Gulf

യുഎഇയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന സിറിയൻ ഭൂകമ്പ ബാധിതരെ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു

സിറിയയിലെ ഭൂകമ്പത്തിൽ പരിക്കേറ്റ് അബുദബിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്‍റ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. ബുർജീൽ മെഡിക്കൽ സിറ്റി, ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന ഭൂകമ്പ ബാധിതരെയാണ് അദ്ദേഹം സന്ദർശിച്ചത്.

സിറിയയിലും തുർക്കിയിലും ഭൂകമ്പത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനുള്ള യുഎഇയുടെ മാതാവ് ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറകിന്‍റെ നിർദ്ദേശ പ്രകാരമാണ് ചികിത്സയ്ക്കായി നിരവധിപേരെ യുഎഇയിലെ ആശുപത്രികളിൽ എത്തിച്ചിരുന്നത്. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയും സാഹചര്യങ്ങളും ബന്ധുക്കളോടും മെഡിക്കൽ വിദഗ്ധരോടും അദ്ദേഹം ചോദിച്ചു മനസിലാക്കി. പരിക്കേറ്റവർക്ക് മികച്ച ചികിത്സയ്‌ക്കൊപ്പം ആരോഗ്യം വീണ്ടെടുക്കാനും പുനരധിവാസത്തിനുള്ള പദ്ധതികളും ലഭ്യമാക്കും. സിറിയയിലെയും തുർക്കിയിലെയും ദുരന്ത ബാധിതർക്ക് സഹായം നൽകാനുള്ള ഒരവസരവും യുഎഇ പാഴാക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ദുരന്തബാധിതർക്ക് സഹായമെത്തിക്കാനുള്ള സംരംഭത്തിൽ പങ്കാളികളായവർക്ക് നന്ദി പറഞ്ഞു

മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഡോ. മൈത ബിന്ദ് സലിം അൽ ഷംസി, ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹെൽത്ത് മേധാവി മൻസൂർ അൽ മൻസൂരി, ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ സന്ദർശനത്തിൽ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനെ അനുഗമിച്ചു. സിറിയയിലെ ഭൂകമ്പത്തെ അതിജീവിച്ച പത്തുവയസ്സുകാരി ഷാം ഷെയ്ഖ് മൊഹമ്മദിനേയും സഹോദരൻ ഒമറിനെയും സന്ദർശിക്കാനാണ് അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്‍റ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിയത്.

ഭൂകമ്പാനന്തരം 46 മണിക്കൂറിനു ശേഷമാണ് ഷാമിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നു രക്ഷപ്പെടുത്തിയത്. തുടർന്ന് തുർക്കിയിലേക്ക് മാറ്റിയിരുന്നു. എമിറേറ്റ്സ് റെഡ് ക്രെസന്‍റും ബുർജീൽ ഹോൾഡിംഗ്സും കൈകോർത്ത പ്രത്യേക മെഡിക്കൽ യജ്ഞത്തിലൂടെ ഇസ്‌താംബുളിലേക്ക് അയച്ച മെഡിക്കൽ സംഘത്തോടൊപ്പം ഷാമും സഹോദരൻ ഒമറും അബുദബിയിലെത്തിയത്. 12 മണിക്കൂർ നീണ്ട മിഷനിൽ ഡോക്ടർമാരും പാരാമെഡിക്കൽ വിദഗ്ദ്ധരുമടങ്ങിയ ആറംഗ സംഘമാണ് പങ്കെടുത്തത്. ചൊവ്വാഴ്ച രാത്രി സ്വകാര്യ വിമാനത്തിൽ യാത്രയായ സംഘം കുട്ടികളുമായി ബുധനാഴ്ച രാവിലെ തിരിച്ചെത്തി. ഉടനെ ഇരുവരെയും ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

അവശിഷ്ടങ്ങൾക്കിടയിൽ നിന്നു തന്നെ രക്ഷപ്പെടുത്തിയ സിറിയൻ സന്നദ്ധ സംഘടന വൈറ്റ് ഹെൽമെറ്റ്സിലെ അംഗങ്ങൾക്കൊപ്പം പാട്ടുമൂളുന്ന ഷാമിന്റെ വീഡിയോ വൈറൽ ആയിരുന്നു. ദുരന്തമുഖത്തു നിന്നുള്ള പ്രതീക്ഷയുടെ ശബ്ദമായാണ് ലോകം ഷാമിനെ കേട്ടത്. ഗുരുതര പരിക്കുകൾ കാരണം തുർക്കിയിലേക്ക് മാറ്റാൻ ആദ്യം അനുമതി ലഭിച്ചവരാണ് ഷാമും ഒമറും. ഇവർക്കൊപ്പം പിതാവും മറ്റൊരു സഹോദരി മുൻതാഹയും രക്ഷപ്പെട്ടു. അമ്മയ്ക്കും ഒരു സഹോദരിയ്ക്കും ജീവൻ നഷ്ടമായി.

ഗുരുതര പരിക്കുകളും ചികിത്സ വൈകിയതും കാരണം അപകടനിലയിലായിരുന്ന ഷാമിനെയും ഒമറിനെയും ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിയ ആദ്യ ദിനം തന്നെ ഡോ. മൈക്കിൾ ഒഗ്ലുവിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അടിയന്തര ശാസ്ത്രക്രിയകൾക്ക് വിധേയമാക്കിയിരുന്നു. ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സഹായകരമായ ഇടപെടലിന് യുഎഇ അധികൃതർക്ക് നന്ദി പറയുകയാണ് കുടുംബം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT