കേരളത്തില്‍ പ്രേക്ഷക ശ്രദ്ധനേടി മുന്നേറുന്ന ചിത്രം ടു മെന്‍ ഗള്‍ഫിലെ പ്രേക്ഷകരിലേക്കെത്തുന്നു. ഇർഷാദും എം എ നിഷാദും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ടു മെന്‍ ഗള്‍ഫ് പശ്ചാത്തലമായൊരുങ്ങിയ ചിത്രമാണ്. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ വ്യത്യസ്തരായ രണ്ടുപേർ നടത്തുന്ന യാത്രയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. യുഎഇയിലാണ് ചിത്രത്തിന്‍റെ 90 ശതമാനം ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. യാത്രയുടനീളമുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളിലൂടെ പ്രേക്ഷകനെയും കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നുളളതാണ് ചിത്രത്തിന്‍റെ വിജയത്തിന്‍റെ കാതല്‍.
രണ്ട് തലമുറയില്‍ പെട്ട കഥാപാത്രങ്ങളായ അബൂക്കയായി സംവിധായകനായ എം എ നിഷാദും സജ്ഞയ് മേനോനായി ഇർഷാദ് അലിയും തിളങ്ങി. അബുക്കയായി മനസിലെത്തിയത് എം എ നിഷാദ് തന്നെയാണെന്നും ഇർഷാദിലേക്ക് എത്തിയത് അദ്ദേഹത്തിലൂടെയാണെന്നും സംവിധായകനായ കെ സതീഷ് പറഞ്ഞു. എം എ നിഷാദ് അഭിനയത്തില്‍ സ്വന്തം സ്ഥാനമുറപ്പിക്കുന്ന സിനിമയാകും ടുമെന്‍ എന്നുറപ്പ്. സാധാരണപ്രവാസിയുടെ പ്രതീകമായ അബൂക്കയുടെ ഒരു ദിവസത്തെ ജീവിതമാണ് സിനിമയുടെ പ്രമേയം. പ്രവാസം അനുഭവിച്ച ഓരോരുത്തർക്കും അബൂക്കയെപോലൊരാളെ പരിചയമുണ്ടാകും, എം എ നിഷാദ് പറഞ്ഞു. പ്രേക്ഷകന്‍റെ മുന്‍വിധിക്ക് പിടിതരാതെ മുന്നോട്ടു പോകുന്ന സജ്ഞയ് മേനോനായി ഇർഷാദ് അലി സ്ക്രീനില്‍ പകർന്നാട്ടം നടത്തി.
ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ എം എ നിഷാദിനും ഇർഷാദ് അലിക്കുമൊപ്പം നടി അനുമോള്‍,സോഹന്‍ സീനുലാല്‍,മിഥുന്‍രമേഷ്, കൈലാഷ്,ഡോണി ഡാർവിന്‍, തുടങ്ങിയവരും വാർത്താസമ്മേളത്തില്‍ പങ്കെടുത്തു. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത് സിദ്ധാർത്ഥ് രാമസ്വാമിയാണ്.റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകിയിരിക്കുന്നു.ഡി ഗ്രൂപ്പിന്‍റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.സ്റ്റാർ ഹോളിഡേ ഫിലിംസാണ് ചിത്രം ഗള്‍ഫില്‍ വിതരണത്തിന് എത്തിക്കുന്നത്.