Gulf

യുഎഇയുടെ 'ബഹിരാകാശ സുല്‍ത്താന്‍'

ആറുമാസക്കാലത്തെ ദൗത്യം പൂർത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും തിരിച്ചെത്തിയ സുല്‍ത്താന്‍ അല്‍ നെയാദിയെ സ്വീകരിക്കാന്‍ ഒരുങ്ങി യുഎഇ. വിവിധ എമിറേറ്റുകളില്‍ ഇതിനകം തന്നെ സ്വീകരണ പരിപാടികള്‍ സജ്ജമാക്കി കഴി‍ഞ്ഞു. തിങ്കളാഴ്ച രാവിലെ 8.17 നാണ് ഫ്ളോറിഡ തീരത്ത് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം സുരക്ഷിതമായി ഇറങ്ങിയത്. 186 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയായിരുന്നു നെയാദിയുടെയും സംഘത്തിന്‍റെയും മടക്കം. തുടർന്ന് രണ്ടാഴ്ച ഫ്ലോറിഡയില്‍ ആരോഗ്യനിരീക്ഷണത്തിന് ശേഷമാണ് സുല്‍ത്താന്‍ യുഎഇയിലേക്ക് മടങ്ങിയെത്തുക.

"ഭൂമിയില്‍ നിന്ന് സ്പേസിലേക്ക്, തിരിച്ചും. ഗുരുത്വാകർഷണത്തോടെ എഴുതുന്നു, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തില്‍ നിന്ന് നന്ദി, ആരോഗ്യവാനായിരിക്കുന്നു, എല്ലാവരെയും ഉടനെ കാണാമെന്ന പ്രതീക്ഷയോടെ " സുല്‍ത്താന്‍ ബുധനാഴ്ച എക്സില്‍ കുറിച്ചു. നിരവധി പേരാണ് നെയാദിയുടെ കുറിപ്പിന് മറുപടി നല്‍കിയിരിക്കുന്നത്.

അഞ്ച് വർഷത്തെ പരിശീലനത്തിന് ശേഷമാണ് സുല്‍ത്താന്‍ അല്‍ നെയാദി ഐഎസ്എസിലേക്ക് പോയത്. ആദ്യ ബഹിരാകാശ സഞ്ചാരിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാനുളള പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു നെയാദി. അന്ന് ഹസ അല്‍ മന്‍സൂരിയാണ് ഐഎസ്എസിലേക്ക് പോയത്. ഏതെങ്കിലും കാരണവശാല്‍ ഹസയ്ക്ക് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരക്കാനാകാനായിരുന്നു നെയാദിയുടെ ഒരുക്കം. എന്നാല്‍ ഹസ വിജയകരമായി ദൗത്യം പൂർത്തിയാക്കി. തൊട്ടുപിന്നാലെയാണ് സുല്‍ത്താന്‍ അല്‍ നെയാദി ദീർഘകാല ദൗത്യത്തിനായി ഐഎസ്എസിലേക്ക് പോവുകയാണെന്ന് യുഎഇ പ്രഖ്യാപിച്ചത്.

അലൈനില്‍ നിന്ന് 30 കിലോമീറ്റർ മാറി തെക്ക് കിഴക്കുളള ഉം ഗഫയില്‍ 1981 മെയ് 23 നാണ് സുല്‍ത്താന്‍ അല്‍ നെയാദി ജനിച്ചത്. അച്ഛന്‍ സൈനികനായതുകൊണ്ടുതന്നെ നെയാദിയും ആ വഴി തെരഞ്ഞെടുത്തു. പ്രൈമറി സെക്കന്‍ററി വിദ്യാഭ്യാസം പൂർത്തിയാക്കിയത് അലൈനില്‍ തന്നെ. യുകെയിലെ ബ്രിഗ്ടണിലെ സർവ്വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍സ എഞ്ചിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. അതിനുശേഷം യുഎഇ ആംഡ് ഫോഴ്സില്‍ ജോലിയില്‍ പ്രവേശിച്ചു. 2008 ല്‍ ഗ്രിഫിത്ത് സർവ്വകലാശാലയില്‍ നിന്ന് ഐടിയില്‍ ബിരുദാനന്തര ബിരുദം നേടി. ഐടിയില്‍ പിഎച്ച്‍ഡിയും നേടിയിട്ടുണ്ട് നെയാദി.

