ദിവസവും നിരവധി രാഷ്ട്രനേതാക്കളുമായി കൂടികാഴ്ച നടത്താറുണ്ട് യുഎഇയുടെ രാഷ്ട്രപതിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. രാഷ്ട്ര നേതാവായതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണുന്നതിനും സംസാരിക്കുന്നതിനുമെല്ലാം നടപടിക്രമങ്ങളുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മൂന്ന് എമിറാത്തി തൊഴിലാളികളുമായി അദ്ദേഹം സംസാരിക്കുകയും ചിരിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ തംരംഗമായി.
അബുദബിയിലെ ബരാക്ക ആണവകേന്ദ്രം സന്ദർശിച്ചതായിരുന്നു യുഎഇ രാഷ്ട്രപതി. അവിടെയുളള മൂന്ന് തൊഴിലാളികളുമായി അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിയുന്നതും ചേർത്തുപിടിക്കുന്നതുമാണ് വീഡിയോയില്‍ ഉളളത്. തൊഴിലാളികളായ മൂന്ന് പേരും വളരെ അടുപ്പത്തോടെ രാഷ്ട്രപതിയോടെ സംസാരിക്കുന്നതാണ് കാണാനാകുക. ഷെയ്ഖ് മുഹമ്മദും തൊഴിലാളികളെ സ്നേഹത്തോടെ ആശ്ലേഷിക്കുന്നതും വീഡിയോയില്‍ കാണാം. ഹൃദയ ഹാരിയായ വീഡിയോ ഇതിനകം തന്നെ നിരവധി പേർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകഴിഞ്ഞു.
ബരാക്ക പ്ലാന്‍റിലെ യൂണിറ്റ് 3 പൂർത്തിയായവേളയില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സൂക് യോളിനും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ആണവോർജ്ജ പ്ലാന്‍റില്‍ യുഎഇ രാഷ്ട്രപതിയെത്തിയത്.സ്വദേശികളും ദക്ഷിണകൊറിയയില്‍ നിന്നുളളവരുമായ ആണവോർജ്ജ വിദഗ്ധർ ഉള്‍പ്പടെ ബരാക്കയില്‍ പ്രവർത്തിക്കുന്ന ടീം അംഗങ്ങളുമായും ഇരു രാഷ്ട്രപതിമാരും കൂടികാഴ്ച നടത്തിയിരുന്നു. 50 ലധികം രാജ്യക്കാരാണ് പ്ലാന്‍റില്‍ പ്രവർത്തിക്കുന്നത്.