ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ പങ്കെടുക്കുന്ന പ്രസാധകരില്‍ നിന്ന് 25 ലക്ഷം ദിർഹത്തിന്‍റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിർദ്ദേശം. 139 പ്രസാധകരാണ് വായനോത്സവത്തില്‍ പങ്കെടുക്കുന്നത്. എല്ലാത്തവണയും വായനോത്സവത്തിലും പുസ്തകമേളയിലും പങ്കെടുക്കുന്ന പ്രസാധകരില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാന്‍ സുല്‍ത്താന്‍ നിർദ്ദേശിക്കാറുണ്ട്. പുസ്തക വ്യവസായത്തെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്. ഷാർജയിലെ ലൈബ്രറികളിലേക്കാണ് ഈ പുസ്തകങ്ങള്‍ നല്‍കുക.
മലയാള പുസ്തകങ്ങള്‍ കുറവ്
ഇത്തവണ മലയാള പുസ്തകങ്ങളുടെ കുറവ് സ്റ്റാളുകളില്‍ അനുഭവപ്പെട്ടു. യുഎഇയിലെ കുട്ടികള്‍ക്ക് മലയാള പുസ്തകങ്ങളോടുളള ഇഷ്ടം കുറയുന്നത് വില്‍പനയില്‍ പ്രതിഫലിക്കുന്നതുകൊണ്ടാണ് മലയാള പുസ്തകങ്ങള്‍ സ്റ്റാളുകളിലേക്ക് എത്തിക്കാന്‍ പ്രസാധകരും മടിക്കുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം മാറിയതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി വായനോത്സവത്തിലേക്ക് എത്താന്‍ സാധിച്ചുവെന്ന് ഡിസി ബുക്സ് പ്രതിനിധിയായ സഞ്ജയ് പറയുന്നു.
മെയ് 11 ആരംഭിച്ച 12 ദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവത്തിന് ഞായറാഴ്ച തിരശീല വീഴും.