യുഎഇയുടെ ബഹിരാകാശ ദൗത്യത്തിനായി 2018 സെപ്റ്റംബർ 3 നാണ് അല്‍ നെയാദിയും ഹസ അല്‍ മന്‍സൂരിയും മോസ്കോയിലെ സ്റ്റാർ സിറ്റിയിലുളള യൂറി ഗഗാറിന്‍ കോസ്മോനട്ട് കേന്ദ്രത്തില്‍ പരിശീലനം ആരംഭിച്ചത്. നാസ,യൂറോപ്യൻ സ്‌പേസ് ഏജൻസി,ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി,എന്നിവയുമായുള്ള യുഎഇയുടെ പങ്കാളിത്ത കരാറിന്റെ ഭാഗമായി ജർമ്മനിയിലെ ഹൂസ്റ്റണിലെ ടെക്‌സസിലും കൊളോണിലും അവർ പരിശീലനം നേടി. വിവിധ മേഖലകളിലായി 90 ലധികം കോഴ്സുകളില്‍ ഇരുവരും പങ്കെടുത്തു. 1400 മണിക്കൂറിലധികം പരിശീലനം നടത്തി. 20 മാസത്തെ തുടർച്ചയായ പരിശീലനത്തിന് ശേഷം ഇരുവർക്കും ബഹിരാകാശ ദൗത്യത്തിന് യോഗ്യരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ബാഡ്ജ് നാസ നല്കി. ഹസ അല്‍ മന്‍സൂരിയുടെ ബഹിരാകാശ യാത്രയ്ക്ക് ശേഷം യുഎഇയുടെ ബഹിരാകാശ പര്യവേക്ഷണത്തിന്‍റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ആറുമാസത്തെ ദൗത്യം പ്രഖ്യാപിച്ചത്.

1970 കളില്‍ യുഎഇയുടെ സ്ഥാപകപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ കണ്ട ബഹിരാകാശ സ്വപ്നമാണ് ആകാശ യാത്രകളിലേക്കുളള യുഎഇയുടെ അടിത്തറ. അപ്പോളോ ദൗത്യത്തിലെ യാത്രികരുമായുളള അദ്ദേഹം കൂടികാഴ്ച നടത്തിയിരുന്നു. 1973 ല്‍ അപ്പോളോ 17 ല്‍ ചന്ദ്രന്‍റെ ടോറസ് ലിട്രോ വാലിയില്‍ നിന്ന് ശേഖരിച്ച പാറക്കഷണം പ്രസിഡന്‍റ് നിക്സണ്‍ ഷെയ്ഖ് സായിദിന് സമ്മാനിച്ചിരുന്നു. അത് ഇപ്പോഴും അലൈനിലെ മ്യൂസിയത്തില്‍ കാണാം. മനുഷ്യ പ്രയത്നത്തിന്‍റെ ഐക്യത്തിന്‍റെ പ്രതീകം എന്നാണ് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നോട്ട് നടക്കാന്‍ ഏറെ ദൂരമുണ്ട് യുഎഇയ്ക്ക്. എന്നാലും എന്തുകൊണ്ടാണ് യുഎഇയുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഇത്രയധികം ആഘോഷിക്കപ്പെടുന്നത് എന്നതിന്‍റെ ഉത്തരം ഇനി വരാനിരിക്കുന്ന ദൗത്യങ്ങളിലൂടെ രാജ്യം നല്‍കുമെന്നുറപ്പ്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT