സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ മകനും മദീന ഗവർണറുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി. മദീന ഗവർണർ കാര്യാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മദീന ഗവർണററ്റിലെ യാമ്പുവിൽ പുതുതായി ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനം ഗവർണർ കഴിഞ്ഞ ദിവസം നിർവ്വഹിച്ചിരുന്നു. യാമ്പു ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതിൽ യൂസഫലിയെ ഗവർണർ അഭിനന്ദിക്കുകയും ചെയ്തു.
മദീനയിൽ തുടങ്ങുന്ന ലുലു ഹൈപ്പർമാർക്കറ്റിനെപ്പറ്റിയും സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്‍റെ ഭാവി നിക്ഷേപ പദ്ധതികളെക്കുറിച്ചും യൂസഫലി ഫൈസൽ ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി.പുണ്യ നഗരമായ മദീനയുടെ ചരിത്രം വിവരിക്കുന്ന പുസ്തകമായ "മദീന" ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ യൂസഫലിക്ക് സമ്മാനിച്ചു.ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു ഗ്രൂപ്പ് ജിദ്ദ റീജിയണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ എന്നിവരും സന്നിഹിതരായിരുന്നു.