ആറുമാസത്തെ ദൗത്യത്തിനായി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശത്തേക്ക് കുതിക്കുമ്പോള്‍ യുഎഇ എഴുതിചേർക്കുന്നത് ബഹികാരാശ ചരിത്രത്തിലെ പുതിയ ഉയരം. .യുഎഇ സമയം രാവിലെ 9.34 ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ–9 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവർക്കൊപ്പമാണ് നെയാദിയും ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.ദൗത്യം വിജയമായാല്‍ ദീർഘകാലം ബഹികാരാശ നിലയത്തില്‍ തങ്ങുന്ന ആദ്യ അറബ് സഞ്ചാരിയാകും സുല്‍ത്താന്‍ അല്‍ നെയാദി. യുഎഇയുടെ രണ്ടാം ബഹിരാകാശ ദൗത്യമാണിത്.
മണിക്കൂറില്‍ 28,000 കിലോമീറ്ററാണ് നെയാദിയും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ എന്‍ഡവറിനേയും വഹിച്ചുകൊണ്ട് പറക്കുന്ന റോക്കറ്റ് ഫാല്‍ക്കണ്‍ 9 ന്‍റെ വേഗത. 25 മണിക്കൂർ സഞ്ചരിച്ച് നാളെയാണ് ബഹിരാകാശ നിലയത്തിലെത്തുക. ബഹിരാകാശത്ത് 180 ദിവസത്തിനിടെ 250 ലേറെ പരീക്ഷണങ്ങള്‍ സുല്‍ത്താന്‍ അല്‍ നെയാദി നടത്തും. ഇക്കാലയളവില്‍ നിരവധി ഗവേഷണങ്ങളും നെയാദി നടത്തും. ചന്ദ്രനിലേക്കുളള മനുഷ്യന്‍റെ യാത്രയാണ് ഗവേഷണത്തിന്‍റെ പ്രധാന ലക്ഷ്യം.ഇത് കൂടാതെ സാങ്കേതിക വികസനം, ഭൗതിക ശാസ്ത്രമുള്‍പ്പടെയുളള വിഷയങ്ങളിലും പഠനങ്ങള്‍ നടത്തും.യുഎഇയിലെ വിദ്യാർത്ഥികളുമായി നെയാദി ബഹിരാകാശത്തിരുന്ന് സംവദിക്കും.
ബ്രിട്ടിനിലെ ബ്രൈറ്റ് സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട് സുല്‍ത്താന്‍ അല്‍ നെയാദി.ഓസ്ട്രോലിയയിൽ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിൽനിന്ന് ഇൻഫർമേഷൻ ആൻഡ് നെറ്റ് വർക് സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദവും.തുടർന്ന് ഡേറ്റ ചോർച്ച തടയൽ സാങ്കേതിക വിദ്യയിൽ പിഎച്ച്ഡിയും സുല്‍ത്താന്‍ അല്‍ നെയാദി സ്വന്തമാക്കിയിട്ടുണ്ട്. 20 വർഷത്തോളം സൈന്യത്തിലും സേവനം അനുഷ്ഠിച്ചു. . ബഹിരാകാശ പര്യവേഷണത്തിനായി രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയെന്നുളളതാണ് നെയാദിയുടെ ലക്ഷ്യം. ബഹിരാകാശ നിലയത്തിൽ ഫ്ലൈറ്റ് എൻജിനീയറായും സുൽത്താൻ അൽ നെയാദി സേവനമനുഷ്ഠിക്കും..
2019 ലാണ് യുഎഇയുടെ ഹസ അല്‍ മന്‍സൂരി ബഹിരാകാശ നിലയത്തിലേക്ക് പോയത്. അന്ന് ഹസയ്ക്കൊപ്പം പരിശീലനം പൂർത്തിയാക്കിയിരുന്നു സുല്‍ത്താന്‍ അല്‍ നെയാദിയും. ഏതെങ്കിലും കാരണവശാല്‍ ഹസയ്ക്ക് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരക്കാരനായാണ് അന്ന് നെയാദി ഒരുക്കങ്ങള്‍ പൂർത്തിയാക്കിയത്.എന്നാല്‍ മാർച്ച് രണ്ടിന് പുതിയ ദൗത്യവുമായാണ് നെയാദി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്..