യുഎഇയില്‍ രണ്ടുദിവസമായി അനുഭവപ്പെട്ട പൊടിക്കാറ്റിന് ശമനം. തിങ്കളാഴ്ച ഉച്ചയോടെ തെളിഞ്ഞ അന്തരീക്ഷമാണ് രാജ്യത്ത് അനുഭവപ്പെട്ടത്.അതേസമയം ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുകയെന്ന നിർദ്ദേശമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
അബുദബി ഫുജൈറ എന്നിവിടങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. വാദികള്‍, താഴ്വരകള്‍, മിന്നല്‍ പ്രളയമുണ്ടാകാനിടയുളള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കുളള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ചൊവ്വാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. പൊടിക്കാറ്റിന് ശമനമുണ്ടെങ്കിലും രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുകയാണ്. 47 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തെ ശരാശരി താപനില.
അതേസമയം ദുബായ് വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ രീതിയിലേക്ക് വരികയാണെന്ന് അധികൃതർ അറിയിച്ചു. അസ്ഥിര കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളില്‍ 44 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 12 വിമാനങ്ങള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടുവെന്നും അധികൃതർ അറിയിച്ചിരുന്നു.