഞ്ഞ് യാത്രക്കാരനറിയാതെ ബാക്ക് പാക്കില്‍ ഇഴഞ്ഞുകയറുകയായിരുന്നു. ഫ്‌ലോറിഡയില്‍ നിന്ന് ഹവായിലെത്തി വിമാനത്താവളത്തില്‍ ബാഗിലെ സാധനങ്ങള്‍ പരിശോധിക്കുന്നതിന് ഇടയിലാണ് പാമ്പിനെ കണ്ടെത്തിയത്.
ഹവായി ദ്വീപില്‍ പാമ്പുകള്‍ നിയമവിരുദ്ധമാണെന്നിരിക്കെയാണ് യാത്രക്കാരന്‍ ബാഗില്‍ പാമ്പുമായെത്തിയത്. അധികൃതര്‍ കണ്ടുപിടിക്കും മുമ്പ് കാര്യമറിഞ്ഞ് പരാതിപ്പെട്ടതിനാല്‍ നിയമകുരുക്കില്‍ പെട്ടില്ല. ദ്വീപായ ഹവായിയില്‍ പാമ്പിനെ ഭക്ഷണമാക്കുന്ന മറ്റ് പക്ഷിയും മൃഗങ്ങളുമില്ലാത്തതിനാല്‍ ഇവിടുത്തെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ് പാമ്പുകള്‍. അതിനാലാണ് ഹവായില്‍ പാമ്പുകള്‍ക്ക് വിലക്കുള്ളത്.
ഫ്‌ലോറിഡയില്‍ വെച്ച് യാത്രക്കാരന്റെ ബാഗില്‍ ഇഴഞ്ഞു കറിയതാകാമെന്നാണ് കരുതുന്നത്. ഹവായില്‍ നിയമകുരുക്ക് ഉണ്ടാകുമെന്ന് അറിയുന്നതിനാല്‍ ഉടന്‍ തന്നെ യാത്രക്കാരന്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
വിഷമില്ലാത്ത സതേണ്‍ ബ്ലാക്ക് റേസര്‍ വിഭാഗത്തില്‍പ്പെട്ട പാമ്പാണ് യാത്രക്കാരന്റെ ബാഗില്‍ കയറിപ്പറ്റി വിമാനയാത്ര നടത്തിയത്. ഇതാദ്യമായല്ല യാത്രക്കാരുടെ ബാഗുകളില്‍ പാമ്പുകള്‍ ഒളിച്ചു കയറുന്നത്. നേരത്തെ ഓസ്‌ട്രേലിയയില്‍ അവധി ആഘോഷിച്ച് സ്‌കോട്‌ലാന്‍ഡിലേക്ക് മടങ്ങിയ യുവതിയുടെ ബാഗില്‍ പെരുമ്പാമ്പാണ് കയറിക്കൂടിയത്. വിമാന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് യുവതി ഇത് അറിഞ്ഞത്.